
അവിശ്വാസം: സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന സർക്കാരിനെ കടന്നക്രമിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശന്‍ ആരോപിച്ചു.
കള്ളന്‍ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഉത്തരവാദിത്തവും ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവെക്കുന്നു.
മുഖ്യമന്ത്രിക്ക് സര്‍ക്കാരിനെ നയിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ തന്നെയാണ് മുഖ്യ പ്രശ്നമെന്നും സതീശന്‍ പറഞ്ഞു. വ്യക്തമായ പദ്ധതിയുമായാണ് സ്വര്‍ണക്കടത്ത് സംഘം എത്തിയത്. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.
കണ്‍സല്‍റ്റന്‍സിയുടെ പേരില്‍ ചീഫ് സെക്രട്ടറിയുടേതിനേക്കാള്‍ ശബളം പറ്റുന്നവര്‍ സംസ്ഥാനത്തുണ്ട്. കണ്‍സല്‍റ്റന്‍സിയെ കുറിച്ച് ധവളപത്രം ഇറക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയിലും തട്ടിപ്പാണ്. ധാരണാപത്രം ഒപ്പിട്ട ശേഷം തുടര്‍കരാറില്‍ ഏര്‍പ്പെട്ടില്ല. ലൈഫ് മിഷനല്ല കൈക്കൂലി മിഷനാണെന്നും സതീശന്‍ ആരോപിച്ചു.