
“കുറവിലങ്ങാട് മുത്തിയമ്മ”യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും
ഇസ്രായേലിലെ നസ്രത്തിലുള്ള മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം മംഗളവാർത്ത ദേവാലയത്തിൽ എത്തിച്ചു. മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാലാണ് ഛായാചിത്രനിർമ്മാണം ഉൾപ്പെടെ തിരുസ്വരൂപം മംഗളവാർത്ത ദേവാലയത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത്.
നാളെ സെപ്റ്റംബർ 8നു മാതാവിന്റെ പിറവിത്തിരുനാൾ ആചരിക്കുന്ന ധന്യവേളയിൽ വലിയ സന്തോഷത്തിന്റേതായ സദ്‌വാർത്ത… “പുണ്യ ഭൂമിയാം ഇസ്രായേലിന്റെ മണ്ണിൽ ഈ മഹാവ്യാധിയുടെ നാളുകളിൽ… “കുറവിലങ്ങാട് മുത്തിയമ്മ’” യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും…
ഗബ്രിയേൽ ദൂതൻ കന്യകാമറിയത്തിനെ (“ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ :- ലൂക്കാ 1:28 ) എന്നു തുടങ്ങുന്ന മംഗളവാർത്ത അറിയിച്ച സ്ഥലത്ത് പണിതിരിക്കുന്ന ദേവലയമാണ് നസ്രത്തിലെ മംഗള വാർത്താ ദേവാലയം (Church of Annunciation) ആയി അറിയപ്പെടുന്നത്. നസ്രത്തിലെ പ്രധാന ദേവാലയമാണ് മംഗള വാർത്ത ദേവാലയം. മാതാവിന്റെ വീടിനോട് ചേർന്ന് ഉള്ള ഗ്രോട്ടോയുടെ മുകളിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കന്യകാമറിയത്തിന് ഇവിടെ വച്ചാണ് ദൂതൻ ഈശോയുടെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകുന്നത്.
ഈ ദേവാലയത്തിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക്ചിത്രം മാതാവിന്റെ പിറവിത്തിരുനാൾ ആഘോഷിക്കുന്ന നാളെ പ്രതിഷ്ഠിക്കും. കുറവിലങ്ങാട് പള്ളിയുടെ പശ്ചാത്തലത്തിലുള്ള കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രമാണ് സ്ഥാപിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള മാതാവിന്റെ ഒരു ചിത്രം മംഗള വാർത്താ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നത് ഇത് ആദ്യമാണ്. ലോകചരിത്രത്തിൽ മാതാവിന്റെ പ്രഥമ പ്രത്യക്ഷീകരണം നടന്ന സ്ഥലമായ കുറവിലങ്ങാടിൻറെ പ്രാധാന്യം കണക്കിലെടുത്താണ് കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക്ഛായചിത്രം നസ്രത്തിലെ ദേവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ അനുമതി നൽകിയിട്ടുള്ളത്. മാതാവിന്റെ പ്രഥമ പ്രത്യക്ഷീകരണം, കുറവിലങ്ങാട്, കേരളാ, ഇന്ത്യ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.
ജറുസലേമിലെ പള്ളികളുടെ പൂർണ്ണചുമതലകൾ നിർവഹിക്കുന്ന ഡിസ്‌ക്രിറ്റോറിയം കഴിഞ്ഞ മാർച്ച് നാലിനാണ് ഇതിനുള്ള അനുമതി നൽകിയത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഡിസ്‌ക്രിറ്റോറിയം കുസ്‌തോസ് ഫ്രാൻസിസ്‌കോ പാറ്റണ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. തുടർന്ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് (ഇപ്പോൾ പാലാ രൂപത വികാരി ജനറാൾ) മോണ്. ജോസഫ് തടത്തിൽ നസ്രത്ത് മംഗളവാർത്ത തീർത്ഥാടന കേന്ദ്രം റെക്ടർ മോൺ. ബ്രൂണോ വാരിയാനോ, കോൺസലേറ്റ് അറ്റാഷേ ജോഷി ബോയ് എന്നിവരുമായി ബന്ധപ്പെട്ട് ഛായാചിത്രപ്രതിഷ്ഠയ്ക്കുള്ള നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
ഇറ്റലിയിൽ നിന്നെത്തിച്ച മൊസൈക്ക് ഉപയോഗിച്ച് ലബലോണിലെ ജറീക്കോയിൽ ഫ്രാൻസിസ്‌കൻ വൈദികരുടെ നേതൃത്വത്തിലാണ് ഛായാചിത്രത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.
മംഗളവാർത്ത ദേവാലയത്തിൽ നടക്കുന്ന ജപമാലപ്രദക്ഷിണവീഥിയോട് ചേർന്നുള്ള ചത്വരത്തിലായിരിക്കും മുത്തിയമ്മയുടെ ചിത്രം സ്ഥാപിക്കുക.
ശനിയാഴ്ചകളിൽ നടക്കുന്ന പ്രദക്ഷിണം മുതിയമ്മയുടെ ചിത്രത്തിന് മുന്നിലെത്തുമ്പോൾ ഭാരതത്തിനായി പ്രത്യേക പ്രാർത്ഥനയും നടത്തും.
നാളെ (സെപ്റ്റംബർ 8) ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ 3.00മണിവരെ നീളുന്ന തിരുകർമ്മങ്ങൾക്കിടയിലാണ് രൂപത്തിന്റെ പ്രതിഷ്ഠ നടക്കുന്നത്.