![](https://nammudenaadu.com/wp-content/uploads/2021/11/WCD.jpg)
ഇന്ന് ബാലാവകാശദിനം ആരാണ് കുട്ടി ?എന്തിനാണ് ബാലാവകാശങ്ങൾ ?|
ഇന്നത്തെ മെട്രോ വാർത്തയുടെ എഡിറ്റ് പേജ്
![](https://nammudenaadu.com/wp-content/uploads/2021/11/898522a1e50abce86951009c15fe8d64-1024x1024.jpg)
“രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞും അനുഭവിക്കുന്ന വേദന ഒന്നു തന്നെ “
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ രാജേഷ് മേനോന്റെ സംവിധാനത്തിൽ രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ മിലി എന്ന ചിത്രത്തിൽ അമലാപോളിന്റെ കഥാപാത്രം പങ്കുവെക്കുന്ന പഞ്ച് ഡയലോഗ് എന്നതിനപ്പുറം ചിന്തയുടെ വിശാല ലോകം നമുക്ക് മുന്നിൽ തുറക്കുന്നുണ്ടത്.
യാതൊരു വിധത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ടു നഷ്ടങ്ങളെ ചേർത്ത് വെക്കുമ്പോൾ കുട്ടിയെ കൂടുതൽ കരുതലോടെ ചേർത്തുനിർത്താനുള്ള ബാധ്യത കൂടി നമുക്കുണ്ട് എന്ന ഓർമ്മപ്പെടുത്തലുണ്ടതിൽ.
നവംബർ 20 ഈ വിഷയത്തെ ആഴത്തിൽ ചർച്ച ചെയ്യേണ്ട ദിനം തന്നെയാണ് കാരണം 1989 ൽ ഈ ദിനത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള അന്തർദേശീയ ഉടമ്പടി നിലവിൽ വന്നത്
ബാലാവകാശ സംരക്ഷണ രംഗത്തെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഈ ഉടമ്പടി പരിഗണിക്കപ്പെടുന്നു. അതിനാൽ തന്നെ സാർവ്വദേശീയമായി ഈ ദിനം ‘ബാലാവകാശദിന’മായി ആചരിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ബാലാവകാശങ്ങൾ ഏതെല്ലാം..
പ്രധാനമായും നാല് അവകാശങ്ങളാണവ.
- അതിജീവനം(SURVIVAL) ,
- ഉന്നമനം (DEVOLOPMENT)
- സംരക്ഷണം(PROTECTION)
- പങ്കാളിത്തം(PARTICIPATION).
1992-ല്‍ ഭാരതം ചരിത്രപരമായ ഈ ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിനാൽ തന്നെ നമ്മുടെ രാജ്യത്തിലെ കുട്ടികള്‍ക്ക് ഈ അവകാശങ്ങള്‍ ഉറപ്പു വരുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
ആരാണ് കുട്ടി
ഉടമ്പടിയുടെ ഒന്നാം വകുപ്പ് കുട്ടിയെ വളരെ കൃത്യമായി നിരവചിക്കുന്നു. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള എല്ലാവരെയും കുട്ടിയായിട്ടാണ് പരിഗണിക്കുക. പ്രസവം കഴിഞ്ഞ ഉടന്‍ കുഞ്ഞിന്റെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ബാലാവകാശ സംരക്ഷണം പൊതു സമൂഹത്തിന്റെയും സർക്കാറുകളുടെയും കൂട്ടുത്തരവാദിത്തം ആവശ്യപ്പെടുന്നു.
കുട്ടികളിൽ നിക്ഷേപിക്കാം..
Investing in our future means investing in our children.
‘ഭാവിയിൽ നിക്ഷേപിക്കുക എന്നതിനർത്ഥം നമ്മുടെ കുട്ടികളിൽ നിക്ഷേപിക്കുക എന്നാതാണ് ഈ വർഷത്തെ ബാലാവകാശ സംരക്ഷണ ദിനത്തിന്റെ പ്രമേയം.നമ്മുടെ പൊലീസ് സ്റ്റേഷനുകളും കോടതികളും ബാലസൗഹൃദമായ ഇടങ്ങളാക്കാൻ നമുക്ക് കഴിഞ്ഞു. പ്രാദേശിക സർക്കാരുകളും സന്നദ്ധത സംഘടനകളും ഒന്നു ചേർന്ന് പ്രവർത്തിച്ചാൽ
നമ്മുടെ പൊതു ഇടങ്ളെ കൂടുതൽ ബാലസൗഹൃദമാക്കി മാറ്റാൻ നമുക്ക് സാധിക്കും. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒട്ടനവധി നിയമങ്ങളും നയങ്ങളും പരിപാടികളും നിലവിലുണ്ട്. .
കോവിഡ് കാലം വെല്ലുവിളികളുടേത്..
കോവിഡ് കാലം നമ്മുടെ കുട്ടികളെ സവിശേഷമായി അവരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ടെന്നു കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ രണ്ടായിരത്തി ഇരുപതിൽ ആത്മഹത്യ ചെയ്തത് 324 കുട്ടികൾ. ഈ വർഷം ഇതുവരെ 53 പേർ. അഞ്ചുവർഷത്തിനിടെ 1213 കുട്ടികൾ ആത്മഹത്യ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. രക്ഷകർത്താക്കൾ ശാസിച്ചത് മുതൽ പ്രണയനൈരാശ്യംവരെ ആത്മഹത്യയിലേക്കു നയിച്ചു.
കളിയും ചിരിയും കൂട്ടും നിറഞ്ഞ വിദ്യാലയ അന്തരീക്ഷം ഒന്നര വർഷമായി അവർക്കന്യമായിരുന്നു. താൻ ഒരു സാമൂഹ്യ ജീവിയാണെന്നും തനിക്കു ഈ സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവിലേക്കു നമുക്ക് അവരെ മടക്കി കൊണ്ടു വരേണ്ടതുണ്ട്.
“ലോകം കുട്ടികളോട് പുലർത്തുന്ന വിശ്വാസത്തേക്കാൾ പവിത്രമായ മറ്റൊന്നില്ല. അവരുടെ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്നും ക്ഷേമം സംരക്ഷിക്കപ്പെടുന്നുവെന്നും ജീവിതം ഭയത്തിൽ നിന്നും നിന്നും മുക്തമാണെന്നും അവർക്ക് വളരാൻ കഴിയുമെന്നും ഉറപ്പുവരുത്തുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നില്ല “
കോഫി അന്നൻ എന്ന മുൻ സെക്രട്ടറി ജനറലിന്റെ വാക്കുകൾ മാനവ രാശിക്ക് വഴിതെളിക്കട്ടെ. ബാല സൗഹൃദമായ ഒരു സമൂഹ നിർമ്മിതിക്കായി നമുക്ക് പ്രയത്നിക്കാം.
ഡോ.സെമിച്ചൻ ജോസഫ്
അസി.പ്രഫസർ,
സാമൂഹ്യ പ്രവർത്തന വിഭാഗം.
ഭാരത മാതാ കോളേജ് തൃക്കാക്കാര
![](https://nammudenaadu.com/wp-content/uploads/2021/11/257604516_5057865307576812_8606469661570806556_n-1024x456.jpg)
![](https://nammudenaadu.com/wp-content/uploads/2021/11/AnyConv.com__download.jpg)
![](https://nammudenaadu.com/wp-content/uploads/2021/08/new-nn-logo-1.jpeg)