ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.

Share News

ഈ സ്ഥലം ഏതാണെന്ന് മനസ്സിലായോ? കണ്ടിട്ട് ഒരു വനപ്രദേശം പോലുണ്ടല്ലേ , ആരും തെറ്റിദ്ധരിക്കേണ്ട,ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ,ക്രിക്കറ്റ് ടീമുകൾ,കായിക താരങ്ങൾ,എന്നിവരെല്ലാം മാറ്റുരച്ചിട്ടുള്ള അറിയപ്പെടുന്ന ഗ്രൗണ്ടാണിത്.

കേരളോത്സവം,പഞ്ചായത്ത്കായികമേള,സ്കൂൾ കായികമേള,,എന്നിവയെല്ലാം ഈ ഗ്രൗണ്ടിൽ പലവട്ടം നടന്നപ്പോൾ ഒരു കാഴ്ചക്കാരനായി എല്ലാവരോടും ഒപ്പം ഗ്രൗണ്ടിന്റെ മതിലിൽ ഞാനുമുണ്ടായിരുന്നു.

എല്ലാ വൈകുന്നേരങ്ങളിലും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുമിച്ച് ഗ്രൗണ്ടിൽ നടന്നിരുന്ന കാൽപന്തുകളി കാണാൻ എത്രയോ ആളുകൾ ആണ് ഗ്രൗണ്ടിന്റെ മതിലിൽ സന്തോഷത്തോടെ കാഴ്ചക്കാരായി വന്നിരുന്നത്.

ആരക്കുഴ സെൻമേരിസ് ഫുട്ബോൾ ടീം നമുക്ക് മറക്കാനാകുമോ. ഈ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്ന ഫുട്ബോൾ ടൂർണമെന്റ് നമുക്ക് മറക്കാനാകുമോ..മനസ്സിൽ ആഹ്ലാദത്തിന്റെ നിറവും മണവുമുള്ള പൂക്കൾ വിരിഞ്ഞ് മറക്കാനാവാത്ത ഒരു വസന്തകാലമായിരുന്നു അത്.

അന്ന് പള്ളിപ്പെരുന്നാൾ ആഘോഷ ദിനങ്ങളിൽ കേരളത്തിലെ പല ഗാനമേള ഗ്രൂപ്പുകളുടെയും നാടക ഗ്രൂപ്പുകളുടേയും പ്രോഗ്രാമുകൾ ഈ ഗ്രൗണ്ടിലാണ് അരങ്ങേറിയിരുന്നത്,അന്ന് കലാസ്വാദകരേ കൊണ്ട് നിറയും നമ്മുടെ സെൻ മേരീസ്ഗ്രൗണ്ട്. അതുപോലെ എനിക്കറിയാവുന്ന ഒരുപാട് കലാകാരന്മാർ ഈ ഗ്രൗണ്ടിലെ മതിൽകെട്ടിൽ വന്നിരുന്ന് കാൽപന്തുകളി ആസ്വദിച്ചിട്ടുണ്ട്.മ്യൂസിക്ഡയറക്ടർ അൽഫോൻസ് ജോസഫ്,യുവനടൻ ഫഹദ് മാനുവൽ, അന്തരിച്ച ഹാസ്യതാരം മുൻഷി വേണു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പിന്നെ നാടകം അവതരിപ്പിക്കാൻ നമ്മുടെ സെൻ മേരീസ് ഗ്രൗണ്ടിൽഎത്തിയ. രാജൻ പി ദേവ്,ബെന്നി പി നായരമ്പലം, ഹരിശ്രീ അശോകൻ,ഗായത്രി അശോകൻ,അന്തരിച്ച മച്ചാൻ വർഗീസ്, അതുപോലെ 93 -94 കാലഘട്ടത്തിൽ ആരക്കുഴ യൂണിയൻ ബാങ്കിനോട് ചേർന്ന് കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന, പെരിയാമ്പ്ര ഒരു റബർ കടയുണ്ടായിരുന്ന ബേബി എന്ന സെബാസ്റ്റ്യൻ ചേട്ടൻ തന്റെ കൊച്ചു കുട്ടിയും ഭാര്യയുമായി ഈ ഗ്രൗണ്ടിൽ വൈകുന്നേരം ഓടാൻ വരുമായിരുന്നു..ബേബി ചേട്ടൻ ഗ്രൗണ്ടിൽഓടുമ്പോൾ ഭാര്യയും കുഞ്ഞും ഗ്രൗണ്ടിന്റെ പുൽപുറത്ത് ഇരിക്കും. ചിലപ്പോൾ ആ കുട്ടിയെ എടുത്തുകൊണ്ടു ബേബിചേട്ടൻ ഓടും,ചിലപ്പോൾ ആ കുട്ടി കൂടെ ഓടാൻ ശ്രമിക്കും, കണ്ടത്തിലെ ജൂബിനും,അന്തരിച്ച പ്രിയ കൂട്ടുകാരൻ രാജുവും ഞാനും ഒക്കെ ഈ കൊച്ചു കുഞ്ഞിന്റെ കുസൃതി കണ്ടു നിന്നിട്ടുണ്ട്,ഈ കുട്ടിയാണ് ഇന്ന് നാമറിയുന്ന പ്രശസ്ത സിനിമ നടി മഡോണസെബാസ്റ്റ്യൻ, പിന്നെ ആരക്കുഴയിൽ നിന്നുള്ള ചില ബിഷപ്പുമാരും,വൈദികരും,പിന്നെ ചില എംഎൽഎമാരും,,കുട്ടിക്കാലത്ത് ഓടി കളിച്ചിട്ടുള്ളതാണ് നമ്മുടെ ഗ്രൗണ്ട്..എന്തിന് ചരിത്രം പരിശോധിച്ചാൽ മാന്നാനം പള്ളി പണിയാൻ ആരക്കുഴ ഇടവകയിൽ വളരെ പണ്ട് തടി അന്വേഷിച്ചുവന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനും നമ്മുടെ സെൻമേരിസ് ഗ്രൗണ്ടിൽ വ്യായാമത്തിനായി ഒന്നു നടന്നിട്ടുണ്ടാവണം.

മനുഷ്യൻ ഏറ്റവുമധികം സന്തോഷിക്കുന്നത് വിനോദവേളയിലാണ്,മാനസിക സന്തോഷം കൊണ്ടുള്ള വ്യായാമം ആരോഗ്യം മാത്രമല്ല മനുഷ്യന് ദീർഘായുസ്സ് നൽകും,അതുകൊണ്ട് പണ്ട്കാലത്ത് രാജാക്കന്മാർ കായികവിനോദങ്ങൾക്ക് വലിയ ഗ്രൗണ്ട് ഉണ്ടാക്കുമായിരുന്നു.ഇന്നും അങ്ങനെതന്നെ കോടികൾ മുടക്കിയുള്ള സ്റ്റേഡിയങ്ങൾ പലരാജ്യങ്ങളും പണിയുന്നു… ഏതൊരു നാടിന്റെയും ഐശ്വര്യം ആണ്,ആ പ്രദേശത്തെ ഗ്രൗണ്ട്, ഞങ്ങളുടെ നാട്ടിൽ ഒരു കളിസ്ഥലം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രയോ മുതിർന്നവരും കുട്ടികളും ഉണ്ടെന്ന് അറിയാമോ…കാൽ പന്തു കളിക്കാൻ,ക്രിക്കറ്റ് കളിക്കാൻ,പാടത്തെ കൊയ്ത്ത് കഴിയാൻ കാത്തിരിക്കുന്ന എത്രയോ കുട്ടികളും മുതിർന്നവരും..

നമ്മുടെ സെൻമേരിസ് ഗ്രൗണ്ടിനെ എല്ലാവരും മറന്നു എന്ന് തോന്നുന്നു. ഇന്ന് സെൻമേരിസ് ഗ്രൗണ്ടിൽ കളിക്കാൻ ആളുകൾ ഇല്ലാതായി,,ലോക്ക് ഡൗണിന് മുൻപ് തന്നെ അത് സംഭവിച്ചിരുന്നു.. വ്യായാമം ചെയ്യാൻ ആരും വരാതെ ആയിരിക്കുന്നു.. മാത്രമല്ല,,ഗ്രൗണ്ടിലെ കുട്ടികളുടെ കളിയും ചിരിയും എല്ലാം കാണാൻ ഗ്രൗണ്ടിന്റെ മതിൽക്കെട്ടിൽ വന്നിരുന്ന ആളുകളും ഇന്നില്ല…ഒരിക്കൽ തോട്ടക്കര, ആരക്കുഴറോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി മതില് പൊളിച്ചുകളഞ്ഞു.പിന്നീട് മൂന്നു കൊല്ലം കഴിഞ്ഞ് പള്ളിയിൽ നിന്ന് മതിൽ പണിയിച്ചപ്പോൾ,,മതിലിന്റെ ഉയരം വളരെ കുറച്ചു കളഞ്ഞു..ആളുകൾക്ക് ഇരിക്കാനായി മതിലിന്അല്പംകൂടി ഉയരം കൂട്ടി പണിയണമെന്ന് പലരും നിർദ്ദേശിച്ചു എങ്കിലും ഉയരം കുറച്ചു തന്നെ ഗ്രൗണ്ടിന്റെ മതിൽ പണികഴിപ്പിച്ചു.

ഒരു പ്രദേശത്തിന്റെ നന്മയായ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ട് ഇന്ന് കാടുപിടിച്ചു കിടക്കുന്നു.കാൽപന്ത് കളിക്കുന്ന കുട്ടികളെ ഇന്ന്,,, ഗ്രൗണ്ടിൽ കാണാറില്ല.. വളരെ ഉയരം കുറഞ്ഞമതിൽക്കെട്ടിൽ ആരും വന്ന് ഇരിക്കാറില്ല. സർക്കാർ ചിലവിൽ തൊഴിലുറപ്പു കാരുടെ സഹായത്തോടെ നാടിന്റെ നന്മക്കായി നമ്മുടെ സെൻമേരിസ് ഗ്രൗണ്ടിൽ നിറഞ്ഞുനിൽക്കുന്ന കാടുവെട്ടികളഞ്ഞിരുന്നു എങ്കിൽ വിഷപാമ്പുകൾ കയറാതിരുന്നേനെ. അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നങ്കിൽ അവരെ ഓർമ്മിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് തിരിച്ചറിയുക. കാരണം ആരു ഭരിച്ചാലും നമുക്കും നമ്മുടെ നാടിനും നന്മ ഉണ്ടാവണമെങ്കിൽ നമ്മൾ ആഗ്രഹിക്കണം നമ്മൾ തന്നെ പ്രവർത്തിക്കണം…. ഇത് എല്ലായിടത്തും എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ള ഒരു സത്യമാണ്.

നിരപ്പ് അല്ലാതെ ഒരു വശം ഉയർന്നു മറുവശം താഴ്ന്നുകിടന്ന് ഒരു ഗ്രൗണ്ട് ആയിരുന്നു നമ്മുടെ സെൻമേരിസ് ഗ്രൗണ്ട്,1980-90 കാലഘട്ടത്തിലാണ് ഈ ഗ്രൗണ്ടിന്റെ പണി നടന്നത്,ആദ്യം ഗ്രൗണ്ടിൽ മണ്ണ് എടുക്കൽ പണി നടത്തിയത് തമിഴ്നാട്ടുകാരയിരുന്നു.അന്ന് അവർ നമ്മുടെ ഗ്രൗണ്ടിൽ കുടുംബത്തോടെ വന്നു താമസിച്ചാണ് പണി ചെയ്തത്.പക്ഷേ പണി പൂർത്തീകരിച്ചിരുന്നില്ല. ഫണ്ട് തീർന്നു.പിന്നീട് 88 ൽ സ്പോർട്സ് ൽ ആരക്കുഴ സ്കൂളിന് സംസ്ഥാനത്ത് നിരവധി പ്രൈസുകൾ ലഭിച്ചിരുന്നു.അന്ന് ആരക്കുഴ ബോയ്സ് സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ, കല്ലൂർക്കാട് ഉള്ള ജോർജ്ജ് സാറായിരുന്നു. അന്ന് ആരക്കുഴ സ്കൂളിൽ പഠിച്ചിരുന്ന ബൊമ്മ എന്നു വിളിക്കുന്ന അരിക്കുഴ ക്കാരൻ ഷാബു ഫ്രാൻസിസിന് ഷോർട്ട് പുട്ടിൽ റിക്കോർഡ് സ്വർണം .കൂടാതെ മറ്റു പലർക്കും പല ഇനങ്ങളിൽ, ആ വർഷം തന്നെ ബാഡ്മിന്റൺ മത്സരത്തിൽ ബൈജു ടീമിന് (കേള) സംസ്ഥാനത്ത് സ്വർണ മെഡൽ ലഭിച്ചു. ഈ വിജയങ്ങളിൽ സ്കൂൾ ഗ്രൗണ്ട് നന്നാക്കാൻ സർക്കാർ കുറെ പണം അനുവദിച്ചു.ആ പണം ഉപയോഗിച്ച് സ്കൂളും പഞ്ചായത്തും ചേർന്ന് ഗ്രൗണ്ട് പണി പൂർത്തിയാക്കി,,അങ്ങനെയാണ് ഇന്ന് നാം കാണുന്നതുപോലെ ഗ്രൗണ്ട് മനോഹരമാക്കി എടുത്തത്….

ഗ്രൗണ്ടിലെ ഒരുവശം സൈഡിൽ നോക്കിയാൽ നമുക്ക് മനസ്സിലാകും എത്രത്തോളം മണ്ണ് നീക്കം ചെയ്താണ് ഗ്രൗണ്ട് നിരപ്പാക്കിയതെന്ന്.അന്ന് നമ്മുടെ സെൻമേരിസ് ഗ്രൗണ്ട് എല്ലാവരും പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്നു.

വിശ്വപ്രസിദ്ധ ഇംഗ്ലീഷ് കഥാകാരൻ oscar wilde ന്റെ രാക്ഷസന്റെ പൂന്തോട്ടം എന്ന ഒരു കഥയുണ്ട്. രാക്ഷസൻന്റെ കോട്ടക്ക് പുറത്തുള്ള മനോഹരങ്ങളായ പൂക്കൾ നിറഞ്ഞു നിന്നിരുന്ന ആ പൂന്തോട്ടത്തിൽ ഒത്തിരി കുട്ടികൾ കളിക്കാൻ വരുമായിരുന്നു.രാക്ഷസൻ കോട്ടയിൽ ഇല്ലാതിരുന്നതിനാൽ കുട്ടികൾ കളിച്ചു രസിച്ചു നടന്നു. ഒരിക്കൽ രാക്ഷസൻ ആകോട്ടയിൽ തിരിച്ചെത്തി,,,പൂന്തോട്ടത്തിൽ കളിച്ചിരുന്ന കുട്ടികളെ എല്ലാം ഓടിച്ചുവിട്ടു. ഇനി കുട്ടികൾ പൂന്തോട്ടത്തിൽ കയറാതിരിക്കാൻ പുറത്ത് വലിയൊരു മതിൽകെട്ടി…അങ്ങനെ കുട്ടികൾ അവിടേക്ക് വരാതായി…എന്തായാലും പിന്നീട് രാക്ഷസന്റെ പൂന്തോട്ടത്തിൽ പൂക്കളൊന്നും വിരിഞ്ഞില്ല.. ഒരിക്കൽ രാക്ഷസൻ കണ്ടു..തന്റെ പൂന്തോട്ടത്തിൽ നിൽക്കുന്ന ഒരു കൊച്ചു കുട്ടി ആ കുട്ടിക്ക് കയറി ഇരിക്കാൻ ഒരു മരച്ചില്ല സ്വയം താഴ്ന്നു കൊടുക്കുന്നു..ആ കുട്ടിയോട് മനസ്സലിവ് തോന്നിയ രാക്ഷസൻ ആ കുട്ടിയെഎടുത്ത് മരച്ചില്ലയിൽ ഇരുത്തി പെട്ടെന്ന് ആ മരത്തിൽ നിറയെ പൂക്കൾ വിരിഞ്ഞു..

ആ സംഭവത്തിലൂടെ രാക്ഷസൻ മനസ്സിലാക്കി കുട്ടികൾ വരാത്തതു കൊണ്ടാണ് തന്റെ തോട്ടത്തിൽ പൂക്കൾ വിരിയാത്തത് എന്ന്..പിറ്റേന്ന് രാക്ഷസൻ തോട്ടത്തിന്റെ വലിയ ഗേറ്റ് കുട്ടികൾക്ക് പ്രവേശിക്കാനായി തുറന്നു കൊടുത്തു.. അങ്ങനെ കുട്ടികളെല്ലാം ആ തോട്ടത്തിൽ എത്തി പൂചെടികൾക്കിടയിലൂടെ ഓടിക്കളിക്കാൻ തുടങ്ങി..അങ്ങനെ രാക്ഷസന്റെതോട്ടത്തിലും വസന്തം കടന്നു വന്നു,,, നശിച്ചുപോകാൻ തുടങ്ങിയ ആ തോട്ടത്തിൽ മനോഹരമായ പൂക്കൾ വിരിയാൻ തുടങ്ങി… ഓസ്കർ വൈൽഡ് ന്റെ രാക്ഷസന്റെ പൂന്തോട്ടം എന്ന കഥ നമുക്ക് നല്ലൊരു സന്ദേശം തരുന്നുണ്ട്.

ഇത് ഇലക്ഷൻ കാലമാണ്,,നമ്മുടെ ആരക്കുഴ ഗ്രാമത്തിൽ നന്മയുടെ പൂക്കൾ വിരിയിക്കും…എന്നു പറയുന്ന ഒരുപാട് സ്ഥാനാർത്ഥികളെ നമ്മൾ കാണുന്നു എന്നാൽ ഒരു കാര്യം ഓർമിപ്പിക്കട്ടെ.ഒരു ഗ്രൗണ്ട് നാടിന്റെ തന്നെ ഐശ്വര്യമാണ്…. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം കളിക്കാനായി നമ്മുടെ സെൻമേരിസ് ഗ്രൗണ്ട് മനോഹരമായി ഒരുക്കി കൊടുക്കുക..

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എങ്കിലും ഗ്രൗണ്ടിലെ കാട് ഒന്നു വെട്ടിക്കളയുക….ഈ കൊറോണ കാലം കഴിയുമ്പോൾ എങ്കിലും..മാനസിക സന്തോഷത്തിന് മറ്റുള്ളവർക്കായി ഗ്രൗണ്ടിലെകളികൾ കണ്ടിരുന്ന ആസ്വദിക്കാൻ,സന്തോഷത്തോടെ ഒന്ന് ഇരുന്നു വിശ്രമിക്കാൻ,കഴിയുമെങ്കിൽ പഴയതുപോലെ ഗ്രൗണ്ട്മതിൽ ഒന്ന് ഉയർത്തി പണിതു കൊടുക്കുക. അങ്ങനെ ചെയ്താൽ നമ്മുടെ ആരക്കുഴ ഗ്രാമത്തിന്റെ ഐശ്വര്യമായ സെൻമേരിസ് ഗ്രൗണ്ടിലേക്ക് നന്മയുടെ വസന്തം വീണ്ടും കടന്നുവരും

Sabu Arakuzha

Share News