
വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്
മയിലാടിയുടെ അതിജീവനം.
വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്.

കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു.
അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് അറിയപ്പെടുന്ന ശില്പശാസ്ത്ര വിദഗ്ധർ രാജകല്പന അനുസരിച്ചു മയിലാടിയിലേക്ക് കുടിയേറിയതായാണ് ചരിത്രം. മയിലാടിയുടെ മണ്ണിൽ നിന്നും ലഭിക്കുന്ന കൃഷ്ണശിലകൾ കൊണ്ടാണ് ഇവിടുത്തെ കലാകാരന്മാർ വിഗ്രഹം തീർക്കുന്നത്. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടവും ജീവിക്കുവാനായുള്ള അദ്ധ്വാനവും കലയുടെ കാൽപനികതയും സർഗാത്മകതയും എല്ലാം ഒരേ സമയം ഈ മണ്ണിൽ സമ്മേളിക്കുന്നു.
ഇന്നും ഈ ശില്പകലാപാരമ്പര്യം കൈവിട്ടു പോവാതെ ഇരിക്കുന്നതിന് പിന്നിൽ ഇവിടുത്തെ കലാകാരന്മാരുടെ അക്ഷീണമായ പ്രയത്നമാണുള്ളത്.ക്ഷേത്ര വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ ഏറെ ഉള്ളത്. അയൽ സംസ്ഥാനമായ കേരളത്തിൽ നിന്നും കന്യാകുമാരിയുടെ അടുത്തുള്ള ജില്ലകളിൽ നിന്നും ക്ഷേത്രവിഗ്രഹങ്ങൾക്കും ശില്പങ്ങൾക്കുമായി നിരവധി പേർ ഇവിടെ എത്തി ചേരുന്നു.
ആധുനിക ടെക്നോളജിയുടെ സഹായത്താൽ ശില്പ നിർമാണം വേഗത്തിൽ തന്നെ സാധ്യമാവുന്നു. എണ്ണത്തിൽ കുറവെങ്കിലും പുതിയ തല മുറയിൽ ഉള്ളവരും ശില്പനിർമാണത്തിൽ ആകൃഷ്ടരായി മുന്നോട്ട് വരുന്നു.
പാരമ്പര്യത്തെയും സംസ്കാരത്തെയും ചേർത്ത് നിർത്തി കൊണ്ട് മയിലാടി എന്ന ദേശം യാത്ര തുടരുന്നു.

WriterI am Parvathy P Chandran a writer from Idukki Kolapra Thodupuzha. My Profession is Teaching as Assistant Professor Central University Kasargodu Kerala.