
ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം
ആകർഷകമായും ഭാവിയുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ പ്രാപ്തമാണെന്ന പ്രതീതി ജനിപ്പിച്ചും നിരവധി പുത്തൻ ആശയങ്ങളാലും സാധ്യതകളാലും സമ്പുഷ്ടമാക്കപ്പെടുന്നതാണ് ദേശിയ വിദ്യാഭ്യാസ നയമെങ്കിലും ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായമുയർന്നു. തമ്പാൻ തോമസ് ഫൗണ്ടേഷനാണ് വിഡിയോ കോൺഫ്രൻസിലൂടെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്.
രാജ്യത്തിൻ്റെ സവിശേഷതയായ ഫെഡറൽ സ്വഭാവത്തെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലെ സർവ്വ ഘടകങ്ങളും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ വൈവിധ്യങ്ങൾ പരിഗണിക്കുന്നതിന് ഈ കേന്ദ്രീകരണം സഹായകമാവില്ല.നയം ത്രിഭാഷ പഠനം നിർദ്ദേശിക്കുമ്പോൾ മൂന്നാം ഭാഷയുടെ സ്വീകരണത്തെ ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ പരിമിതപ്പെടുത്തുന്നത് പ്രാദേശികമായ അസ്വസ്ഥതകൾ രൂപപ്പെടുത്താൻ സാധ്യതയുണ്ട്. ക്രീയാത്മകവും ഗുണപരവുമായ നിരവധി നിർദ്ദേശങ്ങൾ നയം ഉൾകൊള്ളുന്നുവെങ്കിലും ഇവ പ്രായോഗികമായി നടപ്പിലാക്കപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ട്.
നയത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആഗോള വൈജ്ഞാനിക സമൂഹീക ശക്തിയായി ഇന്ത്യയെ രൂപപ്പെടുത്തുമെന്നാണ്. എന്നാൽ ഇതിൻ്റെ പ്രായോഗികത വെബിനാറിൽ ചോദ്യം ചെയ്യപ്പെട്ടു. ഇത് നടപ്പിലാക്കാൻ മൊത്ത ദേശീയ വരുമാനത്തിൻ്റെ ആറ് ശതമാനം ചിലവിടുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തീക സാഹചര്യങ്ങളിൽ ഇത് അപ്രായോഗികമായിരിക്കും. ആഗോള വൈജ്ഞാനിക സമൂഹം രൂപപ്പെടുത്താൻ ഭീമമായ സാമ്പത്തിക ചിലവ് അനിവാര്യമാണ്. ഇത് കമ്പോളാധിഷ്ഠിത വിജ്ഞാനമായി മാറും. കമ്പോളാധിഷ്ഠിത വിജ്ഞാനം എന്നത് ശാസ്ത്ര സാങ്കേതിക രംഗത്തെ പരീക്ഷണങ്ങളും അതുവഴി രൂപപ്പെടുന്ന പേറ്റൻ്റുകളുമാണ്. ഇതിനായി ഭീമായ സാമ്പത്തിക മുതൽമുടക്ക് വേണ്ടി വരും. നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്നത് മുതലാളിത്തത്തിൻ്റെ ഏറ്റവും പുതിയ മുഖമാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മുതലാളിത്തത്തിൻ്റെ ആകർഷക നാമമാണ് വൈജ്ഞാനിക സമ്പത്ത്. ഈ നയം രൂപപ്പെടുത്തിയവർ ആഗോള വൈജ്ഞാനിക സമൂഹതെന്ന ലക്ഷ്യം നിശ്ചയിക്കുമ്പോൾ യഥാർത്ഥത്തിലുള്ള ഇതിൻ്റെ സാമൂഹിക സാമ്പത്തിക പ്രതിഫലനങ്ങൾ പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, സെമിനാർ വിലയിരുത്തി.
വിദ്യാഭ്യാസ പ്രദാനത്തിന് സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും സാമൂഹിക പങ്കാളിത്തത്തെ നയം എടുത്ത് കാണിക്കുന്നുണ്ട്. ഇതുവഴി അപകടകരമായ വിധം സ്വകാര്യവല്ക്കരണത്തിൻ്റെയും വാണിജ്യവല്ക്കരണത്തിൻ്റെയും സാധ്യതകളെ തുറന്നിടുകയാണ് ദേശീയ വിദ്യാഭ്യാസ നയം. ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടുക്കുന്ന അടിസ്ഥാമൂല്യങ്ങൾ വിദ്യാഭ്യാസ നയത്തിൽ നിരാകരിക്കപ്പെടുന്നു. സർവ്വർക്കും വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുമ്പോൾ സംവരണത്തെക്കുറിച്ച് യാതൊരു പരാമർശവും നയത്തിൽ ഒരിടത്തുമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഈ നയം ഇന്ത്യയുടെ നിയമനിർമ്മാണ സഭകളിൽ ചർച്ച ചെയ്യപ്പെടണം. ആസന്നമായ പാർലമെൻ്റ് സമ്മേളനത്തിൽ ഈ നയം പരിശോധനയ്ക്ക് വിധേയമാക്കണം.
ജസ്റ്റീസ് കുര്യൻ ജോസഫ്, ഇ. ടി. മുഹമ്മദ് ബഷീർ, ഡോ രാജൻ ഗുരുക്കൾ, അഡ്വ തമ്പാൻ തോമസ് എന്നിവർ വിഷായാവതരണം നടത്തി. ഡോ സിറിയക് തോമസ് മോഡറേറ്ററായിരുന്നു. ഡോ ടി. ടിജു ഐആർ എസ്, ഡോ ജോർജ് മാത്യൂ, പ്രൊഫ മ്യൂസ് മേരി ജോർജ്, എ.പി മുരളീധരൻ, ഡോ ഉണ്ണികൃഷ്ണൻ, തോമസ് സ്റ്റീഫൻ, ജോസഫ് ജൂഡ്, ടോമി മാത്യു, മനോജ് സാരംഗ് തുടങ്ങിയവർ പ്രസംഗിച്ചു.

Jude Arackal