
പുല്ലരിയുന്ന വീഡിയോ വൈറലായി
നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട്
Web Desk MinThursday, November 05, 20200
ബേഡകം: (www.kasargodvartha.com 05.11.2020) നാട്ടിന്‍പുറങ്ങളില്‍ പലരും മാസ്‌ക്ക് ധരിക്കാതെ അലസരായി നടക്കുമ്പോള്‍ മസ്‌ക്ക് ധരിച്ച് റോഡരികില്‍ നിന്നും പുല്ലരിയുകയായിരുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാരായണിയമ്മയെന്ന വീട്ടമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വിഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഈ വീഡിയോ ശ്രദ്ധയില്‍പെട്ട ബേഡകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി ഐ ഉത്തംദാസ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെയും കൂട്ടി നാരായണി അമ്മയുടെ വീട്ടിലെത്തുകയായിരുന്നു.
അപ്രതീക്ഷിതമായി വ്യാഴാഴ്ച വൈകുന്നേരം നാരായണിയമ്മയുടെ വീട്ടിലെത്തിയ പോലീസുദ്യോഗസ്ഥരെ കണ്ട് നാരായണിയമ്മ ആദ്യം അമ്പരന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ സന്ദേശം നല്‍കിയ നാരായണിയമ്മയെ സി ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
ജനമൈത്രി പോലീസിന്റെ ഉപഹാരമായി മാസ്‌ക്കും ഗ്ലൗസും കിറ്റും നല്‍കി.
തറവാടായ തൊണ്ടച്ചന്‍ ദൈവത്തിന്റെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ വെച്ച് കിട്ടിയ അംഗീകാരത്തിന് നാരായണിയമ്മ പോലീസുദ്യോഗസ്ഥര്‍ക്ക് കൈകൂപ്പി നന്ദി പറഞ്ഞു.
സി ഐ ഉത്തംദാസിനൊപ്പം ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായര്‍, സുകുമാരന്‍ കാടകം, രാജേഷ് കരിപ്പാടകം, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഭാസ്‌ക്കരന്‍ ബേത്തൂര്‍പാറ എന്നിവരും, മാഷ് വിഷനിലെ വിജയന്‍ ശങ്കരന്‍ പാടിയും നാരായണി അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു.