
കഴിഞ്ഞ കുറെ മണിക്കൂറുകളായി ഇടുക്കിയില്‍ തികച്ചും ഭീതിദമായ അവസ്ഥയാണ്.
കഴിഞ്ഞ കുറെ മണിക്കൂറുകളായി ഇടുക്കിയില്‍ തികച്ചും ഭീതിദമായ അവസ്ഥയാണ്. ഹൈറേഞ്ചിലെമ്പാടും എത്രയോ മണിക്കൂറുകളായി തോരാതെ പെരുമഴ പെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ മേഘവിസ്‌ഫോടനത്തോട് സമാനമായ അവസ്ഥ.
കഴിഞ്ഞ രണ്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പെയ്തിറങ്ങുന്നതു പോലെ.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നു. ധാരാളം വീടുകള്‍ തകര്‍ന്നു. പെരിയാര്‍ ഉള്‍പ്പെടെ എല്ലാ നദികളും കരകവിഞ്ഞിരിക്കുകയാണ്.
വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും ഉപ്പുതറയിലുമെല്ലാം വീടുകളിലും കടകളിലും വെള്ളംകയറി. ഏലപ്പാറ ടൗണും വെള്ളത്തിലായി.
ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണിക്കടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയതായും രണ്ടു യുവാക്കളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായി തുറന്നിട്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍-ഇടുക്കി ഡാമുകളിലും പേടിപ്പെടുത്തുന്ന തരത്തില്‍ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ മിക്കവാറും എല്ലാ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.
രാത്രി വൈകിയും പോലീസും ഫയര്‍ഫോഴ്‌സും ജനങ്ങളും ഒത്തൊരുമിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. മലഞ്ചെരിവുകളില്‍ പേടിപ്പെടുത്തുന്ന മുഴക്കങ്ങള്‍. തികച്ചും അസാധാരണ സാഹചര്യം.
..കടപ്പാട്: Manoj Mathirappallil