
അൾത്താര വിൽക്കാനുണ്ട്.
CTതങ്കച്ചനാണ് സുധി അന്ന എന്ന കൂട്ടുകാരനെ പരിചയപ്പെടുത്തിത്തന്നത്.പിന്നീടാണറിഞ്ഞത് .
സുധി നല്ലൊരു വരകാരൻ, ഫോട്ടോ ഗ്രാഫർ, സിനി ഡയറക്ടർ ആണെന്നൊക്കെ.സുധിയുടെ ഹല്ലേലൂയ എന്ന സിനിമ ഇറങ്ങിയ കാലത്ത് ഞാൻ കണ്ടില്ല.പക്ഷെ യൂ ടുബിൽ അതു കണ്ടു. നല്ലൊരു സുഖമുള്ള സിനിമ .ഇടയ്ക്ക് സുധി ഫെയ്സ് ബുക്കിൽ പടങ്ങൾ കോറിയിട്ടപ്പോൾ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു ആ വരകളെ.ലോഗോസ് ‘അൾത്താര വിൽക്കാനുണ്ട് ‘ എന്ന എൻ്റെ പുതിയ കഥാസമാഹാരം ഇറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
പക്ഷെ കവർ എനിക്കു പ്രശ്നമായിരുന്നു.എൻ്റെ ഫെർണാണ്ടസ് അച്ചനെ സുധിയുടെ ഒരു ഫെയിസ് ബുക്ക് പോസ്റ്റിൽ കണ്ടു.
ഫെർണാണ്ടസ് എന്ന മനുഷ്യനിലെ ക്രിസ്തു .ക്രിസ്തുവിൻ്റെ വേദനകൾ ജീവിതത്തിൽ മുൾമുടിയായി ചുമക്കുന്ന ഫെർണാണ്ടസ്അച്ചൻ.വളരെ കൊല്ലങ്ങൾ മുമ്പ് നാനാ പടേക്കർ എന്ന നടനെ വെച്ച് ഈ കഥ ഒരു സിനിമ പ്രോജക്ടായി വന്നു.പക്ഷെ ചില സങ്കേതിക കാരണങ്ങളാൽ അന്ന് അതു നടന്നില്ല. 90 വയസിനുമേൽ ഉള്ള ഒരു വൃദ്ധ വൈദീകൻ്റെ കുരിശാർന്ന ജീവിതം നാന അഭിനയിച്ചെങ്കിൽ അതെൻ്റെ ജീവിതത്തിൽ ഒരു മൈൽ കുറ്റിയാകുമായിരുന്നു.
തികച്ചും മതവും പള്ളിയും ചോദ്യം ചെയ്യപ്പെടുന്ന കഥ. ഒരു വൈദീകൻ അൾത്താര വിൽക്കാനുണ്ട് എന്ന് പത്രപ്പരസ്യം കൊടുക്കുമ്പോൾ മത സമൂഹത്തിൽ ഉണ്ടാക്കുന്നഞെട്ടൽ.പ്രൊഡ്യൂസറായി വന്നയാൾ തന്ന ആയിരം രൂപ ടോക്കൺ അഡ്വാൻസിൽ മാത്രം ഒതുങ്ങി ആ സിനിമ തീർന്നു.പിന്നീടു വന്ന പ്രൊഡ്യൂസറിന് പള്ളിയെ പേടി.എന്തായാലും അതു നടന്നില്ല ചുരുക്കം.
ഈ കഥ എന്നെ എഴുതിപ്പിച്ചത് മലയാള മനോരമയിലെ മുൻ പത്രാധിപ സുഹൃത്ത് ജെക്കോബിയാണ്.
എറണാകുളം വെണ്ടുരുത്തി പാലത്തിനടുത്തുള്ള ഖട്ടാരി ഭാഗിൽ വർഷങ്ങൾ പഴക്കമുള്ള ഒരുപള്ളി പാക്കിസ്ഥാൻ യുദ്ധ ആക്രമണത്തിൽ ഷെല്ലു വീണ് തകർന്നു.പാക്കിസ്ഥാൻ സൈന്യം നേവൽ ബേസ് തകർക്കാനിട്ട് പ്രഹരം ഏറ്റത് ഖട്ടാരി ഭാഗിലെ ആ ക്രിസ്ത്യൻ പള്ളിക്കായിരുന്നു. ജെക്കോബി തന്ന അറിവിലാണ് ഈ കഥയുടെ ആശയം മനസിലേക്ക് വീണത്.അവിടെ നിന്നാണ് ഫെർണാണ്ടസ് അച്ചൻ്റെ കുരിശു യാത്രയുടെ തുടക്കം.വെണ്ടുരുത്തിപ്പാലത്തിലൂടെ അദ്ദേഹം പിച്ചയാചിച്ചു നടക്കുന്നത് ഞാൻ സ്വപ്നം കണ്ടു.
പുസ്തകത്തിന് കവർ ചെയ്യുമ്പോൾഅത് കെട്ടുകാഴ്ചയുള്ള ഭ്രമിപ്പിക്കുന്നഒരു കവർ ആകരുതെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.വളരെ ലളിതമായ ഒരു കവർ.അതു സാധിച്ചു.സുധി അന്നയുമായി അവൻ്റെ വീട്ടിലിരുന്ന് അതു ഞാൻ ചെയ്തു.
പണ്ടു കാലത്ത് അച്ചടിച്ചുവന്നപതിമൂന്ന് കഥകൾ.നന്ദി സുരേഷ് പരിയാത്തിനോട്.അവനാണ് എൻ്റെ കഥകൾ എവിടെ നിന്നെങ്കിലും തപ്പി എടുത്തു കൊണ്ടുവരുന്നത്.സുരേഷില്ലായിരുന്നുവെങ്കിൽ എൻ്റെ കഥകൾ എവിടേയോ മൺമറഞ്ഞു പോകുമായിരുന്നു.
ലോഗോസിന് ഈ പുസ്തകം കൊടുക്കാൻ എൻ്റെ ആത്മ സുഹൃത്ത് പി.എഫ് മാത്യൂസ് ആണ് സജസ്റ്റ് ചെയ്തത്.മാത്യൂസ് പറഞ്ഞില്ലങ്കിൽ എന്നിലെ മടിയൻ ആമ തല ഉള്ളിലേക്കു വലിക്കും പോലെ വലിച്ച് ഇരുന്നു പോകുമായിരുന്നു.എന്തായാലും ഞാൻ പ്രൂഫ് വേഗം നോക്കിക്കൊടുത്താൽ എൻ്റെ പുതിയ പുസ്തകം ഇറങ്ങും.
40 വർഷം കഥയെഴുതിയ ആൾക്ക് ആകെ മൂന്ന് കഥാസമാഹാരങ്ങളിലായി 46 കഥകൾ.
ഈ മാസം വായനപ്പുര ചെവിട്ടോർമ്മ എന്ന എൻ്റെ നോവലിൻ്റെ മൂന്നാം പതിപ്പ് ഇന്നലെ ഇറക്കി.

ജോർജ് ജോസഫ്.കെ.