അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Share News

അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രം : അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി ജലവൈദ്യുതിപദ്ധതി യാഥാര്‍ത്ഥ്യമായതോടെ, കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ പൂര്‍വ്വരൂപം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ബാക്കിയാക്കാതെയാണ് ക്ഷേത്രം പൊളിച്ചുനീക്കപ്പെട്ടത്. എങ്കിലും പഴയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു.

അയ്യപ്പന്‍കോവില്‍ ക്ഷേത്രം:പെരിയാര്‍ തീരത്തുള്ള അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ വരച്ചെടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്.

മേഖലയിലെ പ്രായമാവരോട് ചോദിച്ച് മനസ്സിലാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ ചിത്രം. പലരും വ്യത്യസ്തമായ അഭിപ്രായം പറയുന്നതിനാല്‍ ഇത് നൂറുശതമാനവും കൃത്യമായിരിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും, തൊപ്പിപ്പാളയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ക്ഷേത്രം പൊളിക്കുന്ന സമയത്ത് ഈ ചിത്രവുമായി ഉണ്ടായിരുന്ന പ്രധാന വ്യത്യാസം ശ്രീകോവിലിന്റെ രൂപമാറ്റമാണ്. പഴയ കരിങ്കല്‍ ശ്രീകോവിലും അതിന്റെ മുന്‍ഭാഗവും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്ന ഭാഗത്തെ മതില്‍ക്കെട്ടും കാട്ടാനകള്‍ തകര്‍ത്തതിനുശേഷം കുടിയേറ്റക്കാര്‍ പുതുക്കി പണിയുകയായിരുന്നുവെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ, പൊളിച്ചുനീക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന ശ്രീകോവില്‍ ക്ഷേത്രത്തിന്റെ പൊതുസ്വഭാവവുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ളതായിരുന്നില്ല. സിമന്റ് തേച്ച് വെള്ളപൂശിയ ശ്രീകോവിലാണ് ക്ഷേത്രം പൊളിക്കുമ്പോള്‍ ഉണ്ടായിരുന്നത്. മാത്രവുമല്ല ക്ഷേത്രം മാറ്റി സ്ഥാപിക്കുമ്പോള്‍ ശ്രീകോവിലിന് മുന്നിലായി ഓലകെട്ടി മേഞ്ഞ വലിയൊരു ഭാഗവും ഉണ്ടായിരുന്നു. എന്നാല്‍, അതിനും മുന്‍പുള്ള ശ്രീകോവിലിന്റെ രൂപരേഖയാണ് ഈ ചിത്രത്തില്‍. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായുള്ള ആല്‍മരവും തെങ്ങും പടിഞ്ഞാറുഭാഗത്തെ ചെമ്പകമരങ്ങളും 1950-കളിലോ അറുപതുകളിലോ കുടിയേറ്റക്കാര്‍ നട്ടുപിടിപ്പിച്ചതാണ്. ഇവയൊന്നും ഇപ്പോഴില്ല. ആല്‍മരവും ചെമ്പകമരങ്ങളും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോഴും, തെങ്ങ് ഇടിമിന്നലേറ്റുമാണ് നശിച്ചത്.ചിത്രംവര : ജോര്‍ജ്ജ് എം. ജോസഫ്

ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഫോട്ടോ, 1970-കളില്‍ ക്ഷേത്രം പൊളിച്ചുനീക്കുന്നതിന് മുന്‍പ് എടുത്തിട്ടുള്ളതാണ്. ഇടുക്കി ജില്ലക്കാരന്‍ തന്നെയായ ശ്രീ. എം.ടി. ജോസഫ് പകര്‍ത്തിയ ഈ ചിത്രത്തില്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിലെ പൂജാരിയും രാമപുരം സ്വദേശിയുമായ നമ്പൂതിരിയാണുള്ളത്. ഒപ്പമുള്ള രണ്ടുപേര്‍ ആരാണെന്ന് അറിയില്ല. എങ്കിലും, അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രത്തിന്റെ പൂര്‍വ്വരൂപത്തെക്കുറിച്ചുള്ള ചില വ്യക്തമായ സൂചനകള്‍ ഈ ഫോട്ടോയില്‍നിന്നും ലഭിക്കുന്നുണ്ട്…

Manoj Mathirappally

Share News