
99-ലെ വെള്ളം – 2കുട്ടനാട്ടിൽ പെട്ടകങ്ങൾ

“എമ്പാടും ചുവന്നു കലങ്ങിയ വെള്ളം . നോക്കിനിൽക്കുന്ന നേരംകൊണ്ട് വെള്ളം അടിക്കണക്കിന് ഉയരുന്നു. മലമ്പ്രദേശത്തുനിന്ന് ചത്തൊഴുകി വരുന്ന കാട്ടുമൃഗങ്ങളുടെകൂടെ വൃദ്ധന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശവശരീരങ്ങൾ ഒഴുകിനീങ്ങുന്നു. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അത്രയും വല്ലാത്ത ഒരനുഭവം എഴുപത്തിമൂന്നു വർഷത്തെ എന്റെ ജീവിതത്തിനിടയിൽ വേറെ ഉണ്ടായിട്ടില്ല. ”

തകഴി അതു പറയുമ്പോൾ, (1984-ന്) അറുപതു വർഷം മുമ്പു നടന്ന ആ പ്രളയം അദ്ദേഹം ഇപ്പോഴും മുന്നിൽ കാണുന്നതുപോലെ തോന്നി. പതിമൂന്നാം വയസ്സിൽ താൻ സാക്ഷിയായ ആ മഹാദുരന്തം, മനുഷ്യയാതനകളുടെ പിൽക്കാല ചിത്രങ്ങൾ വരയ്ക്കുന്നതിന് എത്രയോ ഓർമ്മച്ചീളുകൾ അദ്ദേഹത്തിനു സംഭാവനചെയ്യുകയുണ്ടായി.
*
അമ്പലപ്പുഴ സ്കൂളിൽ സെക്കൻഡ് ഫോറത്തിൽ പഠിക്കുകയായിരുന്നു തകഴി. എല്ലാ വർഷവും കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായി നടപ്പാതകൾ തോടുകളാകുമെങ്കിലും സ്കൂളുവരെ വള്ളത്തിൽ പോകേണ്ട അനുഭവം അദ്ദേഹത്തിന് ഒരിക്കൽ മാത്രമേ ഉണ്ടായുള്ളു- തൊണ്ണൂറ്റൊമ്പത് മിഥുനത്തിലെ ഒടുക്കത്തെ തിങ്കളാഴ്ച.
”മുററം മുഴുവൻ വെള്ളമായിക്കഴിഞ്ഞു. അവധിദിവസം മുഴുവൻ ഞാൻ തിണ്ണയിലിരുന്നു മീൻ പിടിച്ചു. മുററത്തെ വെള്ളത്തിലേക്ക് ഒരു കൈയിൽ പാത്രം ചരിച്ചുപിടിച്ച് മറ്റേ കൈയിലെ അരിവാൾ കൊണ്ടു മീൻ വെട്ടിപ്പിടിക്കുക വലിയ രസമായിരുന്നു.
“തിങ്കളാഴ്ച അച്ഛൻ ഒരു കൊതുമ്പുവള്ളത്തിൽ അമ്പലപ്പുഴെ കൊണ്ടുവന്നു വിട്ടു. മഴക്കാ
ലത്ത് അവിടെ ഒരു വീട്ടിൽ താമസിച്ചു പഠിക്കുന്ന പതിവുണ്ടായിരുന്നു. അന്ന് അവിടെ തങ്ങി. പിറേറന്നു മുതൽ സ്കൂളിൽ പോകേണ്ടിവന്നില്ല. ഭയങ്കരമായ കാററും മഴയും. നട്ടുച്ചയ്ക്കു കൂരിരുട്ടെന്നു പറയുന്നതാവും ഭേദം. നോക്കിനിൽക്കെ വെള്ളം പൊങ്ങുന്നു.

“ഇന്നത്തെപ്പോലെ അന്നും കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുക്കുകൊണ്ടല്ല തിരിച്ചറിയുന്നത്. ഇവിടെ ഒഴുക്കില്ല. കുടത്തിൽ വെള്ളം നിറയുന്നതുപോലെ അങ്ങു നിറയുകയാണ്. അരനാഴികപോലും തോരാത്ത മഴ അഞ്ചാറു ദിവസം തുടരെ പെയ്തു. അതുപോലൊരു മഴ പിന്നെ എൻ്റെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല എന്നു പറഞ്ഞാൽ മതിയോ?
“രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അച്ഛൻ അമ്പലപ്പുഴയ്ക്കു വന്നു. വന്നപാടെ അച്‌ഛൻ പറഞ്ഞത് ഇപ്പോഴുമോർമ്മിക്കുന്നു: ‘കല്പാന്തമായി, കല്പാന്തം തന്നെ’.
“അതിനകം തകഴിയിലെ ഞങ്ങളുടെ വീടിൻെറ പുരമുറിയിൽ വെള്ളം ഉയർന്നിരുന്നു.
അതും അടുത്തുള്ള രണ്ടോ മൂന്നോ വീടുകളും ഒഴിച്ചാൽ അവിടത്തെ മററു വീടുകളും കുടിലുകളുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. തകഴിയിലെ വെള്ളത്തിനുമീതെ മൂന്നോ നാലോ വീടുകളുടെ മാത്രം മേൽക്കൂര എഴുന്നുനിൽക്കുന്ന കാര്യം ഇപ്പോൾ ചിന്തിക്കാനേ വയ്യ.

“ചേച്ചിയെ തെക്കൻ തിരുവിതാംകൂറിലെ ഭൂതപാണ്ഡിയിലാണു കെട്ടിച്ചുവിട്ടിരുന്നത് . വീട്ടിൽ അച്‌ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അയല്ക്കാരെല്ലാം ഉയർന്ന
സ്ഥലങ്ങൾ തേടി അമ്പലപ്പുഴ ഭാഗത്തേക്കു പാഞ്ഞുകഴിഞ്ഞിരുന്നു.
“തകഴി ക്ഷേത്രം വെള്ളത്തിനടിയിലായി. കൊടിമരത്തിന്റെ മേൽഭാഗം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. അമ്പലപ്പുഴയിലാണെങ്കിൽ ക്ഷേത്രമതിൽക്കെട്ടിനകം ഒഴിച്ച് മറ്റെല്ലാ ഭാഗങ്ങും വെള്ളത്തിലാണ്ടു. വീടും പാടവും വിട്ട് ഓടിയ മനുഷ്യരെല്ലാം അവിടെ തിങ്ങിക്കൂടിയിരിക്കുകയായിരുന്നു.
“അന്ന് ‘പ്രളയത്തിന്റെ പ്രതീതി’ എന്നൊന്നുമല്ല പ്രളയമെന്നുതന്നെ ആളുകൾ പറഞ്ഞു. ഈ ദുരന്തമൊക്കെ കൺമുമ്പിൽ നടന്നുകൊണ്ടിരിക്കെ, കല്പാന്തമായി എന്ന കാരണവന്മാരുടെ പ്രഖ്യാപനം കൂടിയായപ്പോൾ ഭയന്നുവിറച്ചെന്നുതന്നെ കരുതാം. മനുഷ്യൻ പൂർണ്ണമായി
തകർന്നുപോയി. വെള്ളത്തിലൂടെ ഒഴുകിവരുന്ന ശവങ്ങളും നീന്തിനീങ്ങുന്ന മനുഷ്യരുതമ്മിൽ വലിയ അകലമില്ലാതായി.
“തകഴിയിലെ ഞങ്ങളുടെ വീട്ടിൽ അറ ഉണ്ടായിരുന്നില്ല. പടിഞ്ഞാറേ വീട്ടിലെ അറയിലാണ്
കൊയ്ത്ത് കഴിഞ്ഞു നെല്ലു സൂക്ഷിച്ചിരുന്നത്. ആ അറയും വെള്ളത്തിൽ കുതിർന്നു.
വീടിൻറെ മേൽത്തട്ടും പണിഞ്ഞിരുന്നില്ല…… അച്ഛൻ തന്നെ തട്ടുകെട്ടി. അറത്തുവച്ചിരുന്ന കുറെ പലകയുണ്ടായിരുന്നു. ഒരു പകൽകൊണ്ട് വീടിനു തട്ടായി. അച്‌ഛനും അമ്മയും
ഒരാഴ്ച അവിടെയിരുന്നു. വയ്പും കുടിയും കിടപ്പും എല്ലാം അവിടെത്തന്നെ.
“മച്ചിൻപുറത്തിരുന്നാൽത്തന്നെ എന്തെങ്കിലും കാണണമെങ്കിൽ ഓല പൊളിക്കണം. തോ
രാമഴയത്ത് എങ്ങനെ ഓല പൊളിക്കും ? ”
അതു പറയുമ്പോൾ, ആറു വ്യാഴവട്ടം കണ്ട തകഴിയുടെ മുഖത്തു വിഷാദത്തിന്റെ നേരിയ അലകളുയർന്നു.
മനുഷ്യർക്കു മച്ചിൻപുറങ്ങളിലും അഭയമില്ലാതായ ആ നാളുകളെക്കുറിച്ചുള്ള ഓർമ്മ എൺ
പത്തിനാലു വയസ്സ് പിന്നിട്ട ഗ്രിഗരി കണ്ടങ്കരിയുടെ മനസ്സിലും പച്ചപിടിച്ചു നിൽപ്പുണ്ട്. ചങ്ങനാശേരിക്കടുത്ത് പറാൽ എന്ന തുരുത്തിലെ വീട്ടിലിരുന്ന് അനുസ്മരിക്കുമ്പോൾ, ഇടയ്ക്കിടയ്ക്കു മുറിക്കു പുറത്തു വന്നു നിന്നുകൊണ്ട്, ”വെള്ളം ഇതാ ഇവിടെ വരെ, ഇതാ ഇവിടെ വരെ” എന്ന് ആ വന്ദ്യവയോധികൻ ഭിത്തിയിൽ അടയാളം കാണി
ച്ചുകൊണ്ടിരുന്നു.
“വെള്ളം മുകളിലേക്ക്; കുട്ടനാട്ടുകാർ നാലു ഭാഗത്തേ
ക്കും . ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കോട്ടയം തുടങ്ങിയ സ്ഥലങ്ങൾ അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞു. പാവങ്ങളാണ് ആദ്യം ഓടിയത് . പെരുമഴ തുടങ്ങി ഒരൊറ്റ ദിവസത്തിനകം അവരുടെ മൺകുടിലുകളെല്ലാം വീണു. കല്ലുകെട്ടിയ വീടുകളിൽ കഴിഞ്ഞവർ എങ്ങനെയും പിടിച്ചുനിൽക്കാമെന്നുള്ള തന്റേടത്തിലായിരുന്നു. പക്ഷേ വെള്ളം പിന്നെയും പൊങ്ങി.

“മേൽത്തട്ടുള്ള വീടുകൾ ഞങ്ങളുടെ നാട്ടിൽ വിരളമായിരുന്നു. അതുള്ളവർ അവിടെ കയറിയിരുന്നു. അകലെ ഉയരമുള്ള സ്ഥലങ്ങളിൽ ബന്‌ധുവീടുകളുള്ളവർ കുട്ടികളെ അവിടേക്കയച്ചു. മച്ചിൻപുറത്തും രക്ഷയില്ലെന്നു വന്നപ്പോൾ വള്ളങ്ങൾ കൂട്ടിക്കെട്ടിയിട്ട് അതിൽ കഴിയുവാൻ ആ കുടുംബങ്ങൾ പരിശ്രമിച്ചു. വള്ളങ്ങൾ വലിയ തെങ്ങിൻതലപ്പത്തു കെട്ടിയിട്ടു. തെങ്ങിൽ കെട്ടിയ തട്ടുവള്ളത്തിൽ ഇരുന്നുകൊണ്ട് തേങ്ങ പറിച്ചു.
“നോഹിന്റെ കാലത്തെ പ്രളയം വീണ്ടും വരുന്നു എന്നാണു ഞങ്ങൾക്കൊക്കെ തോന്നിയത്. തട്ടുവള്ളങ്ങൾ നോഹിന്റെ പെട്ടകം പോലെയായിരുന്നു” – കണ്ടങ്കരിയിലെ ആ കാരണവർ പറഞ്ഞു.
നാളെ: ബ്രോഡ് വേയിൽ കെട്ടുവള്ളങ്ങൾ
ജോസ് ടി. തോമസ്
ദീപിക, 1984 ഓഗസ്റ്റ് 1