
സാമൂഹ്യ സേവന രംഗത്തു കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ നൈതിക പശ്ചാത്തലം എന്താണ്?
എന്തുകൊണ്ട് നിങ്ങൾ മറ്റൊരാളെ സഹായിക്കുന്നു എന്നതിന് മനുഷ്യത്വപരമോ മതപരമോ ധാർമ്മികമോ ആയ ഉത്തരങ്ങൾ ഇന്ന് അപര്യാപ്തമാണ്!
പരോപകാര പ്രവർത്തനങ്ങൾ കുറ്റകരമാകുന്നത് ഇന്ത്യയിൽ ഇപ്പോൾ പുതിയകാര്യമല്ല!
മനുഷ്യ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ
സംശയ ദൃഷ്ടിയോടെ
കാണുന്ന രീതിക്കു നിയമസാധുത നൽകുന്ന നിയമങ്ങൾ,
രാജ്യത്തു കൂടുതലായി നിർമ്മിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
കച്ചവടക്കണ്ണോടെയല്ലാതെയുള്ള
വിദ്യാഭ്യാസ പ്രവർത്തനം,
ആതുര സേവനം,
ഗ്രാമീണ ജനങ്ങളുടെയും
പിന്നോക്ക വിഭാഗങ്ങളുടെയും വികസനം എന്നിവയെല്ലാം നിയമപരമായിത്തന്നെ
“കുറ്റകരമാകുന്ന” തരത്തിൽ
കൂടുതൽ കൂടുതൽ നിയമ നിർമ്മാണം നടക്കുന്നതിനു പിന്നിൽ, യഥാർത്ഥത്തിൽ എന്താണുള്ളത്?
പരസ്നേഹവും പരോപകാര പ്രവൃത്തികളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനും
ദേശീയ താൽപ്പര്യങ്ങൾക്കും വിരുദ്ധമാകുന്നത് എങ്ങനെയാണ്?
നമ്മൾ അഭിമാനം കൊള്ളുന്ന ദേശീയ താല്പര്യവും സാംസ്‌കാരിക പൈതൃകവും മനുഷ്യ ദുരിതങ്ങളോടും ജീവിതത്തിൽ പിന്നാക്കമായവരോടും പുലർത്തുന്ന മനോഭാവം എന്താണ്?
ഭരണ കർത്താക്കൾക്കും നിയമ നിർമ്മാതാക്കൾക്കും ഇക്കാര്യത്തിലുണ്ടാകേണ്ട കാഴ്ച്ചപ്പാട് എന്തായിരിക്കണം?
സാമൂഹ്യ സേവന രംഗത്തു കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന നിയമങ്ങൾക്കു പിന്നിൽ, യഥാർത്ഥത്തിൽ ആരുടെ താല്പര്യങ്ങളാണ് മറഞ്ഞിരിക്കുന്നത്?
തലമുറകളായി വിദ്യാഭ്യാസവും അടിസ്ഥാന ജീവിത സൗകര്യങ്ങളും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾ അനുഭവിക്കുന്നത് അവരുടെ മുജ്ജന്മ കർമ്മഫലമാണ് എന്ന കാഴ്ചപ്പാട് ഏതായാലും ആധുനിക
മത ബോധത്തിന്റേതല്ല.
പീഡിതരുടെയും ഞെരുക്കം അനുഭവിക്കുന്നവരുടെയും ജീവിതങ്ങളിൽ മാറ്റമുണ്ടാക്കാനുള്ള പരിശ്രമങ്ങളെ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനെതിരായ നീക്കമായും ദേശീയ താല്പര്യങ്ങൾക്കു വിരുദ്ധമായ പ്രവർത്തനമായും വ്യാഖ്യാനിക്കുന്നതിൽ എന്തു തരം നൈതികതയാണ് ഉള്ളത് എന്നു വ്യക്തമല്ല.
അത്തരം പരിശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ
നിയമത്തിനു മുൻപിൽ
കുറ്റക്കാരാക്കുന്ന വിധമുള്ള
നിയമങ്ങൾ കൂടുതലായി നിർമ്മിക്കപ്പെടുന്നതിന്റെ സാഹചര്യം സമൂഹം ചർച്ച ചെയ്യേണ്ടതാണ്.
“കൺവേർഷൻ ഫോബിയ” എന്നു വിളിക്കാവുന്ന ഒരു മാനസികാവസ്ഥ സമൂഹത്തിൽ പടർത്താൻ ആരെങ്കിലും ബോധപൂർവ്വം ശ്രമം നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ, അതിന്റെ കാരണങ്ങളും ലക്ഷ്യവുമെന്ത് എന്നതും സമൂഹം തുറന്ന മനസ്സോടെ ചർച്ച ചെയ്യേണ്ടതല്ലേ?
ഫാ. വർഗീസ് വള്ളിക്കാട്ട്
