ഇന്ത്യ പരാജയപ്പെടാന്‍ നമുക്ക് അനുവദിച്ചുകൂടാ. നമുക്കൊരുമിച്ച് പോരാടാം

Share News

ജോർജ് കള്ളിവയൽ

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 കേസ് സ്ഥിരീകരിച്ചത് ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്ക്.

പിന്നീടുള്ള 40 ദിവസം കൊണ്ട് ഇന്ത്യയില്‍ ആകെ കോവിഡ് കേസുകള്‍ വെറും 50 ആയിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പുകളില്ലാതെ രാജ്യമാകെ സമ്പൂര്‍ണ അടച്ചിടല്‍- ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോക്ക്ഡൗണ് പരാജയമായെന്ന് കഴിഞ്ഞ 24-ാം തീയതി ഞാന്‍ എഴുതിയപ്പോള്‍, സര്‍ക്കാരിന്റെ വീഴ്ചകളെ ന്യായീകരിക്കാനും എന്നെ കുറ്റപ്പെടുത്താനും ചില സംഘികള്‍ മറയില്ലാതെ വന്നു. എന്നാല്‍ റിപ്പോര്‍ട്ട് ശരിയാണെന്നു വ്യക്തമാക്കി കോവിഡ് കേസുകളുടെ എണ്ണം ശേഷിച്ച 60 ദിവസത്തില്‍ ഒരു ലക്ഷം (1,00,000) ആയി കൂടി. ലോക്ക്ഡൗണ്‍ പരാജയമായിട്ടും നാലാം വട്ടവും വീണ്ടും നീട്ടി. ഇപ്പോള്‍ കോവിഡ് കേസുകള്‍ കഴിഞ്ഞ വെറും ദിവസം കൊണ്ട് ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷത്തിലേറെയായി കുത്തനെ ഉയര്‍ന്നു.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ പത്താം സ്ഥാനത്തേക്ക് അതിവേഗം ഇന്ത്യ മാറി.

ആവശ്യത്തിന് മാസ്‌കുകളും പിപിഇകളും അടക്കം ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളില്‍ അവബോധവും മുന്നറിയിപ്പും നല്‍കുന്നതിനു ഈ 40 ദിവസം മതിയായിരുന്നു. എട്ടു കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും സുരക്ഷയും യാത്രാസൗകര്യങ്ങളും ഭക്ഷണവും അടക്കം ഒരുക്കേണ്ട ഉത്തരവാദിത്വവും നിറവേറ്റിയില്ല. പകരം ഫെബ്രുവരി 23ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് സ്വീകരണമൊരുക്കാനായിരുന്നു സമയവും സര്‍ക്കാര്‍ സംവിധാനങ്ങളും പണവും ചെലവഴിച്ചത്.

വിലയേറിയ സമയവും അവസരവും നാം പാഴാക്കി. രണ്ടു മാസം നീട്ടിയ ലോക്ക്ഡൗണിലൂടെ സമ്പദ്ഘടന തകര്‍ന്നു തരിപ്പണമായി. നെഗറ്റീവ് വളര്‍ച്ചയാകും ഈ വര്‍ഷം നേരിടുകയെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. കോടിക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അത്രയോളം പേര്‍ക്കും ഉണ്ടായിരുന്നു ശമ്പളവും കൂലിയും പോലും വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു.

ഡല്‍ഹിയില്‍ അടക്കം ആയിരങ്ങളാണ് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിനും അവശ്യസാധനങ്ങളുടെ കിറ്റിനുമായി ക്യൂ നില്‍ക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി 60-ാം ദിവസമായ ഇന്നലെയും നൂറുകണക്കിനാളുകളാണ് എത്തിയത്. സര്‍ക്കാര്‍ ആവശ്യമായ ഭക്ഷണം പോലും നല്‍കുന്നില്ലെന്നു മാത്രമല്ല, സന്നദ്ധ സേവകര്‍ക്ക് സാമ്പത്തിക സഹായം പോലും നല്‍കുന്നില്ല. ഭക്ഷണത്തിനു പുറമെ 70 ടണ്‍ സാധനങ്ങളാണ് സര്‍ക്കാര്‍ സഹായമില്ലാതെ സൗജന്യ കിറ്റുകളായി ഡല്‍ഹിയിലെ മലങ്കര കത്തോലിക്കാ രൂപത മാത്രം പാവങ്ങള്‍ക്ക് കൊടുത്തത്. 75ലേറെ പാവം കുടിയേറ്റ തൊഴിലാളികള്‍ റോഡില്‍ മരിച്ചു. ബിഹാറിലെ മുസാഫര്‍പൂരില്‍ വിശന്നുവീണു മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദയനീയ ചിത്രം രാജ്യത്തെ കോവിഡ് രക്ഷയുടെ പരാജയത്തിന്റെ നേര്‍ചിത്രമായി. എന്നിട്ടും ലോക്ക്ഡൗണ്‍ വിജയമാണെന്നു വാദിക്കാനും സര്‍ക്കാരിന്റെ വീഴചകള്‍ക്കു കുട പിടിക്കാനും ചിലര്‍ രംഗത്തുള്ളതാണു ദുരന്തം. ഇന്ത്യ പരാജയപ്പെടാന്‍ നമുക്ക് അനുവദിച്ചുകൂടാ. നമുക്കൊരുമിച്ച് പോരാടാം. ഇന്ത്യ ജയിക്കട്ടെ. ജയ് ഹിന്ദ്.

ജോർജ് കള്ളിവയൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു