കോവിഡിനെതിരെ പ്രതിരോധശക്തിയായി കൊല്ലത്തെ ട്രാക്കും

Share News

കൊല്ലം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ ഭീകരതയുടെ വിത്ത് വിതച്ചിരിക്കുകയാണ്.2020 മാർച്ച് 15 മുതൽ ട്രാക്ക് അതിന്റേതായ എല്ലാ തലത്തിലും കൊറോണക്ക്‌ എതിരായുള്ള പോരാട്ടത്തിലാണ്. അഞ്ചുകൊല്ലം മുൻപ് അന്നത്തെ ഗതാഗത കമ്മീഷണർ ആയിരുന്ന ഋഷിരാജ്സിങ് ഐപിഎസ്, മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്‌സ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെയും പൊതുജനത്തെയും കോർത്തിണക്കി തുടങ്ങിവച്ച ട്രാക്ക് (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എന്ന എൻ.ജി.ഓ, ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ മുഖമായി മാറിക്കഴിഞ്ഞു. റോഡ് സുരക്ഷയും ഓഖിയും പ്രളയവും കടന്നു കോവിഡ് -19 ൽ എത്തി നിൽക്കുന്നു ട്രാക്കിന്റെ പ്രവർത്തനം.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് 19 നെതിരെയുള്ള കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങളിലേക്ക് ട്രാക്കിന്റെ പേര് നിർദ്ദേശിച്ചത്. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ഐ.എ.എസിന്റെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പിനൊപ്പം ട്രാക്ക് ഉടനെ കൈകോർക്കുകയും ചെയ്തു . കൊല്ലം, ഇരവിപുരം, മയ്യനാട്, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ റയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി

ബസ്റ്റാന്റുകളിലും ആന്റി കൊറോണ ഹെല്പ് ഡെസ്കിൽ ട്രാക്ക് നടത്തിയ സേവനത്തിലൂടെ നിരവധി രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനും ഐസലേഷനിൽ ആക്കേണ്ടവരെ കണ്ടെത്തുവാനും കഴിഞ്ഞു. ഇതായിരുന്നു തുടക്കം. പിന്നീട് ഗുഡ്സ് ട്രെയിനുകൾ മാത്രം ഓടുന്ന കാലയളവിലും, അന്യസംസ്ഥാന തൊഴിലാളികൾക്കും റെയിൽവേ സ്റ്റാഫിനും ഉള്ള ട്രെയിനുകളുടെ വരവിലും ഉൾപ്പെടെ റെയിൽവേ ആന്റി കൊറോണ ഹെല്പ് ഡെസ്കിലും റെയിൽവേ പോലീസ് എസ്.എച്ച്. ഓ എസ് ഐ ഉമറുൾ ഫാറൂഖിന്റെ നിർദ്ദേശമനുസരിച്ചു റെയിൽവേപോലീസിനൊപ്പവും ഈ റിപ്പോർട്ട്‌ തയ്യാറാക്കുമ്പോഴും ട്രാക്ക് പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു . ട്രാക്ക് എക്സിക്യൂട്ടീവ് അംഗം ഷഫീക് കമറുദീൻ ആണ് ട്രാക്ക് റെയിൽവേ ടീമിന്റെ കോർഡിനേറ്റർ.

കൊറന്റയിൻ സെന്ററുകൾ ആരംഭിച്ചപ്പോൾ ട്രാക്കിന്റെ പ്രവർത്തനവും വ്യത്യസ്ത തലത്തിലേക്ക് കടന്നു. ചാത്തന്നൂർ റോയൽ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സെന്ററുകളെല്ലാം വൃത്തിയാക്കിയ ട്രാക്ക് വോളന്റിയേഴ്‌സ്, കരിക്കോട് ടി.കെ.എം ഇന്റർനാഷണൽ ഹോസ്റ്റലിൽ പ്രവർത്തിച്ച ഐസലേഷൻ സെന്ററിൽ കോവിഡ് സംശയിക്കുന്നവരെയും കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നതു വരെയുള്ള രോഗികളെയും പരിചരിച്ചു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ ആണ് ട്രാക്കിന്റെ സന്നദ്ധപ്രവർത്തകർ ഇവിടെ സേവനം ചെയ്യുന്നത്. ഈ സെന്ററിൽ ഒരു കോവിഡ് പേഷ്യന്റ്, പിന്നീട് പോസിറ്റിവ് കേസ് ആയി തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുന്നതു വരെയും പരിചരിച്ച ട്രാക്ക് വോളന്റിയർ ഋഷി പ്രേം അവിടെത്തന്നെ കൊറന്റൈനിൽ പോയി മറ്റുള്ളവർക്ക് മാതൃകയായി. കൊല്ലം ഹോട്ടൽ സുദർശന ലേഡീസ് ഐസലേഷൻ സെന്ററിലും, നെല്ലിമുക്ക് പവിത്രം റെസിഡൻസി ഐസലേഷൻ സെന്ററിലും കൊട്ടാരക്കരയിലെ സി എച്ച് ആർ ഡി കൊറോണ കെയർ സെന്ററിലും (കില), റിഹാബിലിറ്റേഷൻ സെന്ററായ ഇ റ്റി സി യിലും ട്രാക്ക് വോളന്റിയേഴ്‌സ് സേവനം ചെയ്യുന്നുണ്ട് . കിലയിലെ ഐസലേഷൻ സെന്ററിൽ കോവിഡ് രോഗിയെ പരിചരിച്ചതിന് ട്രാക്ക് വോളന്റിയർമാരായ കെ. എൻ. പിള്ളയും ഭാര്യ സൂര്യകലയും പട്ടാഴി സ്വദേശി ബിന്ദുവും കൊറന്റയിനിൽ പോകേണ്ടി വന്നു. തങ്കശ്ശേരി, വാടി, മൂതാക്കര, പോർട്ട് കൊല്ലം ഹാർബറുകളിൽ പകലും രാത്രിയും ട്രാക്ക് വോളന്റിയേഴ്‌സ് പോലീസിനെയും കടലിന്റെ സൈന്യത്തെയും വാണിഭക്കാരെയും സഹായിക്കുന്നുണ്ട്. മുഹമ്മദ്‌അമീനാണ് അതിന്റെ കോർഡിനേഷൻ . എ.സി.പി. പ്രദീപ്കുമാർ, പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ സി. ഐ. ദേവരാജൻ, എസ്. ഐ. ജിബി വി. എൻ. എന്നിവരുടെ മേൽനോട്ടത്തിലാണ് ട്രാക്ക് വോളന്റിയേഴ്‌സ് ഇവിടെ സേവനനിരതരായിരിക്കുന്നത് കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സെന്ററായ തേവള്ളി മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ റിഹാബിലിറ്റേഷൻ സെന്ററിൽ വഴിയോരവാസികളെയും ലോക്ഡൗണിൽ ജില്ലയിൽ അകപ്പെട്ടുപോയവരെയും ട്രാക്ക് വോളന്റിയേഴ്‌സ് പരിചരിക്കുന്നുണ്ട്. കൊല്ലം കോർപറേഷൻ മൂന്നുനേരത്തെ ആഹാരം നൽകുകയും ക്ളീനിങ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. മറ്റു ആവശ്യങ്ങൾ വോളന്റിയേഴ്സിന്റെയും പൊതുജനത്തിന്റെയും സഹായത്തോടെ ട്രാക്ക് അവർക്ക് നൽകുന്നു. മലമൂത്രത്തിൽ കിടന്നുകിട്ടിയവർ ഉൾപ്പെടെയുള്ളവരെ ശുചിയാക്കുക , മുടി വെട്ടുക, മരുന്നെത്തിക്കുക, ആവശ്യമായ വസ്ത്രങ്ങളും മറ്റു അത്യാവശ്യ കാര്യങ്ങളും പത്രങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുക,എന്നിങ്ങിനെ എല്ലാ വിധ പരിചരണങ്ങളും ട്രാക്ക് വോളന്റിയേഴ്‌സ് അന്തേവാസികൾക്ക് നൽകുന്നുണ്ട്. ട്രാക്ക് വൈസ് പ്രസിഡന്റ് ഹോളിക്രോസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ ആതുരദാസ്, ട്രാക്ക് ട്രെയിനർ മുകേഷ്, വോളന്റിയർ ത്രിജയപ്രഭ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ചെക്കപ്പ് നടത്തി ക്യാമ്പിലുള്ള രോഗികളെയും കൂടാതെ ട്രാഫിക് പോയിന്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെയും, സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെയും സഹായിച്ചു കൊണ്ടേയിരിക്കുന്നു. ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ വൈകുന്നേരം 6.40 മുതൽ 6.50 വരെയുള്ള സമയം നടത്തി വരുന്ന പ്രാർത്ഥന ഈ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നു . ഒരു വിസിൽ നാദത്തോടെ പരിപൂർണ നിശബ്ദതയിൽ ആവുന്ന ക്യാമ്പ്, അടുത്ത പത്തു മിനിറ്റ് അന്തേവാസികളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രാർത്ഥിക്കുന്നു, ഇതായിരുന്നു രീതി.

മേയർ ഹണി ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീടിന് മാസ്കുകൾ കൈമാറുന്നു

ക്യാമ്പിന് മാർഗനിർദ്ദേശവും പിന്തുണയും
പൂർണ പ്രോത്സാഹനവുമായി കളക്ടർ ബി അബ്ദുൽ നാസർ ഐ.എ.എസും, മേയർ ഹണി ബെഞ്ചമിനും, ട്രാഫിക് എസ്.ഐ പ്രദീപും, ക്യാമ്പ് കോർഡിനേറ്ററായി ആരോഗ്യവകുപ്പിൽ നിന്ന് സുകേശൻ ചൂലിക്കാടും, കോർപറേഷൻ ആരോഗ്യവിഭാഗത്തിൽനിന്നും പ്രശാന്ത് ഡി യും. ക്യാമ്പ് ലീഡർ ആയി ട്രാക്ക് ജോയിന്റ് സെക്രട്ടറി സാബു ഓലയിലും എപ്പോഴും കൂടെയുണ്ട്. ഇവരെ ക്കൂടാതെ കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വേണു ഗോപാലും, ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും, മുൻ മേയർ അഡ്വ വി രാജേന്ദ്രബാബുവും, ബാലാവകാശ കമ്മീഷൻ അംഗം സി ജെ ആന്റണിയും, സിനിമാതാരം രാജേഷ് ശർമയും ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഇവിടം സന്ദർശിച്ചു പ്രോത്സാഹനം നൽകിയത്.

കൊട്ടാരക്കര ഈ ടി സി റിഹാബിലിറ്റേഷൻ സെന്ററിലും ട്രാക്ക് ലൈഫ് മെമ്പർ ഷിബു പാപ്പച്ചന്റെയും, വോളന്റിയർ ഷിജു കെ ബേബിയുടെയും നേതൃത്വത്തിൽ സമാനമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എഫ് സി ഡി പി ഡയറക്ടർ ഫാ. ജോബി, റെഡ്ക്രോസ്, അതിന്റെ ചെയർമാൻ മാത്യു ജോൺ സെക്രട്ടറി അജയകുമാർ (ബാലു ), കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണൻ, നൗഷാദ് അസോസിയേഷൻ, ഉപവി ചാരിറ്റബിൾ സൊസൈറ്റി, ലെറ്റസ്‌ സ്റ്റാൻഡ് ടുഗെതർ തുടങ്ങി നിരവധി സംഘടനകൾ/വ്യക്തികൾ ട്രാക്കുമായി കൈകോർത്തു സാനിട്ടൈസറും, മാസ്കും, ഗ്ലൗസും, ഫ്രൂട്സും, വെള്ളവും പോലീസിനും ജില്ലാ ഭരണകൂടത്തിൽ പ്രവർത്തിക്കുന്നവർക്കും, ഷെൽട്ടർഹോമുകൾക്കും, പൊതുജനത്തിനും നൽകിക്കഴിഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യസമയങ്ങളിൽ ചായയും കുടിവെള്ളവും പോലീസ് ഉദ്യോഗസ്ഥർക്ക് ട്രാക്ക് നേരിട്ടാണ് എത്തിച്ചത്. നിരവധി വോളന്റിയേഴ്സിനും അർഹതപ്പെട്ട കുടുംബങ്ങൾക്കും രഹസ്യമായി ഉൽപ്പന്നക്കിറ്റുകളും പച്ചക്കറിക്കിറ്റുകളും എത്തിക്കുവാനും രോഗികൾക്ക് മരുന്നെത്തിക്കുവാനും അന്യസ്ഥലങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുവാനും ട്രാക്കിന് കഴിഞ്ഞിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിനൊപ്പം കൊല്ലത്തും, പോലീസിനൊപ്പം കൊല്ലത്തും കൂടാതെ റൂറൽ മേഖലയിലും ട്രാക്ക് വോളന്റിയേഴ്‌സ് ട്രാഫിക് സേവനം ചെയ്യുന്നു.

ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീടും വോളന്റിയേഴ്‌സ് കോർഡിനേറ്റർ ട്രാക്ക് ലൈഫ് മെമ്പർ അനിൽകുമാറും എല്ലായിടത്തെയും പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്തു സജീവമാണ്. വോളന്റിയേഴ്സിന് മാർഗനിർദേശങ്ങൾ നൽകി ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഓ ആർ തുളസീധരൻപിള്ളയും റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ യും എം വിഐ ശരത്ചന്ദ്രനും കൂടെത്തന്നെയുണ്ട്.
ഇതിനിടയിൽ മോട്ടോർ വാഹന വകുപ്പും ട്രാക്കും “തൂവാലവിപ്ലവ”ത്തിലൂടെ കൈകോർത്തിരുന്നു . ആയിരക്കണക്കിന് തൂവാലകളാണ് പൊതുജനത്തിന് നൽകുവാൻ ഈ കൂട്ടായ്മക്ക് സാധിച്ചത്. ആർ ടി ഓ രാജീവ്, എൻഫോഴ്‌സ്‌മെന്റ് ആർടിഓ മഹേഷ്, ജോയിന്റ് ആർടിഓ ജോയി, എം വി ഐ ബിനുജോർജ് എന്നിവർ തൂവാല വിപ്ലവത്തിനും, കോവിഡ് പ്രതിരോധ ബോധവൽക്കരണങ്ങൾക്കും നേതൃത്വം നൽകി.

കോവിഡ് -19 ബോധവൽക്കരണ അനൗൺസ്‌മെന്റുമായി ട്രാക്ക് ആംബുലൻസ് നിരവധി ദിവസങ്ങളാണ് ജില്ല മുഴുവൻ സഞ്ചരിച്ചത്.

കൊറോണക്കെതിരെ സംവിധാനങ്ങൾ സജ്ജമാകുന്നതിനു മുൻപേ ട്രാക്ക് വോളന്റിയേഴ്സിന് ഡെപ്യൂട്ടി ഡി എം ഓ ഡോ.സന്ധ്യയുടെ നേതൃത്വത്തിൽ പരിശീലനം നൽകി പ്രാപ്തരാക്കി നിർത്തിയതാണ് ട്രാക്കിന്റെ കൊറോണക്കെതിരായ പോരാട്ടത്തിന് ശക്തി പകർന്നത്.
ട്രാക്കിന്റെ ഏറ്റവും ശക്തമായ പ്രവർത്തനം നടത്തിയത് മുഹമ്മദ്‌ അമീൻ, ആഷിക്, തങ്ങൾ, സുധീർ എന്നിവരടങ്ങിയ ആംബുലൻസ് ടീമാണ്. മാർച്ച് 16 നു പനി പിടിച്ചു മരിച്ച വൃദ്ധന്റെ ശരീരം പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകാൻ രക്തബന്ധമുള്ളവർ അടക്കം മാറി നിന്നപ്പോഴും, ഉക്രയിൻ സ്വദേശി പൂയപ്പള്ളിയിൽ അപകടത്തിൽപ്പെട്ടപ്പോഴും കൊറോണ ഭീതി മാറ്റി വെച്ച് രക്ഷാപ്രവർത്തകർ ആയവരാണിവർ . നിരവധി കോവിഡ് സസ്‌പെക്ടുകളെ ആശുപത്രിയിലെത്തിച്ച ഇവർ ലോഡ്‌ജിന്റെ മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച ഗോപാലകൃഷ്ണൻ എന്ന വൃദ്ധനെ രക്ഷിച്ചും മറ്റുള്ളവർക്ക് മാതൃകയായി.

തൂവാലവിപ്ലവുമായി മോട്ടോർവാഹനവകുപ്പും ട്രാക്കും. കൊല്ലം ആർ ടി ഓ രാജീവ് തൂവാല കെട്ടിക്കൊടുക്കുന്നു.

സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് ട്രാക്കിന്റെ ബ്ലഡ് ഡോണേറ്റേഴ്‌സ് ടീം ജില്ലയിലെ വിവിധ സംഘടനകളുമായി കൈകോർത്തു പത്തുദിവസം നീണ്ടുനിൽക്കുന്ന രക്തദാനം ജില്ലാ ആശുപത്രിയുൾപ്പെടെ ആവശ്യക്കാരായ വിവിധ ആശുപത്രികളിൽ നടത്തിക്കൊണ്ട് കൊറോണക്കാലത്ത് മറ്റൊരു ചുവടു വെപ്പ് കൂടി നടത്തിയിട്ടുണ്ട്.

ട്രാക്കിന്റെ നൂറുകണക്കിന് വോളന്റിയേഴ്‌സും ജില്ലയിലെ മുപ്പതോളം ആംബുലൻസ് ഡ്രൈവേഴ്‌സും ദുരന്ത നിവാരണ പരിശീലനത്തോടൊപ്പം ട്രാക്ക് വൈസ് പ്രസിഡന്റ് ഡോ.സി.ആർ.ജയശങ്കറിന്റെ നേതൃത്വത്തിൽ
ഡോ എം.ആതുരദാസ്, മുകേഷ് എന്നിവരുടെ സഹകരണത്തോടെ കോവിഡ് -19 നെതിരെയുള്ള പരിശീലനവും നേടിക്കഴിഞ്ഞു. എന്തിനധികം, കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ ശവശരീരം എടുക്കുന്നതിനുള്ള പരിശീലനവും ഇവർ നേടിയിട്ടുണ്ട്.
റിട്ടയേർഡ് ആർ ടി ഓ ആർ തുളസീധരൻപിള്ള, ജോർജ് എഫ് സേവ്യർ വലിയവീട്, റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ, എം വി ഐ ശരത്ചന്ദ്രൻ ആർ. ,
ഡോ. സി.ആർ.ജയശങ്കർ,
ഡോ. എം.ആതുരദാസ്,
സാബു ഓലയിൽ,
സന്തോഷ് തങ്കച്ചൻ,
ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,
പ്രിൻസ് ജി ഫിലിപ്പ്,
ജോർജ് തോമസ് എന്നിവരടങ്ങിയ ട്രാക്ക് ഗവേണിങ് ബോഡി അതിശക്തമായി കോവിഡ് -19ന് എതിരെയുള്ള പോരാട്ടങ്ങളിൽ ട്രാക്കിനെ നയിച്ചുകൊണ്ട് മുന്നിലുണ്ട്.
ട്രാക്കിന്റെ മഹനീയ പ്രവർത്തനങ്ങൾ കൊല്ലത്തിനും കേരളത്തിനും അനുഗ്രഹമായി തുടരട്ടെയെന്നു “നമ്മുടെ നാടും”- ആശംസിക്കുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു