കട്ടപ്പനയുടെ പഴയ കാലം കൗതുകം നിറഞ്ഞതാണ്

Share News

കട്ടപ്പനയുടെ പഴയകാലം :

ഇപ്പോള്‍ രണ്ടും മൂന്നും ബസ് സ്റ്റാന്‍ഡുകളുമായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട ടൗണായി മാറിയിരിക്കുന്ന കട്ടപ്പനയുടെ പഴയ കാലം കൗതുകം നിറഞ്ഞതാണ് (എല്ലാ നാടിനും കൗതുകകരമായ ഒരു ഭൂതകാലമുണ്ട്).

1950-കളുടെ തുടക്കത്തിലായിരുന്നു ഇവിടേക്കുള്ള വ്യാപകമായ കുടിയേറ്റം. ഇന്നത്തെ ടൗണിന്റെ സമീപസ്ഥലങ്ങളിലെല്ലാം ജനവാസം ആരംഭിച്ചതിന് ശേഷവും നാലുചുറ്റും വന്യമൃഗങ്ങളുടെ സാന്നിധ്യമായിരുന്നു. ഇപ്പോഴത്തെ ഗവണ്‍മെന്റ് കോളേജ് സ്ഥിതിചെയ്യുന്ന കുന്നിന്‍ചെരിവാണെങ്കില്‍ കാട്ടാനകളുടെ സ്ഥിരം താവളം. ബസ് സ്റ്റാന്‍ഡും പോലീസ് സ്‌റ്റേഷനും മാര്‍ക്കറ്റും ആശുപത്രിയും ഫോറസ്റ്റ് ഓഫീസും ഹോട്ടലുകളും നിരവധി പീടികകളുമെല്ലാം ഉണ്ടായിരുന്ന തിരക്കേറിയ അയ്യപ്പന്‍കോവില്‍ കുടിയൊഴിപ്പിച്ചതിന് ശേഷമാണ് കട്ടപ്പന സജീവമാകുന്നത്.

ആദ്യകാലത്ത് അയ്യപ്പന്‍കോവില്‍ വരെ മാത്രമെ ബസ് സര്‍വീസ് ഉണ്ടായിരുന്നുള്ളൂ. 1963 ആയപ്പോഴേക്കും കട്ടപ്പനയിലേക്കും ബസുകള്‍ ഓടിത്തുടങ്ങി.

കുറച്ച് യാത്രക്കാരെ മാത്രം കയറ്റാന്‍ പെര്‍മിറ്റുള്ള ചെറിയ ബസുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തിയിരുന്നത്. അയ്യപ്പന്‍കോവിലില്‍നിന്നും മുരിക്കാട്ടുകുടി-സ്വരാജ് വഴി ആദ്യം കട്ടപ്പനയിലേക്ക് ഓടിയെത്തിയത് ജെ.എം.എസ്. എന്ന ബസാണ്. പിന്നാലെ കൂടുതല്‍ ബസുകളും സര്‍വീസ് ആരംഭിച്ചു.

കാലക്രമേണ, കാട്ടുപുല്ല് ഉപയോഗിച്ച് മേയുകയും മറയ്ക്കുകയും ചെയ്ത പീടികകളുടെ സ്ഥാനത്ത് മണ്‍കട്ട കൊണ്ട് ഭിത്തികെട്ടി ഓടുമേഞ്ഞ ചെറിയ കെട്ടിടങ്ങളുണ്ടായി.

പിന്നെയും കാലം കഴിഞ്ഞപ്പോള്‍ ഇന്ന് കാണുന്ന രൂപത്തിലേക്കും.

ചിത്രം: ആദ്യകാലത്തെ കട്ടപ്പന. ജെ.എം.എസ്., ഗോമതി എന്നീ ബസുകള്‍ കാണാം. ഈ ഫോട്ടോ ഏതുവര്‍ഷം എടുത്തതാണെന്ന് വ്യക്തമല്ല. എങ്കിലും 1960-കളുടെ രണ്ടാം പകുതിയിലെ ചിത്രമാകാനാണ് സാധ്യത

Manoj Mathirappally

Share News