
യാക്കോബായ സുറിയാനി സഭയ്ക്ക് സഹായവാഗ്ദാനവുമായി ലത്തീൻ കത്തോലിക്കാ സഭ.
പുത്തൻകുരിശ് ● ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പ്രദേശങ്ങളിൽ യാക്കോബായ സുറിയാനി സഭയ്ക്ക് സഹായവാഗ്ദാനവുമായി കേരള ലത്തീൻ കത്തോലിക്കാ സഭ. സഭയുടെ കൊച്ചി മെത്രാൻ റൈറ്റ് റവ. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലാണ് ലത്തീൻ കത്തോലിക്കാ സഭയുടെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
“ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തിൽ യാക്കോബായ സമൂഹത്തിന് കൂദാശാ കർമ്മങ്ങൾ നടത്താൻ ആവശ്യമുള്ളിടങ്ങളിൽ ലത്തീൻ സഭയിലെ ദൈവാലയങ്ങളിൽ സൗകര്യം ഒരുക്കാൻ തയ്യാറാണ് ” – ബിഷപ്പ് ജോസഫ് കരിയിൽ കത്തിൽ പറയുന്നു.
