സംസ്‌ഥാനത്ത്‌ അഗ്‌നിരക്ഷാസേനയ്‌ക്കായി ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു

Share News

സംസ്‌ഥാനത്ത്‌ ഉയരമുളള കെട്ടിടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിരക്ഷാസേന ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു. 20 നിലവരെയുള്ള കെട്ടിടത്തിലെ തീ പിടിത്തമണയ്‌ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായകരമായ, ഹൈഡ്രോളിക്ക്‌ സംവിധാനത്തോട്‌ കൂടിയ വാഹനം ഇതാദ്യമായാണ്‌ സേനയ്‌ക്കായി വാങ്ങുന്നത്‌.


ആദ്യഘട്ടത്തില്‍ സ്‌റ്റേറ്റ്‌ ട്രേഡിങ്‌ കോര്‍പ്പറേഷന്‍ വഴി രണ്ടു വാഹനങ്ങള്‍ വാങ്ങും. ഒന്നിന്‌ 14 കോടി രൂപയാണ്‌ വില. ഇതിനായി പദ്ധതി വിഹിതത്തില്‍നിന്നു സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്‌. ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിച്ച്‌ ഒമ്ബത്‌ മാസത്തിനകം വാഹനം എത്തിക്കണമെന്നാണ്‌ ഉത്തരവ്‌.


ഫയര്‍മാന്‌ പടിക്കെട്ടും ലിഫ്‌റ്റും ഉപയോഗിക്കാതെ വാഹനത്തിന്റെ ലാഡര്‍ സംവിധാനത്തില്‍ മുകളിലെത്തി സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്താനും ഫയര്‍ എന്‍ജിനില്‍നിന്നുള്ള വെള്ളം ലാഡര്‍ ഉപയോഗിച്ച്‌ ലക്ഷ്യസ്‌ഥാനത്തെത്തിച്ച്‌ തീയണയ്‌ക്കാനും കഴിയും. കെട്ടിടത്തിനു മുകളില്‍നിന്ന്‌ ഒരേ സമയം നാലുപേരെ ഇതുവഴി സുരക്ഷിതമായി താഴെ എത്തിക്കാം. നിരവധി ബഹുനിലമന്ദിരങ്ങളും ഫ്‌ളാറ്റുകളുമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഫയര്‍ സ്‌റ്റേഷനുകളിലേക്കാകും വാഹനം ലഭ്യമാക്കുക.

Share News