
ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി
കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പ ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി.
ലത്തീൻ സഭയിലെ ആർച്ച്ബിഷപ്പുമാരുടെ സ്ഥനിക വസ്ത്രമാണ് കഴുത്തിൽ ധരിക്കുന്ന പാലിയം.
കഴിഞ്ഞ നാല് വർഷമായി വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി പിയർബത്തിസ്ത്ത അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ സേവനം ചെയ്ത് വരികയായിരുന്നു.
2016 ജൂൺ മാസം മുതൽ കഴിഞ്ഞ ദിവസം വരെയും പാപ്പ ജറുസലേമിലെ പാത്രിയർക്കീസ് ആയി ആരെയും നിയമിച്ചിരുന്നില്ല. ഒന്നാം കുരിശ് യുദ്ധത്തിന് ശേഷമാണ് ജറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റ് ആരംഭിച്ചത്, പിന്നീട് കുറെ നൂറ്റാണ്ടുകളിൽ ഈ സ്ഥാനിക പാത്രിയർക്കീസ് താമസിച്ചിരുന്നത് റോമിൽ ആയിരുന്നു. എന്നാൽ പിയുസ് 9 പാപ്പയാണ് ജറുസലേമിലെക്ക് പാത്രിയർക്കീസിന്റെ താമസം മാറ്റിയത്.
ആദിമ ക്രൈസ്തവ സഭ ഉണ്ടായിരുന്ന സ്ഥലങ്ങളിലായിരുന്നു ആദിമ അഞ്ച് ലാറ്റിൻ പാട്രിയാർകേറ്റുകൾ ഉണ്ടായിരുന്നത്. എന്നാൽ ജറുസലേമിലെ പാത്രിയർക്കേറ്റ് ഒഴിച്ച് ബാക്കി എല്ലാം ഓരോ കാലഘട്ടത്തിൽ നാമാവശേഷമായിരുന്നു. ഈ അഞ്ച് ലത്തീൻ പത്രിയകേറ്റുകൾ കൺസ്റ്റന്റിനോപ്പിൾ, അന്തിയോക്ക്യ, അലക്സാൻഡ്രിയ, എത്യോപ്യ, ജറുസലേം എന്നിവിടങ്ങളിൽ ആണ്.
ലത്തീൻ സഭയിൽ ഇവ കൂടാതെ ആറ് സ്ഥലങ്ങളിലെ മെത്രാപ്പോലീത്തമാർക്ക് സ്ഥനികമായി പാത്രിയർക്കീസ് പദവി ഇന്ന് ഉണ്ട്. അവ വെനീസ്, ലിസ്ബൻ, ഗോവ, അക്വിലീയ, വെസ്റ്റ് ഇൻഡീസ്, ജേറാദോ എന്നിവയാണ്. ഇവയിൽ അക്വിലീയ, വെസ്റ്റ് ഇൻഡീസ്, ജേറാദോ എന്നിവ നമാവശേഷമായ രൂപതകളാണ്.
ഇന്ത്യയിൽ സഭാപരമായി പദ്രുവാദോ ഭരണം ഉണ്ടായിരുന്ന സമയത്ത് സഭയിൽ മാർത്തോമ ശ്ലീഹാ സ്ഥാപിച്ച സഭക്ക് വേണ്ടി കൊടുത്ത ആനുകൂല്യം ആയിരുന്നു ഗോവയിലെ സ്താനിക പദവി. എന്നാൽ പൗരസ്ത്യ കത്തോലിക്കാ സഭയിൽ ആറ് വ്യക്തിഗത സഭാതലവൻമാരെ പാത്രിയർക്കീസ് എന്ന് വിളിക്കുന്നുണ്ട്.
കൂടാതെ മാർപാപ്പക്ക് റോമിലെ പാത്രിയർക്കീസ് എന്ന ഒരു അഭിസംബോധന കൂടി ഉള്ളതാണ്. പൗരസ്ത്യ കത്തോലിക്ക സഭയിലെ 4 മേജർ ആർച്ച്ബിഷപ്മാർക്കും പാത്രിയർക്കീസിന്‍റെ അധികാരങ്ങൾ തന്നെയാണ്.
1 അർമേനിയൻ കത്തോലിക്കാ സഭ
2 കൽദായ കത്തോലിക്ക സഭ
3 കോപ്റ്റിക്ക് കത്തോലിക്ക സഭ
4 മാറോനൈറ്റ് കത്തോലിക്ക സഭ
5 വെൽക്കൈറ്റ് കത്തോലിക്ക സഭ
6 അന്ത്യയോക്കയിലെ സിറിയൻ കത്തോലിക്ക സഭ.
റോമിൽ നിന്ന്
ഫാ. ജിയോ തരകൻ