തമ്മിലടിച്ച് തകരേണ്ട സമയമല്ലിത്, ഉണരുക
ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന അതിരൂക്ഷമായ സ്ഥിതിവിശേഷം കര്‍ഷകരെ ദുഃഖദുരിതത്തിലാഴ്ത്തുന്നുവെങ്കില്‍, രാജ്യത്തുടനീളം മതേതരത്വത്തിനു നേരെ ഉയരുന്ന വര്‍ദ്ധിച്ച വെല്ലുവിളികളും വര്‍ഗ്ഗീയശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ക്രൈസ്തവസമൂഹത്തിനുനേരെ ആഞ്ഞടിക്കുന്നു. ഈ നാടിന്റെ വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവനവും പങ്കാളിത്തവും സംഭാവനകളും സാന്നിധ്യവും അതുല്യമായിരിക്കുമ്പോള്‍ ഈ നിസ്വാര്‍ത്ഥ ശുശ്രൂഷകളെ അപമാനിച്ച് അട്ടിമറിക്കാനുള്ള തീവ്രവാദ ശക്തികളുടെ നിഗൂഢഅജണ്ടകളും അണിയറനീക്കങ്ങളും കടന്നാക്രമങ്ങളും ക്രൈസ്തവ നേതൃത്വങ്ങള്‍ കാണാതെപോകരുത്. തമ്മിലടിച്ചു തകര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക (ക്രൈസ്തവ) പാര്‍ട്ടികളുടെ ഗതികെട്ട അവസ്ഥയോര്‍ത്ത് ദുഃഖവും, അമർഷവും തോന്നുന്നു.
കേരളത്തിലെ കര്‍ഷകരെല്ലാം ക്രൈസ്തവരല്ല. മതത്തിനും ജാതിക്കും വര്‍ണ്ണത്തിനും അതീതമാണ് നമ്മുടെ കാര്‍ഷിക മേഖലയും നാം പങ്കുവെയ്ക്കുന്ന കാര്‍ഷിക സംസ്‌കാരവും. എന്നാല്‍ സംസ്ഥാനത്തെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ജീവനോപാധിയായി ആശ്രയിച്ചിരിക്കുന്നത് കൃഷിയെയാണ്. ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് ജോലിസാധ്യതകള്‍ തേടിയുള്ള യാത്രകള്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. സഭാസ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും വിദേശരാജ്യങ്ങളിലുമായി തൊഴിലവസരങ്ങള്‍ കണ്ടെത്തുവാന്‍ ക്രൈസ്തവസമൂഹത്തിലെ പുത്തന്‍തലമുറ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസുകളിലേയ്ക്കുള്ള അവസരങ്ങള്‍ പലപ്പോഴും ഇതരവിഭാഗങ്ങള്‍ക്കുള്ള സംവരണങ്ങളില്‍ തട്ടി അട്ടമറിക്കപ്പെടുന്നെങ്കിലും കഴിവിന്റെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉന്നതസ്ഥാനങ്ങളിലുള്‍പ്പെടെ കയറിപ്പറ്റി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ക്രൈസ്തവസമുദായ അംഗങ്ങളുണ്ട്. ഇവരെല്ലാം കടന്നുവന്ന വഴികള്‍ കൃഷിയുടെയും പങ്കുവച്ചത് കാര്‍ഷിക സംസ്‌കാരവും ക്രൈസ്തവ പാരമ്പര്യവുമാണ്. ഈ കാര്‍ഷിക സംസ്‌കാരത്തിന്റെ നന്മകളെയും കര്‍ഷക കുടുംബങ്ങളില്‍ അനുദിനം പങ്കുവെച്ച സ്‌നേഹത്തിന്റെ ഊഷ്മളതയും ക്രൈസ്തവ പാരമ്പര്യവും പൈതൃകവും തിരിച്ചറിയണമെങ്കില്‍ കടന്നുവന്ന വഴികളിലേയ്ക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലണം.
ക്രൈസ്തവ കാര്‍ഷിക ചരിത്രം
കേരളത്തിലെ ആദിമക്രൈസ്തവരായ നസ്രാണിസമൂഹം ഇന്ന് അതിജീവനത്തിനുള്ള പോരാട്ടവുമായി ലോകത്തിന്റെ അതിര്‍ത്തികളിലെത്തിയിരിക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. എ.ഡി.52-ല്‍ ക്രിസ്തുശിഷ്യനായ വി.തോമ്മാശ്ലീഹായില്‍ നിന്ന് ക്രൈസ്തവ വിശ്വാസം ഏറ്റുവാങ്ങിയവര്‍. നിത്യവൃത്തിക്കായി കൃഷിയെ ശരണംവെച്ചവര്‍. പാട്ടത്തിനെടുത്ത പണ്ടാരം, ദേവസ്വം വക സ്ഥലങ്ങളില്‍ കൃഷിയിറക്കി ഉല്പന്നങ്ങളില്‍ നല്ലൊരുപങ്കും തങ്ങളുടെ തമ്പ്രാക്കള്‍ക്ക് കാഴ്ചവെച്ച നസ്രാണികളുടെ കാര്‍ഷികചരിത്രം ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അജ്ഞാതമാകും. കാലങ്ങള്‍ക്കുശേഷം ഈ സമൂഹം പമ്പാനദിക്കും ഭാരതപ്പുഴയ്ക്കുമിടയില്‍ നിന്ന് മാറിമാറി നാടുഭരിച്ചവരുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി മലയോരങ്ങളിലേയ്ക്ക് കുടിയേറി മണ്ണിനെ പൊന്നാക്കി.
അതിജീവന പോരാട്ടത്തിന്റെ ഇന്നലകൾ
ഈ അതിജീവന പോരാട്ടകാലഘട്ടങ്ങളില്‍ മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് മരിച്ചുവീണവര്‍ ഏറെ. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും തീരാരോഗങ്ങളും അവനെ തളര്‍ത്തിയില്ല. കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും മുമ്പില്‍ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്നുനീങ്ങിയപ്പോള്‍ അവന്റെ മുമ്പില്‍ ഒരു ചിന്ത മാത്രേയുണ്ടായിരുന്നുള്ളൂ. എനിക്കും എന്റെ കുടുംബത്തിനും ഈ മണ്ണില്‍ ജീവിക്കണം. നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കുകോട്ടയാല്‍ മനസ്സു പരുവപ്പെട്ടപ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ കഷ്ടപ്പാടുകള്‍ മറന്നു. നഷ്ടെപ്പടലുകളെ അതിജീവിച്ചു.
കൈയ്യിലേന്തിയ മരക്കുരിശിലും, മാറോടുചേര്‍ത്തുപിടിച്ച തിരുഹൃദയരൂപത്തിലും എല്ലാം സമര്‍പ്പിച്ച് ജീവിതം നട്ടുവളര്‍ത്തിയവരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ചരിത്രം തലമുറകള്‍ വഴിമാറിയപ്പോള്‍ ക്രൈസ്തവരും ക്രൈസ്തവരായ കര്‍ഷകരും സന്തതിപരമ്പരകളും മറന്നുപോകുന്നു. ആധുനികതയുടെ ചക്രവാളങ്ങള്‍ കൈയ്യെത്തിപ്പിടിച്ചുകൊണ്ട് ആഗോളതലത്തില്‍ പറന്നുയരുമ്പോഴും വാര്‍ത്താമാധ്യമങ്ങളുടെ സാങ്കേതികമികവില്‍ അഹങ്കാരത്തോടെ പഴമയെ പുച്ഛിച്ചുപുറന്തള്ളുമ്പോഴും നാം തിരിച്ചറിയണം ഇന്നലെകളിലെ ക്രൈസ്തവ കര്‍ഷക നന്മകള്‍.
കൈമോശം വന്ന കാര്‍ഷിക നൈര്‍മല്യം
ഭൂമിയെ സ്‌നേഹിച്ച് മണ്ണിനെ കുമ്പിട്ട് അന്നംവിളയിച്ച കര്‍ഷകന്‍. ആടിനെ തലോടിയും മാടിനെ തഴുകിയും, പട്ടിയും പൂച്ചയും കോഴിയും മാത്രമല്ല വീടിനുചുറ്റും പൂന്തോപ്പുകളും പച്ചക്കറികളും വളര്‍ന്നു പടര്‍ന്നു പന്തലിച്ച് പുരയും പുരയിടവുമായി വിളകളുടെയും വിളവെടുപ്പിന്റെയും കുളിര്‍മയുള്ള കാര്‍ഷിക നൈര്‍മല്യം നമുക്കിന്ന് കൈമോശം വന്നിരിക്കുന്നു. ഇല്ലായ്മയില്‍ നിന്നാണെങ്കില്‍പോലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് കഞ്ഞിവിളമ്പിയുള്ള അത്താഴം സ്‌നേഹത്തിന്റെ പങ്കുവയ്ക്കലായിരുന്നു. മാതാപിതാക്കളെ സ്‌നേഹിക്കുന്ന മക്കളും, പ്രഭാതത്തിലും പ്രദോഷത്തിലും മക്കളെ മുന്നിലിരുത്തി പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളും നമ്മുടെ കുടുംബങ്ങളില്‍ നിന്നു മണ്‍മറഞ്ഞുപോയതിന്റെ ദുരന്തഫലങ്ങള്‍ ഇന്ന് ക്രൈസ്തവസഭയും കര്‍ഷസമൂഹവും നേരിടുകയാണ്.
സംരക്ഷണമേകേണ്ടവര്‍ ഇന്നെവിടെ?
ആധുനികതയുടെ വിളറിപിടിച്ച നെട്ടോട്ടത്തില്‍ മൂല്യങ്ങളും തലമുറകളായി കാത്തുസൂക്ഷിച്ച നന്മകളുടെ സംസ്‌കാരവും തകര്‍ന്നടിയുമ്പോള്‍ സഭാമക്കള്‍ക്ക് താങ്ങും തണലും സംരക്ഷണവും പ്രതീക്ഷകളുമേകാന്‍ ക്രൈസ്തവ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. സഭാസമൂഹത്തെയും അവരുടെ ജീവിതപ്രശ്‌നങ്ങളേയും മറന്ന് വന്‍കിട സ്ഥാപനങ്ങളിലേയ്ക്കും അവയുടെ സംരക്ഷണത്തിലേയ്ക്കും മാത്രമായി ഉത്തരവാദിത്വപ്പെട്ട സഭാനേതൃത്വങ്ങളും വിശ്വാസിസമൂഹം പ്രതീക്ഷയര്‍പ്പിച്ചവരും ശ്രദ്ധതിരിക്കുമ്പോള്‍ അനാഥരായി പ്രതിസന്ധിയിലായിരിക്കുന്നത് ആത്മീയതയും പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ച സമുദായ സന്താനങ്ങളാണ്. ഇവരില്‍ നല്ലൊരുശതമാനവും കര്‍ഷകരുമാണ്.
കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികള്‍ അതിഭീകരമാണ്. വിലത്തകര്‍ച്ചയില്‍ ഒരടിപോലും മുന്നോട്ടുനീങ്ങാനാവാതെ മണ്ണിന്റെ മക്കളുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്നു. ചിലര്‍ക്കെങ്കിലും ഇതര വരുമാനമാര്‍ഗ്ഗങ്ങള്‍ കുടുംബത്തിലുള്ളതുകൊണ്ട് ഒരുപക്ഷേ ജീവിതം കൂട്ടിമുട്ടിക്കാനാവും. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്നവന്റെ ഗതികെട്ട അവസ്ഥയെക്കുറിച്ച് ആഴത്തിലിറങ്ങിച്ചെന്നു പഠിക്കുവാനോ ഇടപെടലുകള്‍ നടത്തുവാനോ അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുവാനോ ക്രൈസ്തവസമുദായ നേതൃത്വം എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടാല്‍ ഫലം നിരാശയാണ്.
ഇന്‍ഫാം പോലുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും അവരുടെ സംഘടനാകാര്യം എന്നുപറഞ്ഞ് മുഖംതിരിഞ്ഞുനില്‍ക്കുന്ന മനോഭാവം ഇനിയെങ്കിലും സമുദായ നേതൃത്വം തിരുത്തേണ്ടിയിരിക്കുന്നു.
തമ്മിലടിച്ചു തകരുന്ന കര്‍ഷക (ക്രൈസ്തവ) പാര്‍ട്ടികള്‍
കേരളത്തിലെ കര്‍ഷകപാര്‍ട്ടികളേയും ഇവിടെ ഓര്‍മ്മിക്കാതെ നിവൃത്തിയില്ല. കര്‍ഷകരുടെ സംരക്ഷണം കുത്തക അവകാശംപോലെ ഏറ്റെടുത്ത് 1965-ല്‍ രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കര്‍ഷകന്റെ പാര്‍ട്ടിയെന്നും ക്രൈസ്തവന്റെ പാര്‍ട്ടിയെന്നും കാലാകാലങ്ങളായി വിമര്‍ശകര്‍ പറയുമ്പോഴും ഇതുരണ്ടുമാണ് കേരള കോണ്‍ഗ്രസെന്നുള്ളത് പരമസത്യമാണ്. ഒരു കാലത്ത് മധ്യതിരുവിതാംകൂറിലെയും മലയോരങ്ങളിലെയും മണ്ണിന്റെ മക്കളുടെയും ക്രൈസ്തവ ജനതയുടെയും ജീവശ്വാസമായിരുന്ന ഈ രാഷ്ട്രീയ പ്രസ്ഥാനം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും ഇവര്‍ എന്തുനേടിത്തന്നുവെന്ന് വീണ്ടും ചോദിച്ച് ഞങ്ങള്‍ ആരെയും വേദനിപ്പിക്കുന്നില്ല. പക്ഷേ ഒന്നറിയാം അധികാരത്തില്‍ ആണിയടിച്ചതുപോലെയിരുന്ന നാളുകളില്‍ കര്‍ഷകജനതയെ സംഘടിതശക്തിയാക്കി മാറ്റിയുള്ള കര്‍ഷകമുന്നേറ്റത്തില്‍ ഇവരും പരാജയപ്പെട്ടു. ഗ്രൂപ്പുകളും ചെറുപാര്‍ട്ടികളുമായി വിഘടിച്ച് തമ്മിലടിച്ച് തകര്‍ന്നടിഞ്ഞ് വഴിയോരക്കച്ചവടക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയില്ലേ ഇക്കൂട്ടര്‍. ഇവരുടെ നടപടികളൊന്നും കര്‍ഷകരുടെ നന്മയ്‌ക്കോ ജനങ്ങളുടെ സേവനത്തിനോ ഉപകരിച്ചില്ലെന്നുള്ള പരമാര്‍ത്ഥം യഥാര്‍ത്ഥ കര്‍ഷകനും ഒട്ടനേകം ക്രൈസ്തവര്‍ക്കുമറിയാം. കാലാന്തരത്തില്‍ വിഘടിച്ചും തമ്മിലടിച്ചും തകര്‍ന്നടിഞ്ഞതല്ലാതെ നാം എന്തുനേടിയെന്ന് വൈകിയവേളയിലെങ്കിലും ഇക്കൂട്ടര്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. തകര്‍ച്ചയുടെ നടുക്കടലില്‍ക്കിടന്ന് കൈകാലിട്ടടിക്കുമ്പോഴെങ്കിലും പരസ്പരം മറന്നും ക്ഷമിച്ചും വിട്ടുവീഴ്ചകളിലൂടെ അനുരഞ്ജനത്തിന്റെയും പരസ്പരസഹകരണത്തിന്റെയും വാതായനങ്ങള്‍ തുറക്കപ്പെടേണ്ടതല്ലേ? ഇവിടെയാണ് ക്രൈസ്തവ സമുദായ നേതൃത്വങ്ങളുടെയും കണ്ണുതുറക്കേണ്ടത്.
ഒരുമയും സ്വരുമയും നഷ്ടപ്പെട്ടു
നാടുഭരിക്കുന്നവരെ ആദരവോടെയും ബഹൂമാനത്തോടെയും കാണുകയെന്നത് യഥാര്‍ത്ഥ പൗരന്റെ കടമയും ഉത്തരവാദിത്വവുമാണ്. എന്നുകരുതി അന്തസ്സും അഭിമാനവും ആദര്‍ശവും അവര്‍ക്കായി അടിയറവ് വയ്‌ക്കേണ്ടതില്ല. സഭയും സമുദായവും പരസ്പര പൂരകങ്ങളാണ്. സഭയ്‌ക്കേല്‍ക്കുന്ന ഓരോ ആഘാതങ്ങളും അധിക്ഷേപങ്ങളും ചെന്നുകൊണ്ട് ചങ്ക് തകര്‍ക്കപ്പെടുന്നത് വിശ്വാസിസമൂഹമുള്‍ക്കൊള്ളുന്ന സമുദായത്തിന്റെയാണ്. രാഷ്ട്രീയ സാമൂഹിക കാര്‍ഷിക മണ്ഡലങ്ങളിലെ സഭാമക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും ശക്തിയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കേണ്ടത് സഭാനേതൃത്വത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. ആരാധനക്രമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുമ്പോഴും പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിക്കുമ്പോഴും വിഘടിച്ചുനില്‍ക്കാതെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും വേദികളൊരുക്കുവാന്‍ ക്രൈസ്തവസഭകള്‍ക്കാകണം.
വര്‍ഗ്ഗീയ വിഷക്കാറ്റ് ആഞ്ഞടിക്കുന്നു
ക്രൈസ്തവജനതയുടെ കൂട്ടായ്മയും ഒരുമയും ബന്ധങ്ങളും ശക്തിപ്പെടുത്തുവാനും നിലനിര്‍ത്തുവാനും അതേസമയം മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും വിശാലമായ കാഴ്ചപ്പാടുകള്‍ വിളിച്ചറിയിക്കുവാനും ക്രൈസ്തവ നേതൃത്വത്തിനാകുന്നില്ലെങ്കില്‍ ഇന്ത്യയിലുടനീളം ആഞ്ഞടിച്ചുകൊണ്ടിരക്കുന്ന മതതീവ്രവാദ വര്‍ഗ്ഗീയ വിഷക്കാറ്റില്‍ ക്രൈസ്തവമക്കള്‍ മരിച്ചുവീണ് ചരിത്രത്തിന്റെ ഭാഗമാകും.
ക്രൈസ്തവസമുദായവും കര്‍ഷകപാര്‍ട്ടികളും കര്‍ഷകപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായിട്ടുള്ള ഒരു മുന്നേറ്റം അടിയന്തരമാണ്. നാടിന്റെ നട്ടെല്ലായ കര്‍ഷകനെ നിലനിര്‍ത്തി കാര്‍ഷികമേഖലയെ സംരക്ഷിക്കുകയും അദ്ധ്വാനവര്‍ഗ്ഗ ജനവിഭാഗത്തിനുവേണ്ടി ശക്തമായി പോരാടുകയും ചെയ്യേണ്ടത് കര്‍ഷക രാഷ്ട്രീയ പാര്‍ട്ടികളുടെയും, കാര്‍ഷികമേഖലയിലുള്ള ജനകീയ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കടമയും ഉത്തരവാദിത്വവുമാണ്. കാര്‍ഷികമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും കര്‍ഷകരുടെ രക്ഷയ്ക്കുമായി സംഘടിച്ചുള്ള പോരാട്ടത്തിന്റെ സമയമാണിത്.
സംഘടിച്ചു മുന്നേറുക
വോട്ടുചെയ്യാനുള്ള ഉപകരണവും അധികാരത്തിലേറുവാനുള്ള ഏണിപ്പടികളും മാത്രമായി കര്‍ഷകരെ കാണുന്ന രാഷ്ട്രീയ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകണം. അദ്ധ്വാനവര്‍ഗ്ഗ ജനസമൂഹത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും നിരന്തരം പോരാടുകയും ചെയ്യുന്ന നിസ്വാര്‍ത്ഥവും സംഘടിതവുമായ കൂട്ടായ നേതൃത്വത്തിന്റെ അഭാവമിന്ന് കര്‍ഷകരില്‍ കടുത്ത നിരാശയുളവാക്കുന്നു. പരസ്പരം പോരടിച്ചും വിഘടിച്ചുനിന്നുമുള്ള പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകര്‍ക്കായി ഒന്നും നേടിയെടുക്കാനാവില്ലെന്നുള്ള വേദനനിറഞ്ഞതും കരുത്തുചോര്‍ന്നതുമായ അനുഭവങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്.
തിരുത്തലുകള്‍ക്ക് തയ്യാറാകുക
ഇന്നലകളിലെ തിക്താനുഭവങ്ങളില്‍ നിന്നും തിരുത്തലുകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ ഈ മണ്ണില്‍ നമ്മെ നോക്കിയിരിക്കുന്നത് അന്ധകാരവും അഗാധഗര്‍ത്തവുമാണെന്ന് ക്രൈസ്തവനും കര്‍ഷകനും തിരിച്ചറിയണം. ആഗോളവത്കരണത്തിന്റെയും ആസിയാന്‍ കരാറുകളുടെയും പ്രത്യാഘാതങ്ങള്‍ കാര്‍ഷികമേഖലയെ വലിഞ്ഞുമുറുക്കുമ്പോള്‍ അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയിലൂടെ ആഭ്യന്തരവിപണിയില്‍ ഉല്പന്നങ്ങളുടെ വിലയിടിഞ്ഞ് ക്രൈസ്ത വരുടേതുള്‍പ്പെടെ കര്‍ഷകരുടെ ജീവിതം വഴിമുട്ടുമ്പോള്‍ കൈത്താങ്ങാകുവാന്‍ ക്രൈസ്തവസഭാസമുദായ നേതൃത്വങ്ങള്‍ക്കും കര്‍ഷക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമാകണം.
വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ രാജ്യത്തുടനീളം പൊട്ടിമുളയ്ക്കുമ്പോള്‍ നാളെ നാം നേരിടാനിരിക്കുന്ന വന്‍വെല്ലുവിളിയെ നിസ്സാരവല്‍ക്കരിച്ചു കാണരുത്.
ക്രൈസ്തവരുടെയും കര്‍ഷകപാര്‍ട്ടികളുടെയും കര്‍ഷകപ്രസ്ഥാനങ്ങളുടെയും കണ്ണുതുറന്നില്ലെങ്കില്‍ നാളത്തെ നമ്മുടെ പ്രഭാതം ഇരുണ്ടതാകും. ഈ അന്ധകാരത്തില്‍ ഒരല്പം വെളിച്ചംവിതറുവാന്‍ ഈ കുറിപ്പുകള്‍ക്കാകട്ടെ.
ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ
സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ,
ലെയ്റ്റി കൗണ്‍സില്‍