
മദ്യശാലകൾ തുറന്നു കൊടുക്കുവാൻ അങ്ങ് കാണിച്ച ധൈര്യം, ആരാധനാലയങ്ങൾ തുറക്കുന്നതിലും കാണിക്കണമെന്ന് താല്പര്യപ്പെടുന്നു.
*മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്*
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിന് കാഞ്ഞിരപ്പള്ളി രൂപതയിലെ, കട്ടപ്പന ഫൊറോനയിലെ, കാഞ്ചിയാർ യൂണിറ്റിലെ SMYM അംഗങ്ങൾ എഴുതുന്ന ഒരു തുറന്ന കത്ത്.
ബഹുമാനപ്പെട്ട സാർ,
ഈ കോവിഡ് 19 കാലഘട്ടത്തിലെ ലോക്ക് ഡൗൺ സമയത്ത്, അങ്ങയുടെ സർക്കാർ ചെയ്തുവരുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നു. ഞങ്ങളുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി മാസങ്ങൾക്ക് മുൻപ് തന്നെ കേന്ദ്ര ഗവൺമെന്റിനോട് ചേർന്ന്, ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ അങ്ങും അങ്ങയുടെ മന്ത്രിസഭയും, കേരള ജനതയും ഒന്നടങ്കം ഈ വൈറസ് വ്യാപനത്തിന് എതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു പരിധിവരെ നമുക്ക് പിടിച്ചുനിർത്താൻ സാധിക്കുകയും ചെയ്തു.
നമ്മുടെ ആരാധനാലയങ്ങളും, വിദ്യാലയങ്ങളും, സാമൂഹ്യ സമ്പർക്ക സാധ്യത ഉള്ള എല്ലാ സംവിധാനങ്ങളും പൂർണമായും അടച്ചിട്ടതുകൊണ്ടാണ് നമുക്ക് ഇതുവരെയും വിജയം നേടാൻ സാധിച്ചത്. നാമിപ്പോൾ സമൂഹ വ്യാപനത്തിന്റെ വക്കിലാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പത്രസമ്മേളനത്തിൽ അങ്ങ് വിളിച്ചു പറയുമ്പോൾ, ഞങ്ങൾക്ക് പേടിയുണ്ട്. യുവജനങ്ങൾ ആയ ഞങ്ങൾ ജീവിച്ചു കൊതി തീരാത്തവരാണ്. ആ സമൂഹ വ്യാപനത്തെ തടയണമെങ്കിൽ, ഇനിയുമേറെ കാതം നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പക്ഷേ ആ പ്രസ്താവനകളെ ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് അങ്ങും അങ്ങയുടെ മന്ത്രിസഭയും കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിലേയ്ക്ക് കേരളജനതയെ തള്ളിവിടുന്ന രംഗങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവരായ ഞങ്ങൾ പരിപാവനമായി കരുതുന്ന ഞങ്ങളുടെ പുണ്യദിനങ്ങളിൽ പോലും ഭവനത്തിലായിരുന്നു കൊണ്ട് മാത്രം പ്രാർത്ഥിച്ചു ഞങ്ങൾ വൈറസിനെതിരെ പോരാടിയതാണ്. അന്ന് പത്രക്കുറിപ്പിലൂടെ, വാർത്തകളിലൂടെ, പ്രസ്സ് മീറ്റിംഗിലൂടെ ക്രൈസ്തവർക്ക് മുഴുവൻ ആശംസകൾ അങ്ങ് അറിയിച്ചപ്പോൾ, ക്രിസ്തുവിന്റെ മാർഗ്ഗത്തെ പറ്റി അങ്ങ് പ്രതിപാദിച്ചപ്പോൾ ഞങ്ങൾ ഏറെ സന്തോഷിക്കുകയും ചെയ്തു. നിരീശ്വരവാദത്തെ ഒത്തിരിപ്പേർ പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, അങ്ങനെയുള്ള സിദ്ധാന്തങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ, അങ്ങയുടെ മനോഭാവത്തിൽ വന്ന മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചതുമാണ്. സമയാസമയങ്ങളിൽ അങ്ങനെയുള്ള പ്രസ്താവനകൾ ഇറക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ് എന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലാകുന്നില്ല.
എന്തായാലും ഞങ്ങൾ എല്ലാം ഈശ്വരവിശ്വാസികൾ ആണ്. ഇനിയും പള്ളിയിൽ പോയി ആരാധന കൂടാതെ ഞങ്ങൾക്ക് അധികം പിടിച്ചുനിൽക്കാനാവില്ല. ആരാധനാലയങ്ങൾ തുറന്നു തരാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല എന്ന് അങ്ങയുടെ വാക്ക് കേട്ടപ്പോൾ, അതിൽ ധാർഷ്ട്യം ഉണ്ട് എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ ഞങ്ങൾക്ക് തടയാനും ആകില്ല. എല്ലാ സ്ഥലങ്ങളും (ചന്തകൾ, ഗതാഗത സംവിധാനങ്ങൾ, ബാറുകൾ, etc.) സാമൂഹിക അകലം പാലിച്ചുകൊണ്ട്, തുറന്നു പ്രവർത്തിക്കാൻ അനുവാദം കൊടുത്ത അങ്ങ് ആരാധനാലയങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുവാദം തരാത്തത് എന്തുകൊണ്ടാണ്?
സാമൂഹ്യ അകലം പാലിക്കുവാൻ, മറ്റേതു സ്ഥലങ്ങളിലേക്കും വരുന്നവരെക്കാൾ അധികമായി ആരാധനാലയങ്ങളിൽ വരുന്നവർക്ക് കൃത്യമായി അറിയാം. ബിവറേജസിൽ പോയി മദ്യം വാങ്ങി, സുബോധം നഷ്ടപ്പെട്ട് തിരികെ (ഒരുപക്ഷേ കൊറോണ വൈറസിനെയും വഹിച്ചുകൊണ്ട്) വീട്ടിലേക്ക് മടങ്ങി വരുന്ന മദ്യപൻമാർക്ക്, ആരാധനാലയങ്ങളിൽ പോയി കൈകൾ കൂപ്പി ദൈവത്തോട് പ്രാർത്ഥിക്കുന്നവരെക്കാൾ വില നൽകുന്ന അങ്ങയുടെ മനോഭാവത്തെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇത് ഇരട്ടത്താപ്പാണ്.
ദൈവത്തിലും ആരാധനാലയങ്ങളിലും അങ്ങേയ്ക്കും അങ്ങയുടെ മന്ത്രിസഭയ്ക്കും വിശ്വാസമില്ലെങ്കിലും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ്. ഈ വൈറസ് ഇവിടെ നിന്നും അകന്നു നിൽക്കണമെങ്കിൽ പ്രാർത്ഥനയുടെ അകമ്പടികൂടി ആവശ്യമാണ്. ആയതിനാൽ മദ്യശാലകൾ തുറന്നു കൊടുക്കുവാൻ അങ്ങ് കാണിച്ച ധൈര്യം, ആരാധനാലയങ്ങൾ തുറക്കുന്നതിലും കാണിക്കണമെന്ന് താല്പര്യപ്പെടുന്നു.
ആരാധനാലയങ്ങളുടെ വിസ്തീർണ്ണത്തിന് ആനുപാതികമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് ആരാധന നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പാലിക്കപ്പെടുന്നില്ല എങ്കിൽ അങ്ങ് നടപടി എടുത്തു കൊള്ളുക (മറ്റ് പല സ്ഥലങ്ങളിലും നടപടി എടുക്കുന്നില്ലെങ്കിൽ പോലും)
. വിശ്വസ്തതയോടെ,
വർഗീസ് ആന്റണി കുന്നുതറ
കാഞ്ചിയാർ SMYM പ്രസിഡന്റ്
4FrJoseph-Rijo Muprappallil and 3 others