വലിയൊരു പാഠപുസ്തകമാണ് ഈ രചനകളും അവ വിലയിരുത്തിക്കൊണ്ട് എംടിയും എൻപിയും മാധവിക്കുട്ടിയും സക്കറിയയും സുഭാഷ് ചന്ദ്രനും എഴുതിയ കുറിപ്പുകളും.

Share News

ഒരു ചെറിയ വലിയ സന്തോഷ വർത്തമാനം.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി വിഷുപ്പതിപ്പ് കഥകൾ’ എന്ന പുസ്തകത്തിൽ മൂന്നു കഥകളുണ്ട്. സുഭാഷ് ചന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റർ. 1969 മുതൽ 2020 വരെ സമ്മാനിതമായ കഥകളാണ് ഇതിലുളളത്.എൻഎസ് മാധവനും എൻ പ്രഭാകരനും അയ്മനം ജോണും സുഭാഷ് ചന്ദ്രനും അഷിതയും ചന്ദ്രമതിയും വി.എസ്. അനിൽകുമാറും വത്സലൻ വാതുശേരിയും ടി.പി. കിഷോറും ഗീതാ ഹിരണ്യനും കെ രേഖയും മുതൽ പുതുതലമുറയിലെ രാഹുൽ മണപ്പാട്ട് വരെയുള്ളവരുടെ കഥകൾ.

ആദ്യകഥ അച്ചടിച്ചു വന്നതിന്റെ സന്തോഷം രേഖപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെ നമ്മുടെ കഥാകൃത്തുക്കൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ താളുകൾ ഗൃഹാതുരതയോടെ ഓർമ്മിക്കുന്നു’വെന്നു സുഭാഷ് ചന്ദ്രൻ ആമുഖ വാചകത്തിൽ പറയുന്നത് എത്ര സത്യം !കോളജ് വിഭാഗത്തിൽ മൂന്നു വർഷമാണ് എനിക്ക് ഒന്നാം സമ്മാനം ലഭിച്ചത്.ഈ സമാഹാരത്തിൽ ഒരു എഴുത്തുകാരന്റെയും പേരിൽ മൂന്നു കഥകളില്ല എന്നത് സ്വകാര്യ അഭിമാനമായി സൂക്ഷിക്കുന്നു.ഒരു തവണ നിങ്ങൾക്ക് ഒന്നാം സമ്മാനം കിട്ടി.പക്ഷേ പിന്നീടു രണ്ടു തവണ കൂടി മൽസരത്തിനു കഥ അയക്കാൻ എങ്ങനെ ധൈര്യം കിട്ടിയെന്നു ചോദിക്കുന്ന സുഹൃത്തുക്കളുണ്ട്. രണ്ടാമത്തെ തവണ നിങ്ങൾ രണ്ടാമതോ മൂന്നാമതോ ആയി പോയിരുന്നെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ കഥ പരിഗണിക്കപ്പെട്ടിരുന്നില്ലെങ്കിൽ തകർന്നു പോകുമായിരുന്നില്ലേ എന്നായിരുന്നു അവരുടെ സംശയം. ഇപ്പോഴും അത്തരം ചോദ്യങ്ങൾ നേരിടുന്നു.സത്യത്തിൽ ഇത്തരം ആകുല ചിന്തകളൊന്നുമില്ലാതെയായിരുന്നു ഞാൻ കഥകളയച്ചത്.

സമ്മാനം ലഭിച്ച ആദ്യകഥ ‘ധന്യാമേരി ഒരു നക്ഷത്രമായി’ അയക്കുമ്പോൾ എഴുത്തിന്റെ ലോകത്ത് വേണ്ടത്ര അറിവുകളില്ലാത്ത ഒരു കൊച്ചുകുട്ടിയായിരുന്നു ഞാൻ. മനസ്സിനു തൃപ്തി തോന്നിയ ഒരു രചന അയച്ചു എന്നല്ലാതെ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. പിന്നീട് അക്കാര്യം മറന്നേ പോയി. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോഴിക്കോട് മാതൃഭൂമി ദിനപത്രത്തിൽ നിന്നു കഥയ്ക്കു സമ്മാനമുണ്ടെന്നും പാസ്പോർട്ട് സൈസ് ഫോട്ടോ അടിയന്തരമായി അയക്കണമെന്നും കാണിച്ച് ഒരു ടെലഗ്രാം ലഭിച്ചു.

പിറ്റേന്നത്തെ പത്രത്തിൽ വിഷു കഥാമത്സരത്തിന്റെ വാർത്തയും ചിത്രവും ഉണ്ടായിരുന്നു. എന്റെ നാട്ടിലും അന്നു പഠിച്ചിരുന്ന ശ്രീശങ്കര കോളജിലും ഇത്തരമൊരു വലിയ അംഗീകാരം ആദ്യമായിട്ടായിരുന്നു.എഴുത്തിന്റെ വലിയ ലോകം അന്നവിടെ പരിചയപ്പെടുത്തിയത് ബീല ടീച്ചറായിരുന്നു. ടീച്ചർ സന്തോഷിച്ചിരിക്കണം.മഹാരാജാസിൽ എത്തിയപ്പോൾ ലോകം ജീവിതം മാറി. അതുവരെ കണ്ട കാഴ്ചകളും അനുഭവങ്ങളുമല്ല. അതുവരെ വായിച്ചതല്ല, ഇനി വായിക്കാൻ കിടക്കുന്നത്.

കഥയിലും മഹാരാജാസിലും എനിക്കു മുൻഗാമിയായ സുഭാഷ് ചന്ദ്രൻ ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’ എന്ന ഗംഭീര രചനയിലൂടെ അന്നു മഹാരാജാസ് വിദ്യാർഥിയായിരിക്കെ വിഷുപ്പതിപ്പു മത്സരത്തിൽ ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്. സുഭാഷ് ചന്ദ്രനിരുന്നു പഠിച്ച അതേ എംഎ ക്ലാസിലിരുന്നാണു ഞാനും പഠിച്ചത്. കെജിഎസ്സും തുറവൂർ വിശ്വംഭരൻ മാഷും സി.ആർ.ഓമനക്കുട്ടനുമൊക്കെയടങ്ങുന്ന അതേ അധ്യാപക നിര.‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയ’വും സി.ആർ. പരമേശ്വരന്റെ ‘പ്രകൃതിനിയമ’വും അക്കാലത്ത് ആവർത്തിച്ചു വായിച്ച രചനകളായിരുന്നു.ആ വായനകൾ നൽകിയ ബലവും ആത്മവിശ്വാസവുമാണു പിന്നീടു ‘കൾചറൽ ജേർണലിസം’ എന്ന കഥയെഴുതാൻ കാരണമായത്. ആ കഥയും പിന്നീട് മീഡിയ അക്കാദമി വിദ്യാർഥിയായിരിക്കെ എഴുതിയ മില്ലേനിയും ടൂറുമാണ് പിന്നീട് വിഷുപ്പതിപ്പു മത്സരത്തിൽ ഒന്നാമതെത്തിയത്.

കഥകള്‍ പ്രസിദ്ധീകരിച്ചപ്പോഴത്തെ രേഖാചിത്രങ്ങളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മദനൻ ആണ് മൂന്നു കഥകൾക്കുമായി ഇലസ്ട്രേഷനുകൾ ചെയ്തത്. നന്ദി, പ്രിയപ്പെട്ട സുഭാഷ് ചന്ദ്രനും മാതൃഭൂമി ബുക്സിനും. അന്നു വലിയൊരു തുക സമ്മാനം തന്നു എഴുത്തു പ്രോത്സാഹിപ്പിച്ചു. ഇപ്പോ അതൊരു പുസ്തകമാക്കി വീണ്ടും പേനയെടുക്കൂ എന്നു ഉത്സാഹിപ്പിക്കുന്നു.

കഥയുടെ വഴിയെ നടക്കുന്നവർക്കുന്നവർക്കും ഇനി കടന്നുവരുന്നവർക്കും വലിയൊരു പാഠപുസ്തകമാണ് ഈ രചനകളും അവ വിലയിരുത്തിക്കൊണ്ട് എംടിയും എൻപിയും മാധവിക്കുട്ടിയും സക്കറിയയും സുഭാഷ് ചന്ദ്രനും എഴുതിയ കുറിപ്പുകളും.

ടി.ബി. ലാൽ
Share News