തോറ്റവരും ശരാശരിക്കാരും മിടുക്കര്‍തന്നെ|അഡ്വ. ചാര്‍ളിപോള്‍

Share News

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക്‌ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായി പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ചിലരെങ്കിലും വീട്‌വിട്ട് ഇറങ്ങിപ്പോകും. ചുരുക്കം ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ചിലര്‍ അതിന് ശ്രമിക്കുന്നു. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടാത്തതിനാല്‍ മകനെ മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത മുന്‍പ് പത്രങ്ങളില്‍ വന്നിരുന്നു. 
മാര്‍ക്ക് പലകാരണങ്ങളാല്‍ കുറഞ്ഞുപോകും. മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷ ത്തോടെ കേറിച്ചെല്ലാന്‍ പറ്റുന്ന ഇടങ്ങളാകണം നമ്മുടെ വീടുകള്‍. മാര്‍ക്ക് കുറയുമ്പോള്‍ 'ഇനി വീട്ടില്‍ പോകണ്ട... മരിച്ചാല്‍ മതി' എന്ന് കുട്ടികള്‍ ചിന്തിക്കുവാന്‍ ഇടനല്‍കരുത്. മാര്‍ക്കിനേക്കാള്‍ എത്രയോ വലുതാണ് മക്കള്‍.
പഠിക്കുന്ന രീതി, ചിട്ടയായ പഠനക്രമം, പഠിക്കുന്ന വിഷയങ്ങളോടുള്ള താല്‍പര്യം, ഏകാഗ്രത, പഠിച്ചത് എഴുതി ഫലിപ്പിക്കാനുള്ള സാമര്‍ത്ഥ്യം, അധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം, പഠനത്തിന്റെ പിന്നോക്കാവസ്ഥ, പഠനവൈകല്യം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരീക്ഷാവിജയത്തെ സ്വാധീനിക്കുന്നുണ്ട്. എന്താണ് പരാജയകാ രണങ്ങളെന്ന് വിലയിരുത്തി അക്കാര്യങ്ങളില്‍ മാറ്റംവരുത്തി മുന്നേറാന്‍ സാധിക്കും. മാതാപിതാക്കള്‍ കുട്ടിയെ ആക്ഷേപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും നോവിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തെറ്റുതിരുത്തുന്നതിനു പകരം പൂര്‍വാധികം വാശിയോടെ തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്യുക. പോരായ്മകള്‍ സാവധാനം കുട്ടിയെ ബോധ്യപ്പെടുത്തണം. അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണം. മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന് മക്കള്‍ക്ക് തോന്നണം. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നിരാശപ്പെടുകയോ കടും കൈകള്‍ ചിന്തിക്കുകയോ അരുത് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുക. പ്രത്യാശയുടെയും വിജയത്തിന്റെയും വഴികള്‍ ഏറെയുണ്ടെന്ന് ബോധ്യം പകരുക. പരീക്ഷകളിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമ ജീവിതവിജയമായി ഒരുബന്ധവുമില്ലെന്ന് കുട്ടിയെ ബോധ്യപ്പെടു ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
കോവിഡ്കാലം കുട്ടികളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ഡല്‍ഹി ഐ.ഐ.ടിയിലെ സാമ്പത്തിക ശാസ്ത്രം വിഭാഗം 2021 ആഗസ്റ്റ് മാസത്തില്‍ നടത്തിയ ''സ്‌കൂള്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ സര്‍വേ'' പ്രകാരം ഗ്രാമീണമേഖലയില്‍ 30 ശതമാനവും നഗരങ്ങളില്‍ 18 ശതമാനവും തീരെ പഠിച്ചിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്നൂറോളം കുട്ടികളാണ് കോവിഡ് കാലത്ത് മാത്രം ആത്മഹത്യ ചെയ്തത്. പഠനവുമായിബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ സംഘര്‍ഷങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, ലഹരി ഉപയോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍, സൈബര്‍ കുരുക്കുകള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്ക, അകാരണമായ ഭയം, വിഷാദം, ഒറ്റപ്പെടല്‍, വികലമായ ചിന്തകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടിയിരുന്നു. അക്കാരണങ്ങളാലും മാര്‍ക്ക് കുറയാനും തോറ്റുപോകാനും ഇടവന്നിട്ടുണ്ടാകാം. വസ്തുതാപരമായ വിലയിരുത്തലുകളും ബോധ്യപ്പെടലും ഉണ്ടാകുമ്പോള്‍ കുട്ടികള്‍ മാറ്റത്തിന് തയ്യാറാവും. ഉപദേശങ്ങളുടെ അളവല്ല, തിരുത്തപ്പെടേണ്ടതാണെന്ന തോന്നലു ണ്ടാകാന്‍ ഉതകുന്ന ഇടപെടലാണ് മാതാപിതാക്കള്‍ നടത്തേണ്ടത്.
ഗുജറാത്തിലെ ഭരൂച് ജില്ലാ കളക്ടറായ തുഷാര്‍ സുമേരയുടെ പഴയ പത്താംക്ലാസ് മാര്‍ക്ക്‌ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു. 2009 ബാച്ച് ഐ.എ.എസ്. എന്ന് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് മാര്‍ക്ക്‌ലിസ്റ്റ് ട്വിറ്ററില്‍ പങ്കുവച്ചത്. ഗണിതത്തിന് 100-ല്‍ 36, ഇംഗ്ലീഷിന് 35, സയന്‍സിന് 38 എന്നിങ്ങനെയാണ് മാര്‍ക്കുകള്‍. തുഷാറിന് ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതരും ചിലനാട്ടുകാരും അന്നു പറഞ്ഞതെന്ന് ട്വീറ്റ് പറയുന്നു. അടുത്ത ചിത്രമായി ഭരൂച് ജില്ലാ കലക്ടറുടെ കസേരയില്‍ തുഷാര്‍ ഇരിക്കുന്നതും നല്‍കിയിട്ടുണ്ട്. 2012-ല്‍ ആണ് തുഷാര്‍ സുമേര ഐ.എ.എസ്,നേടിയത്. ഹുമാനിറ്റീസ് ബിരുദധാരിയായ അദ്ദേഹം മുന്‍പ് അധ്യാപകനായും ജോലി ചെയ്തിരുന്നു ഇതൊരു പ്രചോദന പാഠമാണ്. മാര്‍ക്ക് കുറഞ്ഞു എന്നത് ഭാവി ജീവിതത്തിന്റെ അളവ്‌കോലായി ആരും എടുക്കേണ്ടതില്ല. ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവ് കാട്ടാത്തവരായിരുന്നു.
അസാമാന്യമായ സംയമനവും വൈദഗ്ധ്യവും പ്രകടിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ ശൗര്യചക്ര നല്‍കി ആദരിച്ച പ്പോള്‍ ക്യാപ്റ്റന്‍ വരുണ്‍സിങ് തന്റെ പൂര്‍വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെഴുതി; 'ശരാശരിക്കാരനായിരിക്കു ന്നത് മോശമല്ല...' സ്‌കൂളില്‍ സപോര്‍ട്‌സിലും മറ്റ് പാഠ്യവര്‍ത്തനങ്ങളിലും ശരാശരിക്കാരനായിരുന്ന വരുണ്‍സിങ് താന്‍ പില്‍ക്കാലജീവിതത്തില്‍ താണ്ടിയ ശൗര്യചക്രവരെയുള്ള പടവുകള്‍ കുട്ടികള്‍ക്ക് പ്രചോദനമേകാനായി കത്തില്‍ കുറിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ കഷ്ടിച്ച് ഫസ്റ്റ്ക്ലാസ് വാങ്ങിച്ച ശരാശരിക്കാരനായിരുന്നു വരുണ്‍സിങ്. എല്ലാവര്‍ക്കും 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങി വിജയിക്കാനാവില്ല. ശരാശരിക്കാര്‍ക്കും തോറ്റുപോകുന്നവര്‍ക്കും നിരവധിയായ കഴിവുകളുണ്ട്. അവരുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ ഇക്കൂട്ടര്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
പിന്നാക്കം പോയവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നു നല്‍കാം. അവരെ ചേര്‍ത്തുപിടിക്കാം. അവനവനില്‍ വിശ്വാസമുള്ളവര്‍ക്ക് ഏതുകാര്യത്തിലും വിജയിക്കാനാവും. മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം പറയുന്നു; ''എല്ലാം നഷ്ടപ്പെട്ടതിനുശേഷവും നിങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം ബാക്കിനില്‍ക്കു ന്നുവെങ്കില്‍ മനസ്സിലാക്കുക; നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല''. ആത്മധൈര്യവും ഇച്ഛാശക്തിയുംകൊണ്ട് വിജയം കൈവരിച്ചവരുടെ നീണ്ടനിരതന്നെ ചരിത്രത്തിലുണ്ട്. അവര്‍ നമുക്ക് പ്രചോദനമാണ്. നമ്മുടെ മനോഭാവവും നാമെടുക്കുന്ന തീരുമാനങ്ങളുമാണ് നമ്മുടെ ജീവിതം എങ്ങനെയെന്ന് നിര്‍ണയിക്കുക. സ്വയം പ്രചോദിതരാകുക, മാതാപിതാക്കള്‍ താങ്ങും തണലുമാകുക, മക്കളെ ആശ്വസിപ്പിച്ച്, അവര്‍ക്ക് ഉന്നത ലക്ഷ്യങ്ങള്‍ പകര്‍ന്നു നല്‍കുക, നമ്മുടെ വാക്കുകള്‍ സ്വീകരിക്കാന്‍ അവരെ തോന്നിപ്പിക്കുന്നത് അധികാരമല്ല, നമ്മുടെ സ്‌നേഹസ്വാധീനമാണ്. പ്രചോദനത്തോടൊപ്പം കഠിനാദ്ധ്വാനവും വിജയത്തിന് നിദാനമെന്നവരെ ബോധ്യപ്പെടുത്തുക.

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600


Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,
9847034600, 8075789768, E-mail : advcharlypaul@gmail.com

Share News