ദൈവത്തെ അറിയാന്‍!?

Share News

ജോർജ് ഗ്ലോറിയ

ആദ്യ കുര്‍ബാന സ്വീകരണത്തിനും എത്രയോ മുമ്പേ തന്നെ അള്‍ത്താര ശുശ്രൂഷിയാകാനുള്ള അനുഗ്രഹം കിട്ടിയ ആളാണു ഞാന്‍. 

 അക്കാലത്തു ഓസ്തി ചുടുന്ന കപ്യാരുടെ കൂടെക്കൂടി അത്  ഒരുക്കി എടുത്തിരുന്നതു കൊണ്ട് ഒസ്തിയുടെ നിറവും മണവും രുചിയുമെല്ലാം അന്നേ അറിഞ്ഞിരുന്നു.  അതിനാല്‍ പിന്നീടു ആദ്യ കുര്‍ബാന സ്വീകരിച്ചപ്പോള്‍  ഒസ്തിയുടെ രുചിക്കു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു എനിക്കു വളരെപ്പെട്ടെന്നു പിടികിട്ടി.  

പക്ഷെ,  ആരോടെങ്കിലും ആ സംശയം ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.  പ. കുര്‍ബാനയിലെ ദൈവസാന്നിദ്ധ്യം നിഷേധിക്കുന്നത് പെന്തക്കൊസുകാരാണെന്നായിരുന്നു എന്റെ അറിവു.  പെന്തക്കൊസുകാരനായി ആരോപിക്കപ്പെടാതിരിക്കാന്‍ സംശയവും അടക്കിപ്പിടിച്ചു നടന്നെങ്കിലും അധികനാള്‍ അതിനായില്ല.  സര്‍വ്വ ധൈര്യവും സംഭരിച്ചു മറ്റാരും അടുത്തില്ലാത്ത നേരം നോക്കി ഞാന്‍ വികാരിയച്ചനോടു ആ സംശയം ചോദിക്കുക തന്നെ ചെയ്തു. 

  ‘അച്ചാ,  ഓസ്തി കൂദാശ ചെയ്തിട്ടും മാറ്റമൊന്നും വന്നില്ലല്ലോ’ 

 അച്ചന്‍ ‘സത്താപരമായ മാറ്റ’ത്തെക്കുറിച്ച്  എന്തെല്ലാമോ കുറേനേരം പറഞ്ഞു.  പറഞ്ഞതു ഒരു ചുക്കും എനിക്കു മനസ്സിലായില്ലെന്നു പിടികിട്ടിയതുകൊണ്ടാവണം അച്ചന്‍ പിന്നെ ‘transubstantiation’എക്കുറിച്ചു ഇംഗ്ലിഷിലായി ബാക്കി.  26 അക്ഷരങ്ങളായിരുന്നു അന്ന് ഇംഗ്ലീഷില്‍ എന്റെ അറിവു.  എനിക്കൊന്നു മനസ്സിലായി. ഇതൊന്നും എനിക്കു പിടികിട്ടുന്നതല്ല.  പക്ഷെ ദൈവം എന്റെ പക്ഷത്തായിരുന്നു.  അധികം നാളുകള്‍ കഴിയും മുമ്പേ ഇതേ സംശയം ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മയുടെ അടുക്കല്‍ ഉന്നയിക്കാനുള്ള ഭാഗ്യം അവിടുന്ന് എനിക്കൊരുക്കിത്തന്നു.  ആ അമ്മച്ചി എടുത്തവായിലെ പറഞ്ഞു: 

‘നീ ആളു കൊള്ളാമല്ലോടാ ചെറുക്കാ.  ഇക്കണക്കിനു അമ്മയുടെ മുലപ്പാലിനു ചോരയുടെയും മാംസത്തിന്റെയും ചുവയല്ലല്ലോ എന്നും നീ പറഞ്ഞു കളയുമല്ലോടാ.’ 

അമ്മയുടെ ചോരയും മാംസവും കുഞ്ഞിനു കഴിക്കാന്‍ പാകത്തിനു മാധുര്യമൂറുന്ന മുലപ്പാലായി അമ്മ തരുംപോലെ ഈശോയും.  അന്ന് മനസ്സിലായതില്‍ വലിയ കൂടുതലൊന്നും കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങള്‍ കൊണ്ടു  എനിക്കു പിടി കിട്ടിയിട്ടില്ല, പ. കുര്‍ബ്ബാനയെക്കുറിച്ചു.  ഈ പുരാവൃത്തം ഇവിടെ പറഞ്ഞതു പഠനത്തിലൂടെയും അനുഭവത്തിലൂടെയും ദൈവത്തെ അറിയുന്നതിലുള്ള വ്യത്യാസം ഒന്ന് വ്യക്തമാക്കാനാണ്.

മാത്രമല്ല.  അനുഭവത്തിന്റെ പിന്‍ബലമില്ലാത്ത പഠനങ്ങള്‍ ചിലപ്പോള്‍ ആപത്കരമാവുകയും ചെയ്തേക്കാം.  ഒരു പുരാവൃത്തം കൂടി പറയുന്നതു ക്ഷമിക്കണേ.  

1979 ല്‍ ഭാരതപ്പുഴയുടെ അഴിമുഖത്തുള്ള ഒരു ചെറു പട്ടണത്തില്‍ വച്ചാണ് സംഭവം.

  നിളാ നദിയുടെ മണല്‍ത്തിട്ടയില്‍  എന്നോടൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ IAS നു പഠിക്കുന്ന മിടുക്കനായ ഒരു ബാങ്ക് ഓഫീസറായിരുന്നു. 

 ഞങ്ങളുടെ കണ്മുമ്പില്‍ കടലില്‍ താഴുന്ന സൂര്യനേപ്പോലെ, ഇനിയും ഏറെനേരം കൂടെക്കാണില്ലാ  ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാരനും എന്ന തിരിച്ചറിവു നല്‍കിയ ഞെട്ടലില്‍ നിന്നും ഞാന്‍ മുക്തി നേടിയിരുന്നില്ല.  എങ്ങിനെയും അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കണം എന്നു കരുതി എന്തെല്ലാമൊക്കെയോ ഞാന്‍ പറഞ്ഞെങ്കിലും അറിവിലും ബുദ്ധിയിലും എന്നെക്കാള്‍ ബഹുദൂരം മുമ്പിലായ അയാളെ ഒന്നു തോണ്ടാന്‍ പോലും എനിക്കായില്ല.  അവസാനക്കൈ പ്രയോഗമായി ഞാന്‍ സ്നേഹം എടുത്തിട്ടു. 

 സ്നേഹം അങ്ങിനെയൊന്നില്ല എന്നു തെളിയിക്കുന്ന അദ്ദേഹത്തിന്റെ മുന്നില്‍ ശ്വാസമടക്കി ഞാനിരുന്നു.  കൌമാരത്തിനു മുമ്പു ഒരനുഭവമായിട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും ഒരാള്‍ക്കു സ്നേഹം അറിയാന്‍ കഴിയില്ല എന്ന സത്യം  അന്ന്  ഞാന്‍ അറിഞ്ഞിരുന്നില്ല.

 ‘എന്തായാലും നിങ്ങളുടെ അമ്മയും അപ്പനും നിങ്ങളെ സ്നേഹിക്കുന്നില്ലേ?  അവരെ ഓര്‍ത്തെങ്കിലും…’  

എന്നെക്കൊണ്ടത് മുഴുമിപ്പിക്കാന്‍ അയാള്‍ അനുവദിച്ചില്ല. 

 ‘എന്തു സ്നേഹം ജോര്‍ജ്?  സുഖം തേടിയുള്ള അവരുടെ യാത്രയില്‍ സംഭവിച്ച ഒരബദ്ധമല്ലേ ഞാന്‍?  പിന്നെ, ജനിച്ചപ്പോള്‍ ഒരാണ്‍ കുഞ്ഞല്ലേ എന്നു കരുതി വളര്‍ത്തി.  ഒരൈയ്യേയെസ്സുകാരന്റെ മാതാപിതാക്കള്‍  ആകാനുള്ള ത്വരയില്‍ UKG മുതല്‍ ബോര്‍ഡിങ്ങില്‍ അയച്ചു പഠിപ്പിച്ചു.  എല്ലാം ലാഭേച്ഛ തന്നെ.’

പ്രീയപ്പെട്ടവരേ,  അയാള്‍ പഠിച്ച ജന്തുശാസ്ത്രം തന്നെയാണ് നമ്മളൊക്കെ പഠിച്ചത്.  പക്ഷെ, നമ്മളാരും നമ്മുടെ ജന്മരഹസ്യത്തെക്കുറിച്ചു അങ്ങിനെ പറഞ്ഞിട്ടില്ല, ചിന്തിച്ചിട്ടുമില്ല.  കാരണം ജന്തുശാസ്ത്രം പഠിക്കും മുമ്പ് നമ്മള്‍ മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിരുന്നു.  

ഞാന്‍ പറഞ്ഞുവരുന്നതും അതു തന്നെയാണ്.

  ദൈവസ്നേഹാനുഭവത്തില്‍  വരാതെ ദൈവത്തെ ശാസ്ത്രീയമായി പഠിക്കുന്നതും ആപത്കരമായേക്കാം.  അല്ലെങ്കിലും സ്നേഹം നിര്‍ബ്ബന്ധിക്കുമ്പോള്‍ വിവരങ്ങള്‍ പഠിക്കുന്നതാണ് സ്വാഭാവീകം. 

പ്രൈമറി ക്ലാസ്സുകളില്‍ എവിടെയോ വച്ചു മുഹമ്മദ്‌ ബിന്‍ തുഗ്ലക്കിന്റെ പേരു കാണാതെ പഠിക്കാന്‍ ഞാന്‍ എന്തുമ്മാത്രം കഷ്ടപ്പെട്ടിരിക്കുന്നു? 

എന്നാല്‍ ക്ലിഷ്ടതയില്‍ ഒട്ടും പിന്നിലല്ലാത്ത ജോര്‍ജ്ജു ഗ്ലോറിയ എന്ന എന്റെ പേരു LKGയില്‍ എത്തും മുമ്പേ എന്റെ നാലു മക്കളും പഠിച്ചത് ഇമ്പോസിഷന്‍ എഴുതിച്ചു പഠിപ്പിച്ചതുകൊണ്ടല്ല.  അവരുടെ അപ്പനാണെന്ന അനുഭവം എന്റെ പേരു പഠിക്കാന്‍ അവരെ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ്.

ദൈവത്തെ അറിയാനും ദൈവം ഏര്‍പ്പാടാക്കിയിരിക്കുന്നതു ഈ അനുഭവതലം തന്നെയാണ്.  ദൈവം സ്വയം വെളിപ്പെടുത്തുന്നതിനായി നല്‍കിയ കല്പനകളെ പഠനവിഷയമാക്കി,  ഗവേഷണങ്ങള്‍ നടത്തി ഗ്രന്ഥങ്ങള്‍ ഏറെ രചിച്ചു മനുഷ്യനു ആയുഷ്കാലം മുഴുവന്‍ കൊണ്ടു പഠിച്ചു തീര്‍ക്കാന്‍ ആവാത്ത പരുവത്തിലാക്കിയപ്പോള്‍ ഈശോ വന്നു അതിനെ സ്നേഹിക്കുക എന്ന ഒറ്റവാക്കിലൊതുക്കി.  അതാകട്ടെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതോ വായിച്ചു പഠിക്കേണ്ടതോ എന്നതിലുപരി അനുഭവിച്ചറിയേണ്ട  ബന്ധ സംബന്ധിയായ ഒന്നായിരുന്നു.

  ബന്ധം ആരംഭിക്കുന്നതു വിശ്വാസത്തിലാണല്ലോ.  ശരണത്തിലൂടെ അത് വളരുന്നു, സ്നേഹത്തില്‍ അത് എത്തിച്ചേരുന്നു.  സ്നേഹിക്കുന്നയാളെ നാം കൂടുതല്‍ വിശ്വസിക്കുന്നു….

.  ഈ ചക്രം നിരന്തരം പുരോഗമിക്കുന്ന ചലനാത്മകമായ ഒന്നാണ് താനും.  എങ്കിലും യേശു പറഞ്ഞിട്ടു പോയതിനു പുറകെ അതിനെക്കുറിച്ചും ഗവേഷണം തുടങ്ങി പഴയ ഫരിസേയരുടെയും നിയമജ്ഞാരുടെയും പിന്‍ഗാമികള്‍. 

 ലളിതമായതിനെ അവര്‍ സങ്കീര്‍ണ്ണമാക്കുന്നു.  ദൈവത്തെ അറിയാന്‍ നില്‍ക്കാതെ  അവര്‍ ദൈവത്തെക്കുറിച്ചു അറിയാന്‍ ശ്രമിക്കുന്നു.  

‘പ്രവചനങ്ങള്‍ കടന്നുപോകും;  ഭാഷകള്‍ ഇല്ലാതെയാകും;  വിജ്ഞാനം തിരോഭവിക്കും.  സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.  വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.  എന്നാല്‍, സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം.’

(1കോറി.13/8,12, 13)

യേശുവിനെ അറിയാന്‍ ആഗ്രഹിച്ചു എത്തിയ ആദ്യ ശിഷ്യന്മാരോടുള്ള പ്രതികരണം എന്തായിരുന്നു എന്ന് (യോഹ.1/35-42) നോക്കുക. 

 ‘അങ്ങ് എവിടെയാണ് വസിക്കുന്നതു?’ 

അതായിരുന്നു അവരുടെ ചോദ്യം. വളരെ ലളിതമായി വീടെവിടെയാണ് എന്നുതുടങ്ങി ഉറവിടമെവിടെനിന്നാണ്  എന്ന സങ്കീര്‍ണ്ണത വരെ എത്താവുന്ന അര്‍ത്ഥതലങ്ങളുള്ള ചോദ്യം.

  പക്ഷെ ഉത്തരം വളരെ ലളിതമായിരുന്നു;  അസാധാരണവും അപ്രതീക്ഷിതവും. 

 ‘വന്നു കാണുക’. 

 യേശുവും അവിടുന്നു ആരെ സദൃശ്യനാക്കിയോ ആ ദൈവവും പറഞ്ഞു കേള്‍ക്കേണ്ടതോ  വായിച്ചു പഠിക്കേണ്ടതോ ആയ ഒന്നല്ല. അവര്‍ യേശുവിനോടൊപ്പം ചെന്നെങ്കിലും താന്‍ ആരാണെന്നതിനെക്കുറിച്ച് അവിടുന്ന് അവരോടു എന്തെങ്കിലും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.  

അവര്‍ ഒരു രാത്രി മുഴുവന്‍ അവനോടു കൂടിയായിരുന്നു. അവരുടെ സാക്ഷ്യം ‘ഞങ്ങള്‍ മിശിഹായെ കണ്ടു’ എന്നതായിരുന്നു.  അവര്‍  പിറ്റേന്ന് അവരുടെ സഹോദരനെയും മിശിഹായെ കാണിക്കാന്‍ കൊണ്ടുവന്നു.  യേശുവിനെ കണ്ടുമുട്ടിയ ഫീലിപ്പോസ്  വിജ്ഞാനകുതുകിയായ തന്റെ സ്നേഹിതനു യേശുവിനെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതില്‍ പരാജയപ്പെട്ടു.  അവസാനം അയാളും പറഞ്ഞു ‘വന്നു കാണുക’.  അയാള്‍ ചെന്നു.

ഒരു അനുഭവത്തിലൂടെ തടസവാദങ്ങളെയെല്ലാം മറികടന്നു യേശുവിനെ കണ്ടുമുട്ടുകയും ചെയ്തു.  

കിണറ്റിന്‍ കരയില്‍ താന്‍ കണ്ടുമുട്ടിയ യേശുവിനെ സാക്ഷിക്കുവാന്‍ ആ സമരിയാക്കാരിക്കും പറയാനുണ്ടായിരുന്നതു ‘വന്നു കാണുക’ എന്ന മന്ത്രം മാത്രമായിരുന്നു. 

 ഒരു ഗ്രാമത്തെ മുഴുവന്‍ യേശുവിന്റെ പാദത്തിങ്കല്‍ എത്തിക്കാന്‍ മാത്രം അത് ശക്തമായിരുന്നു താനും.  ആ ഗ്രാമീണരുടെ സാക്ഷ്യവും ഇവിടെ പ്രസക്തമാണ്. 

 രണ്ടു ദിവസം അവരോടൊപ്പം വസിച്ച യേശുവിനെക്കുറിച്ചു അവര്‍ ആ സമരിയാക്കാരിയോടു പറഞ്ഞു

 ‘ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല’. 

 കേട്ടറിവായിക്കൊള്ളട്ടെ  ഗവേഷണം ചെയ്തു കണ്ടുപിടിച്ചതായിക്കൊള്ളട്ടെ, യേശുവുമായുള്ള ഒരു വ്യക്തി ബന്ധത്തിലേക്ക്  ഒരുവനെ എത്തിക്കുന്നില്ലെങ്കില്‍ ആ അറിവു തീര്‍ത്തും നിഷ്പ്രയോജനമാണ്.  

എനിക്കു പ്രധാനമന്ത്രിയെ അറിയാമെങ്കില്‍ പല പ്രയോജനവുമുണ്ട്;  പ്രധാനമന്ത്രിയെക്കുറിച്ച് അറിയാമെങ്കില്‍  PSC പരീക്ഷയ്ക്കു ഒന്നോ രണ്ടോ മാര്‍ക്കു കിട്ടിയേക്കും.  യേശുവിനെ അറിയുന്നതു മറ്റെല്ലാത്തിനെയും ഉച്ഛിഷ്ടമാക്കുവോളം വിലയുറ്റതാണ്;  രക്ഷാകരമാണു.  എന്നാല്‍  നിരീശ്വരനുപോലും യേശുവിനെക്കുറിച്ചു അറിയാവുന്നതേയുള്ളൂ. 

 ‘ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണ് കൊണ്ടു കണ്ടതും, സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെ ഞങ്ങള്‍ അറിയിക്കുന്നു.’(1യോഹ.1/1)

അതാണ്‌ അപ്പസ്തോലരുടെ സാക്ഷ്യം.  അത്തരമൊരു അനുഭവത്തിലേക്ക് ആ സാക്ഷ്യം  നമ്മെ എത്തിക്കുമ്പോളാണു അത് നമ്മില്‍ സാര്‍ത്ഥകമാകുന്നത്.

George Gloria

Share News