വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ!

Share News

ഡോ. ജോസ് സക്കറിയാസ് ഒരു മഹത് വ്യക്തിത്വം – ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹

ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മരുന്നു വാങ്ങാൻ പണമില്ലെന്നു പറഞ്ഞാൽ മരുന്നും വണ്ടിക്കൂലിയും നൽകുന്ന സാധാരണക്കാരൻ്റെ ഡോക്ടറാണ് ഡോക്ടർ ജോസ് സക്കറിയാസ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂൾ കോളേജ് അത്ലറ്റുകൾക്ക് അപകടങ്ങൾ പറ്റിയാൽ സൗജന്യ ചികിത്സയും ചിലർക്ക് ആയുർവേദ ചികിത്സയാണ് വേണ്ടതെങ്കിൽ അതും ഫ്രീ ആയി ചെയ്തു കൊടുക്കുന്ന കായിക പ്രേമി. വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ!

ലളിതമായ അദ്ദേഹത്തിൻറെ കൺസൽട്ടിങ്ങ് മുറി, മദർ തെരേസയും വേളാങ്കണ്ണി മാതാവും അദ്ദേഹത്തിൻറെ അമ്മയുടേയും പപ്പൻചേട്ടൻറെയുമെല്ലാം ചിത്രങ്ങൾ കൈയെത്തും ദൂരത്ത്, ലാളിത്യം കൊണ്ട് അമ്പരപ്പിച്ച വരാപ്പുഴയിലെ ഓരോ സാധാരണക്കാരൻറേയും ഡോക്ടർ, കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീം ഡോക്ടർ, കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനേകം കായികപ്രതിഭകൾക്ക് കാന്ത ചികിൽസയിലൂടെ ആശ്വാസമായ കർമ്മധീരൻ, എറണാകുളം ജില്ലാ സ്പോർട്ട്സ് കൗൺസിലിൻ്റെ മുൻ വൈസ് പ്രസിഡൻറ്, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യം, കൂനമ്മാവ് മേഖലാ ബൈബിൾ കൺവൻഷൻ കമ്മിറ്റിയിൽ വിവിധ വർഷങ്ങളിൽ സജീവ നേതൃത്വം,

വരാപ്പുഴക്കാർക്ക് നഷ്ടമാകുന്നത് ഒരു കൂടപ്പിറപ്പിനെത്തന്നെയാണ്….
പ്രണാമം🙏


നോബിൻ വിതയത്തിൽ

മുത്തോലി മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് നിര്യാതനായി

എന്റെ പ്രിയ ഭർത്താവ്, ഡോ. ജോസ് സക്കറിയാസ് (72, CMO, വരാപ്പുഴ മെഡിക്കൽ സെന്റർ), കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമ്മേതം അറിയിക്കുന്നു. സംസ്‍കാര ശുശ്രുഷകൾ നാളെ (14-09-2020, തിങ്കൾ) 2.30 p.m ന് കോവിഡ് നിയമങ്ങൾ പാലിച്ച് വീട്ടിൽ ആരംഭിക്കുന്നതും മുത്തോലി സെന്റ് ജോർജ്‌ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

പരേതൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അത്‌ലറ്റിക് ക്യാപ്റ്റൻ, കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് ടീം ക്യാപ്റ്റൻ, എറണാകുളം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                     എന്ന് 
                      സന്തപ്ത ഭാര്യ: മറിയമ്മ ജോസ് (പരേതനായ Ex.M.P ചെറിയാൻ ജെ കാപ്പന്റെ പുത്രിയും മാണി സി കാപ്പൻ MLA യുടെ സഹോദരിയുമാണ്)

മക്കൾ: അജിത്‌ ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ)
ചെറി ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ)
മരുമക്കൾ : ടീന അജിത്‌ തളിയത്ത്, ഓസ്ട്രേലിയ
ടിനു ചെറി മണ്ണനാൽ, ഓസ്ട്രേലിയ

സഹോദരങ്ങൾ: പരേതനായ പ്രൊഫ. അലക്സാണ്ടർ സക്കറിയാസ്, കോഴിക്കോട്
പരേതയായ തങ്കമ്മ തോമസ് പ്ലാത്തോട്ടം, പയപ്പാർ
ഡോ. മേരിക്കുട്ടി സക്കറിയാസ്, മാപ്പിളക്കുന്നേൽ, പൂവരണി

N.B: മൃതദേഹം തിങ്കൾ രാവിലെ 9ന് പന്തത്തലയിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

പന്തത്തല
13-09-2020

Share News