ഉമ്മൻചാണ്ടിയും മുല്ലപ്പെരിയാറും|എന്നെ അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ആ വലിയ മനസ്സിൽ നിന്നും വന്നത്.|ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു

Share News

ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു(29-10-2023).

. “ചരിത്രത്താളുകളിൽ എനിക്ക് പേരുദോഷം ഉണ്ടായാലും ഞാൻ അതിനെ കാര്യമായി പരിഗണിക്കുന്നില്ല. എനിക്ക് പ്രധാനം ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതാണ്. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്തും കേൾക്കാനും സഹിക്കാനും ഞാൻ തയ്യാറാണ്.” മുല്ലപ്പെരിയാറിന്റെ തീരത്തു ജീവിക്കുന്നവരോട് ഉമ്മൻചാണ്ടിക്ക് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രധികരണം.

എൻ്റെ ഹൃദയത്തിലെ രക്തം കൊണ്ട് ഞാൻ ഈ കരാർ ഒപ്പിടുന്നു എന്ന് പറഞ്ഞ മൂലം തിരുനാൾ രാമ വർമ്മ എത്ര മാത്രം അന്ന് മാനസ്സികമായി സംഘർഷപ്പെട്ടിട്ട് ഉണ്ടാകും.

മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ചും അതിന്റെ പരിഹാരമാർഗങ്ങളെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി. പുതിയ ഡാം പുതിയ കരാർ എന്ന വളരെ വികൃതമായ സമരമുദ്രാവാക്യവുമായി മുന്നോട്ട് പോയിരുന്ന ചപ്പാത്തിലെ സമര നേതാക്കൾക്ക് പുതിയ ദിശാബോധവും സമരത്തിന് പുതിയ ഒരു മുദ്രാവാക്യവും നൽകിയ വ്യക്തിയായിരുന്നു ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി. സമരം ആരംഭിച്ചിട്ട് ആയിരം ദിവസം തികയുന്ന അന്ന്, പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം സമരപന്തലിൽ വന്നു “കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം” എന്ന ഒരു പുതിയ മുദ്രാവാക്യം ഉയർത്തി. ഈ മുദ്രാവാക്യത്തിൽ അന്തർലീനമായി ഇരിക്കുന്നത്, ഇരു സംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലുള്ള പരിഹാരമായിരുന്നു.

ഇടതുപക്ഷ നേതാക്കളുടെ തണലിലും നിർദ്ദേശത്തിലും മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമരസമിതി നേതാക്കൾക്ക് ഈ മുദ്രാവാക്യം അല്പം പോലും ദഹിച്ചില്ല. ഇന്ന് ടണൽ എന്ന ആശയവുമായി മുന്നോട്ട് പോകുന്ന സിപി റോയ് എന്ന വ്യക്തി അന്ന് സമരസമിതിയുടെ അവസാനവാക്കും ചെയർമാനും ആയിരുന്നു. അദ്ദേഹത്തോട് വ്യക്തിപരമായും സമരസമിതിയുടെ പൊതുയോഗത്തിലും കമ്മറ്റി മീറ്റിങ്ങിലും സമരസമിതിയുടെ മുദ്രാവാക്യം മാറ്റുന്നതിന്റെ ആവശ്യത്തെ കുറിച്ച് ചർച്ചകൾ നടത്തി. എന്നാൽ രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് ഉമ്മൻചാണ്ടി മുന്നോട്ടുവെച്ച “കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം” എന്ന മുദ്രാവാക്യത്തോടെ സമരസമിതിക്ക് യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല.

ഇത് വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. ഒരുപക്ഷേ അന്ന് സമരസമിതി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ സ്വീകാര്യമായ ഈ ഒരു മുദ്രാവാക്യം മുൻപോട്ട് വെച്ചിരുന്നു എങ്കിൽ വളരെ നിസ്സാരമായി മുല്ലപ്പെരിയാർ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നേനെ. ഇത്രമാത്രം കോളിളക്കം സൃഷ്ടിച്ച പ്രശ്നത്തിനു പരിഹാരം നിർദ്ദേശിച്ച ആളായി ചരിത്രത്താളുകളിൽ ഉമ്മൻചാണ്ടി ഇടം നേടിമാറിയേനെ.

മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ കോടതി വ്യവഹാരങ്ങൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉചിതമായ വിധത്തിൽ കേസിന്റെ കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോയ രണ്ട് മുഖ്യമന്ത്രിമാരാണ് വിഎസ് അച്യുതാനന്ദനും, ഉമ്മൻചാണ്ടിയും. കേരളത്തിനുവേണ്ടി വാദിക്കുവാൻ നിർദ്ദേശിച്ചിരുന്ന അഭിഭാഷകൻ ഹാജരാകാതെ വന്ന സാഹചര്യത്തിൽ പെട്ടെന്ന് ഡൽഹിയിലെത്തി രാജീവ് ധവാനെ പോലെയുള്ള പ്രഗൽഭരായ അഭിഭാഷകരെ കണ്ടെത്തുന്നതിന് വിഎസ് അച്യുതാനന്ദൻ കാട്ടിയ ആത്മാർത്ഥത കേരള ജനത ഒരിക്കലും മറക്കില്ല. എൻ കെ പ്രേമചന്ദ്രനെ പോലെയുള്ള പ്രെഗത്ഭരായ മന്ത്രിമാരെ ചുമതലകൾ ഏൽപ്പിക്കുന്നതിൽ കാട്ടിയ തീരുമാനം കേരളത്തിന് വളരെയധികം ഗുണം ചെയ്തു.

അദ്ദേഹത്തിന് ശേഷം മുഖ്യമന്ത്രിയായി വന്ന ഉമ്മൻചാണ്ടി എത്രമാത്രം ആത്മാർത്ഥതയോടെയാണ് മുല്ലപ്പെരിയാർ വിഷയത്തെ സമീപിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ കാതലായ തർക്കവും, പരിഹാരത്തിനുള്ള തടസ്സവും പുതിയ ഡാമിന്റെ അധികാരം പങ്കുവയ്ക്കുന്നതിലെ സാങ്കേതികമായ പൊരുത്തക്കേടാണെന്നു ഈ വിഷയം ആഴത്തിൽ പഠിച്ച ആർക്കും മനസ്സിലാകും.

ഇത് തിരിച്ചറിഞ്ഞ സുപ്രീം കോടതി കേരളത്തിനോടും തമിഴ്നാടിനോടും ഒരു അഭിപ്രായം ആരാഞ്ഞു. പുതിയ ഡാം പണിയുമ്പോൾ അതിന്റെ അധികാരം കേന്ദ്ര ഗവൺമെന്റ് ഏറ്റെടുത്തുകൊണ്ട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും നൽകുന്ന വിധത്തിൽ ഉള്ള ക്രമീകരണത്തോട് കേരളത്തിന്റെ അഭിപ്രായം എന്താണ് എന്ന് പറയുവാനാണ് അവർ അന്ന് ആവശ്യപ്പെട്ടത്.

സുപ്രീം കോടതി ഇത്തരമൊരു നിർദ്ദേശം മുൻപോട്ട് വയ്ക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി പാലക്കാട്ട് ജനസമ്പ പരിപാടിയിൽ ആയിരുന്നു. മന്ത്രിസഭയോടൊ, കടകക്ഷികളോടോ ഒന്നും ആലോചിക്കാതെ സുപ്രീം കോടതിയുടെ ഈ നിർദ്ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കൂടുതലൊന്നും ആലോചിക്കാതെ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് ഇത്തരം ഒരു മറുപടി നൽകിയത് അല്പം വിവാദമായി. പ്രതിപക്ഷവും സി പി റോയി പോലെയുള്ള സമരസമിതി നേതാക്കളും ഇത്തരമൊരു നിർദ്ദേശത്തെ വെല്ലുവിളിക്കുകയും നിഷിദ്ധമായി എതിർക്കുകയും ചെയ്തു. ഇത്തരം പ്രായോഗികമായ നിർദ്ദേശങ്ങളാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ ശാശ്വത പരിഹാരം എന്ന ഉറച്ച ബോധ്യം ഉള്ളതിനാൽ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുവാൻ ഞാൻ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ സെക്രട്ടറി എന്നോട് പറഞ്ഞു രാത്രി പന്ത്രണ്ടരയ്ക്ക് ശേഷം വിളിച്ചാൽ ഫോണിൽ സംസാരിക്കാൻ സാധിക്കും എന്ന്.

അന്ന് രാത്രി ഒരുമണിവരെ കാത്തിരുന്ന് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുമ്പോൾ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിൽ അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. അന്ന് രാത്രി കുറെ സമയം മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. പുതിയതായി വന്നിരിക്കുന്ന കോടതി നിർദേശത്തെ കുറിച്ച് ഞാൻ പരാമർശിച്ചു. കേന്ദ്ര ഗവൺമെന്റ് ഡാമിന്റെ പരമാധികാരം ഏറ്റെടുക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കപ്പെടേണ്ടതാണെന്നും, ഇത് വളരെ നല്ല ഒരു നിർദ്ദേശം ആണെങ്കിലും, ഘടകകക്ഷികളും പ്രതിപക്ഷവും സമരസമിതിയും ഈ നിർദ്ദേശത്തെ എതിർക്കാനാണ് സാധ്യത എന്നും ഞാൻ പങ്കുവെച്ചു. അദ്ദേഹം എന്നോട് പറഞ്ഞത് അധികാരം പങ്കുവയ്ക്കുന്നതിലൂടെ മാത്രമേ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിന് കൂടുതൽ ജലവും ഉറപ്പാക്കുന്ന സാഹചര്യം ഉണ്ടാകും. ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടു വേണം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ. അതിനു സമരസമിതി പോലുള്ള സംഘടനകൾ മുൻപോട്ട് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേന്ദ്ര ഗവണ്മെന്റ് ഡാമിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും നൽകുന്ന പരിഹാരത്തോട് സമരസമിതിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്താമെന്ന് ഞാൻ അദ്ദേഹത്തിന്റെ ഉറപ്പുനൽകി. എന്നാൽ അങ്ങയെ പോലെ സമുന്നതനായ ഒരു നേതാവിനെ നാളെ ജനങ്ങൾ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ബ്രിട്ടീഷുകാരന്റെ തോക്കി മുൻപിൽ നിന്നുകൊണ്ട് മുല്ലപ്പെരിയാർ എഗ്രിമെന്റ് ഒപ്പിട്ട മൂലം തിരുനാൾ രാമ വർമ്മ മഹാരാജാവിനെ നമ്മൾ ഇന്ന് ഭീരു ആയിട്ടാണ് കാണുന്നത്. 1970ൽ അച്യുതമേനോൻ മുല്ലപ്പെരിയാർ എഗ്രിമെന്റ് പുതുക്കി കൊടുത്തതിന് നമ്മൾ ഇന്നും നല്ല വിലയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തിന് സ്വായത്തമാക്കാമായിരുന്ന അവകാശം വിട്ടുകൊകൊടുക്കുന്നത് നാളെ വിമർശനത്തിന് കാരണമായേക്കാം. കേരള ചരിത്രത്തിലും മുല്ലപ്പെരിയാർ ചരിത്രത്തിലും അങ്ങയുടെ പേര് മോശമാകുന്നതിന് ഈ ഒരു തീരുമാനം കാരണമാകില്ലേ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നെ അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ആ വലിയ മനസ്സിൽ നിന്നും വന്നത്. “ചരിത്രത്താളുകളിൽ എനിക്ക് പേരുദോഷം ഉണ്ടായാലും ഞാൻ അതിനെ കാര്യമായി പരിഗണിക്കുന്നില്ല. എനിക്ക് പ്രധാനം ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതാണ്. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്തും കേൾക്കാനും സഹിക്കാനും ഞാൻ തയ്യാറാണ്.” മുല്ലപ്പെരിയാറിന്റെ തീരത്തു ജീവിക്കുന്നവരോട് ഉമ്മൻചാണ്ടിക്ക് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രധികരണം.

സമരസമിതിയുടെയും (സി. പി. റോയ്) പ്രതിപക്ഷത്തിന്റെയും എതിർപ്പിനെ മറികടക്കാൻ ഇത്തരം നല്ല നിർദ്ദേശങ്ങൾക്ക് കഴിഞ്ഞില്ല. അന്ന് “പുതിയ ഡാം പുതിയ കരാർ” എന്ന് മാത്രം പറയാനേ അവർക്ക് അറിയുമായിരുന്നുള്ളു. മുല്ലപെരിയാർ കരാർ ഒപ്പിട്ടിട്ട് ഇന്ന് 137 വർഷം പിന്നിടുമ്പോൾ കേരളം ഒറ്റക്കെട്ടായ് ആവശ്യപ്പെടേണ്ടത് കേന്ദ്ര ഗവണ്മെന്റ് നേതൃത്വം വഹിച്ചുകൊണ്ട് പുതിയ ഡാം നിർമ്മിക്കുകയും അങ്ങനെ കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും തമിഴ്നാടിന് ജലം സുലഭമാക്കുകയും ചെയ്യുന്ന സംവിധാനത്തെയാണ്.

ഇന്ത്യയുടെ കഴിഞ്ഞ 75 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അന്തർ സംസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുന്നത് കേന്ദ്ര ഗവണ്മെന്റ് ക്രിയാത്മകമായ ഇടപെട്ടതിലൂടെയാണ്. മുല്ലപ്പെരിയാർ പ്രശ്നം വീണ്ടും ചർച്ചയ്ക്ക് വന്ന സാഹചര്യത്തിൽ, ധാരാളം അഭ്യൂഹങ്ങളും തെറ്റായ സമീപനങ്ങളും കേരളത്തിന്റെ കൃത്യമായ ആവശ്യത്തെ ഹനിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് ഈ ലേഖനം എഴുതിയത്.. 200.6 mm മഴ പെയ്യുന്ന ഒരു സ്ഥലത്തു, ടണൽ നിർമ്മിച്ച് ജലം നിയന്ത്രിക്കാം എന്ന് പറയുന്നതിലെ അപ്രായോഗികത ആർക്കും മനസ്സിലാകും. വളരെയധികം വിശദീകരണം ആവശ്യമായതിനാൽ പിന്നീട് ഒരു ലേഖനത്തിൽ അവ പ്രധിബാധിക്കാം.

ഫാ. റോബിൻ പേണ്ടാനത്ത്

മുല്ലപെരിയാർ സമരസമിതി രക്ഷാധികാരി

മുല്ലപ്പെരിയാർ വാർത്തകൾ വിവിധ മാധ്യമങ്ങളിൽ ,വിവിധ കാലഘട്ടത്തിൽ

https://www.ndtv.com/assembly-kerala/mullaperiyar-dam-issue-kerala-chief-minister-oommen-chandy-meets-pm-573039

https://www.indiatoday.in/india/south/story/oommen-chandy-writes-to-jayalalithaa-on-mullaperiyar-row-149141-2011-12-17

https://www.ndtv.com/india-news/oommen-chandy-meets-pm-modi-seeks-new-dam-at-mullaperiyar-1253983

https://m.rediff.com/news/slide-show/slide-show-1-mullaperiyar-row-we-cant-wait-too-long-says-kerala-cm/20111215.htm

https://newsandviews.org.in/?q=content/cwc-look-mullaperiyar-issue

https://www.indiatoday.in/india/north/story/mullaperiyar-dam-row-oommen-chandy-tamil-nadu-kerala-147509-2011-12-01

Share News