“വിശുദ്ധ ജീവിതം അടുത്തറിഞ്ഞ ദിവസങ്ങൾ മറക്കില്ല” -മുൻ ഡി ജി പി ഡോ. സിബി മാത്യൂസ്
കൊച്ചി. രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷ ഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP ) ഡോ. സിബി മാത്യൂസ് ഐ പി എസ് ആദരവോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ പറയുന്നു. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെയും അനുസ്മരിക്കുന്നു
കേരളത്തിൽ ആദ്യമായി ഒരു മാർപാപ്പ സന്ദർശനത്തിന് എത്തിയത് 1986 ഇൽ ആയിരുന്നു
സന്ദർശനത്തിന് മാസങ്ങൾക്കു മുമ്പ് തന്നെ സുരക്ഷ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ തുടങ്ങി.
ന്യൂ ഡൽഹിയിൽ വെച്ച് മാര്പാപ്പ സന്ദർശിക്കുന്ന നഗരങ്ങളിലെ പോലീസ് അധികാരികളെ
പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺഫറൻസ് നടന്നു. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഏജൻസി ആയ
ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ആണ് കോൺഫറൻസ് വിളിച്ചത്. മാർപാപ്പയുടെ പ്രോഗ്രാം, അദ്ദേഹം
നേരിടുന്ന ഭീഷണികൾ, താമസ സ്ഥലത്തു ചെയ്യേണ്ട ഒരുക്കങ്ങൾ മുതലായ കാര്യങ്ങൾ അവിടെ വെച്ച്
വിശദീകരിച്ചു തന്നു. തുടർന്ന്, കൊച്ചിയിൽ വെച്ച് പല തവണ കോൺഫെറെൻസുകൾ നടന്നു. കേരള
സർക്കാരിന്റെ പ്രതിനിധിയായി പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു.
ആർച്ച്ബിഷപ് ആന്റണി പടിയറ, ജോസഫ് കേളന്തറ എന്നി തിരുമേനിമാരും ജില്ലാ കളക്ടർ, പോലീസ്
കമ്മിഷണർ എന്നിവരും ഈ കോൺഫെറെൻസുകളിൽ പങ്കെടുത്തിരുന്നു.
മാർപാപ്പ കൊച്ചിൻ എയർപോർട്ടിൽ നിന്നും നേരെ തൃശൂർക്കു പോയി, അവിടെ പബ്ലിക് മീറ്റിംഗിൽ
പങ്കെടുത്തതിന് ശേഷം ഹെലികോപ്റ്ററിൽ തിരിച്ചു വന്നു, അന്ന് വൈകുന്നേരം സെൻറ് മേരീസ് ബസിലിക്കയിൽ വിസിറ്റ് ചെയ്തു, പിറ്റേന്ന് എറണാകുളത്തെ പബ്ലിക് മീറ്റിംഗ് ആയിരുന്നു. എച്ചഎംടി
കമ്പനിയുടെ ഗ്രൗണ്ടിൽ ആണ് പബ്ലിക് മീറ്റിംഗ് ഒരുക്കിയിരുന്നത്. അവിടെ പോകുവാനായി മറൈൻ
ഡ്രൈവിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ നിന്നും ഇന്ത്യൻ എയർ ഫോഴ്സ് വക ഹെലികോപ്റ്ററിൽ
ആണ് എച്ചഎംടി ഗ്രൗണ്ടിലേക്ക് പോയത്. അവിടെ ഉദ്ദേശം 50000 ത്തിൽ അധികം ജനങ്ങൾ വന്നിരുന്നു.
പപ്പ മൊബീൽ വാഹനത്തിൽ സഞ്ചരിച്ചു മാർപാപ്പ ജനങ്ങളെ ആശീർവദിച്ചു. എറണാകുളത്തു രണ്ടു
ദിവസവും അദ്ദേഹം പടിയറ തിരുമേനിയുടെയും കേളന്തറ തിരുമേനിയുടെയും വസതിയിലാണ്
താമസിച്ചത്. ഒരു രാത്രിയിൽ ഞാൻ കേളന്തറ തിരുമേനിയുടെ അരമനയിൽ പോയി സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുവാൻ വേണ്ടിയാണു പോയത്. സമയം രാത്രി ഉദ്ദേശം ഒരു മണി ആയിരുന്നു. അപ്പോഴും മാർപാപ്പ ഉറങ്ങിയിട്ടില്ല എന്ന് ആർച്ചു ബിഷപ്പ് പറഞ്ഞു. എത്ര വൈകിയാലും
പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ മാർപാപ്പ ചാപ്പലിൽ പോയി ദീർഘ നേരം പ്രാർത്ഥനയിൽ ആയിരിക്കും
അത്രേ. പ്രായവും അനാരോഗ്യവും ക്ഷീണവും അദ്ദേഹത്തിന് പ്രാർത്ഥനക്കു തടസ്സമല്ല ! ചാപ്പലിൽ നിന്ന്
പ്രാർത്ഥന കഴിഞ്ഞു ഇറങ്ങി വരുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ദിവ്യമായ ഒരു പ്രകാശം കണ്ടു
എന്ന് കേളന്തറ തിരുമേനി എന്നോട് പറഞ്ഞത് ഒരിക്കലും മറക്കാനാവില്ല.
പിറ്റേന്ന് മാർപാപ്പ കോട്ടയത്തു പോയി, അവിടെ അല്ഫോന്സാമ്മയെ വാഴ്ത്തപ്പെട്ടവൾ എന്ന് പ്രഖ്യാപിക്കുന്ന ചടങ്ങു 1986 ഫെബ്രുവരി 8 ഇന് ആയിരുന്നു. ഭരണങ്ങാനത്തു വേണ്ടത്ര സൗകര്യങ്ങൾ
ഇല്ലാതിരുന്നതിനാൽ കോട്ടയത്തിനു അടുത്ത് ആർപ്പൂക്കരയിൽ ഉള്ള ഗ്രൗണ്ടിൽ ആണ് ഇതിനുള്ള വേദി
ഒരുക്കിയിരുന്നത്. അന്ന് വൈകുന്നേരം മാർപാപ്പ തിരികെ കൊച്ചിയിൽ വന്നു, വരാപ്പുഴ ആർച്ചു ബിഷപ്പിന്റെ അരമനയിൽ താമസിച്ചു, പിറ്റേന്ന് രാവിലെ തിരുവനന്തപുരതെക്കു വിമാന മാർഗം പോയി.
അവിടെ ശങ്കു മുഖത്തു ഒരു പബ്ലിക് മീറ്റിംഗ് ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം ചെന്നൈയിലേക്ക്
പോയി. പിന്നീട് അദ്ദേഹത്തിനെ കാണുവാൻ കഴിഞ്ഞില്ല എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ
എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഒരു വിശുദ്ധനായി പ്രഖ്യാപിക്കപെടും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാലവും മറ്റും പിന്നീട് വായിച്ചറിഞ്ഞു, എത്രയോ
വേദനിപ്പിക്കുന്ന അനുഭവങ്ങളിൽ കൂടി കടന്നുവന്ന ഒരു വ്യക്തി. എന്നാൽ ദൈവം അഹ്‌ദേഹത്തെ ഉയർത്തി ആരും പ്രതീക്ഷിക്കാത്ത ഉയരങ്ങളിൽ എത്തിച്ചു…