
എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.
എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.
കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം.
വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ പത്രങ്ങളുടെയും ആദ്യ എഡിഷനുകൾ അച്ചടി പൂർത്തിയായ ശേഷമാണ് മറഡോണയുടെ മരണവാർത്ത എത്തുന്നത്.
മനോരമയടക്കം മിക്കവാറും പത്രങ്ങൾ, അവസാന എഡിഷനുകൾ അച്ചടി നിർത്തിവച്ച് പുതിയ പേജുകൾ തയാറാക്കിയാണ് അവസാന കോപ്പികളിൽ വാർത്ത ഉൾപ്പെടുത്തിയത്.
പത്രഭാഷയിൽ ഇങ്ങനെ അച്ചടി നിർത്തുന്നതിനെ, സ്റ്റോപ്പ് പ്രസ് എന്നു പറയും. ഏറ്റവും നിർണായകമായ വാർത്തകൾ ഉണ്ടാകുമ്പോൾ മാത്രമേ സ്റ്റോപ് പ്രസ് പറയൂ.
വിടവാങ്ങിയത്, ഫുട്ബോളിന്റെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. സ്റ്റോപ്പ് പ്രസ് പറയാതെ തരമില്ല. എങ്കിലും എല്ലാ പത്രപ്രവർത്തകരും ഇന്നു സങ്കടപ്പെടുന്നത് ഇങ്ങനെയാകും, ഇന്നലെ ഒരു സാധാരണ ദിനമായിരുന്നെങ്കിൽ ഡിയാഗോ മറഡോണയ്ക്ക് ഏറ്റവും ഉചിതമായ യാത്രയയ്പ്പു തന്നെ നൽകുമായിരുന്നു,
ഓരോ കോപ്പിയിലും. പക്ഷേ, ചിലത് സംഭവിക്കുക, തീർത്തും അപ്രതീക്ഷിതമായിട്ടായിരിക്കും, അതിൽ ദൈവത്തിന്റെ ഒരു കൈ ഉണ്ടാകും.

കെ ടോണി ജോസ്