
നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.-മൂഖ്യമന്ത്രി
നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.13 ജില്ലകളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുമായി കഴിഞ്ഞ എട്ട് ദിവസം സംവദിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച നിർദ്ദേശങ്ങളാണ് ഓരോ വേദികളിലും ഉയർന്നത്. പല മേഖലകളിലും നൂതന ആശയങ്ങൾ ഉയർന്നുവന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ അടക്കം സംവാദങ്ങളിൽ പങ്കാളികളായി പുതിയ നിർദ്ദേശങ്ങൾ ഉയർത്തിയത് ആവേശകരമായ അനുഭവമായിരുന്നു.
സർവതലസ്പർശിയായ സമഗ്രവികസനം എന്ന നയം തുടരണമെന്ന അഭിപ്രായമാണ് എല്ലായിടത്തും ഉയർന്നുവന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്കും വികസനം സാധ്യമാക്കുക എന്ന നയം കൂടുതൽ ശക്തമായി തുടരുമെന്ന ഉറപ്പാണ് എല്ലായിടത്തും നൽകിയത്. ഒപ്പം വികസനപ്രവർത്തനങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു.
അടുത്ത അഞ്ചുവർഷം നാടിന്റെ മുന്നേറ്റത്തിനുതകുന്ന വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്താൻ ഈ പര്യടനം സഹായകരമായി എന്നതിൽ സംശയമില്ല. വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിച്ച, കേരളപര്യടനം വിജയിപ്പിച്ച എല്ലാവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഇടുക്കി ജില്ലയിലെ അഭിപ്രായമറിയാൻ ഉടൻ തന്നെ ഇടുക്കിയിൽ എത്തും. ഈ പര്യടനത്തോടെ സംവാദങ്ങൾ അവസാനിപ്പിക്കാനല്ല തീരുമാനം. ഈ പര്യടനത്തിന്റെ ഭാഗമായി നിരവധി പേരെ കാണാൻ ബാക്കിയുണ്ട്. അവർക്കെല്ലാം അഭിപ്രായം അറിയിക്കാൻ സംവിധാനം ഒരുക്കും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ അറിയിക്കും.
മൂഖ്യമന്ത്രി പിണറായി വിജയൻ