
ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്
ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്.
മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താൻ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്. 29 സീറ്റിൽ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികൾ രണ്ടു വീതവും സിപിഐ എംഎൽ 12 സീറ്റിലും അഭിമാനക്കൊടി പാറിച്ചു. കാൽ നൂറ്റാണ്ടിനിടയിൽ ബിഹാറിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ മുന്നേറ്റമാണ് ഇത്.
മുഖ്യമുന്നണികൾ തമ്മിലുള്ള മത്സരത്തിൽ തത്വാധിഷ്ഠിതമായി ഇടതുപക്ഷം മതനിരപേക്ഷ മുന്നണിയുടെ പങ്കാളിയാകുമ്പോൾ അതിന്റെ നേട്ടം ഇടതുപക്ഷത്തിനും ആ മുന്നണിയിലെ മുഖ്യകക്ഷികൾക്കും പൊതുവിൽ ലഭിക്കും. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാൻ കൂടുതൽ താൽപ്പര്യം കാട്ടിയത് ആർജെഡിയും അതിന്റെ നേതാവ് തേജസ്വി യാദവുമാണ്. ഇടതുപക്ഷത്തിന്റെ പങ്കാളിത്തം തെരഞ്ഞെടുപ്പു പോരാട്ടത്തെ ജനകീയ പ്രശ്നങ്ങളിൽ അധിഷ്ഠിതമാക്കുമെന്നും അത് കേവലമായ വർഗീയസാമുദായിക ചേരിതിരിവിന്റെ ഘടകങ്ങളെ ഒരു പരിധിവരെ ദുർബലപ്പെടുത്തുമെന്നുമുള്ള കണക്കൂകൂട്ടലായിരുന്നു. അത് ജനവിധി സാധൂകരിക്കുന്നു. കർഷകർ, തൊഴിലാളികൾ, കുടിയേറ്റത്തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളുടെ വോട്ട് ഇടതുപക്ഷത്തിനു മാത്രമല്ല മഹാസഖ്യത്തിന് കിട്ടുന്നതിനും ഇത് കാരണമായി.
ബിഹാറിലെ ഇടതുമുന്നേറ്റത്തെ കുറച്ചു കാണിക്കുന്നതിന് ഒരു ബിജെപി വക്താവ് അഭിപ്രായപ്പെട്ടത് ഇടതുപക്ഷത്തിനു കിട്ടിയ സീറ്റുകൾ പറ്റ്‌നയിൽനിന്നും വളരെ അകലെയുള്ള പിന്നോക്കപ്രദേശങ്ങളിലെയും ആദിവാസികളും മറ്റും പാർക്കുന്ന ഇടങ്ങളിലേതുമാണെന്നാണ്. അതിനർഥം ഗ്രാമങ്ങളെയും ആദിവാസികളെയും ദരിദ്രജനവിഭാഗങ്ങളെയും രണ്ടാംതരക്കാരായും മ്ലേച്ഛരായും ബിജെപി കാണുന്നു എന്നതാണ്. പതിത ജനവിഭാഗങ്ങളുടെ ഉറ്റബന്ധുക്കളാണ് കമ്യൂണിസ്റ്റുകാർ. അതിൽ ഞങ്ങൾക്ക് അഭിമാനമാണ്. ഗ്രാമ നഗര ഭേദമെന്യേ ഇടതുപക്ഷ സ്വാധീനം വളരുന്നതിനുള്ള പശ്ചാത്തലം മോഡി ഭരണം ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ട്.
ബിജെപിയുടെ ഹിന്ദുത്വ വർഗീയ ഭരണത്തെയും അതിന്റെ അജൻഡകളെയും ചെറുക്കുന്നതിൽ അചഞ്ചലമായ നിലപാടുള്ളത് ഇടതുപക്ഷത്തിനാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത വർധിക്കുകയാണ്.
CPIM Kerala