ഭൂമിയില്‍ പേരുവെട്ടുമ്പോള്‍…. ഷാജി മാലിപ്പാറ

Share News

ഏഴിന്റെ ചടങ്ങുകള്‍ കഴിഞ്ഞാണ് ഒരു ദിവസം കുടുംബരജിസ്റ്ററുമായി വികാരിയച്ചന്റെ പക്കലെത്തിയത്.

സാമൂഹിക അകലം പാലിച്ച് രജിസ്റ്റര്‍ അച്ചനെ ഏല്‍പിച്ച് അല്‍പം അകലെയിട്ടിരുന്ന കസേരയില്‍ ഞാനിരുന്നു. അച്ചന്‍ രജിസ്റ്റര്‍ നിവര്‍ത്തിവച്ചിട്ട് അലമാരയില്‍നിന്ന് ആത്മസ്ഥിതിപ്പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒടുവില്‍ മുമ്പിലുള്ള രണ്ടു രേഖകളിലെയും വിവരങ്ങള്‍ ഒത്തുനോക്കിയശേഷം, ചുവന്ന മഷിയുള്ള പേന കൈയിലെടുത്തു. നീട്ടിയൊരു വരവരച്ച്, എന്തോ കുത്തിക്കുറിച്ച് കുടുംബരജിസ്റ്റര്‍ എനിക്കു നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കി.


അമ്മച്ചിയുടെ പേരിനുസമീപം X അടയാളം. പിന്നെ ആ കോളം മുഴുവന്‍ നീളുന്ന ചുവപ്പന്‍ വര. ആ വര അമ്മച്ചിയുടെ ജനന,ജ്ഞാനസ്‌നാന,വിവാഹത്തീയതികളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒടുവിലുള്ള മൂന്നു ചെറുകളങ്ങളെ ചൂണ്ടിക്കാണിച്ചു. മരണമെന്ന മേല്‍ക്കുറിക്കുതാഴെ 20-09-2020 എന്ന അക്കങ്ങള്‍ തെളിഞ്ഞുമിന്നി. അന്നക്കുട്ടിയെന്ന സന്താനത്തെ സഭാമാതാവ് ഇഹത്തിലെ പേരുവെട്ടി ‘സമരസഭ’യില്‍നിന്ന് യാത്രയാക്കിയിരിക്കുന്നു. ഇനിയുള്ളത് സഹനസഭയും വിജയസഭയുമാണ്. ഇതിലെവിടെയായിരിക്കും അമ്മച്ചിയുടെ സ്ഥാനം? പള്ളിമേടയില്‍ നിന്നിറങ്ങുമ്പോള്‍ ഇതായിരുന്നു ഉള്ളിലുയര്‍ന്ന വിചാരം.


അപ്പോഴാണ് പോക്കറ്റില്‍നിന്ന് ഫോണ്‍ബെല്‍ മുഴങ്ങിയത്. അപരിചിതമായ നമ്പര്‍ കണ്ടതേ മനസ്സിലായി, അകലങ്ങളില്‍നിന്നുള്ള അനുശോചനസന്ദേശമായിരിക്കുമെന്ന്. എന്നാല്‍ കേട്ടത് മറ്റൊന്നാണ്: ”പഞ്ചായത്താഫീസില്‍നിന്നാണ് വിളിക്കുന്നത്. അന്നക്കുട്ടിയുടെ ആരാണു താങ്കള്‍?”
അച്ചടിവടിവിലുള്ള ഏതാനും ചോദ്യോത്തരങ്ങള്‍ കഴിഞ്ഞതോടെ, മരണരജിസ്‌ട്രേഷനുവേണ്ടിയുള്ള അന്വേഷണം പൂര്‍ത്തിയായി എന്നറിയിച്ചപ്പോള്‍ ഓര്‍ത്തത് മറ്റൊന്നല്ല; സമൂഹവും രാഷ്ട്രവും അമ്മച്ചിയെ പൗരഗണത്തില്‍നിന്ന് എടുത്തുമാറ്റുന്നു.

സ്വന്തം ഫോട്ടോ പതിപ്പിച്ച റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഇനി ആവശ്യമില്ല. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡുനമ്പര്‍ നോക്കി ഇനിയുള്ള തെരഞ്ഞെടുപ്പുകാലത്ത് ആരും അമ്മച്ചിയെത്തേടി വരികയുമില്ല.
സഭയും സമൂഹവുമിങ്ങനെ ഒരാളുടെ പേരുവെട്ടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാലും അതൊരു നവംബര്‍ ചിന്തയ്ക്കുള്ള വിഷയമാണ്.

ഭൂമിയില്‍ ഒരാളുടെ പേരു വെട്ടിമാറ്റുമ്പോള്‍, പിന്നെ അയാള്‍ക്ക് എവിടെയാണ് സ്ഥാനം? ഏതു രജിസ്റ്ററിലാണ് ഇടം?

കോതമംഗലം രൂപതയിലെ മാലിപ്പാറ ഇടവകയില്‍നിന്ന് പേരുവെട്ടിയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ അശോകപുരം ഇടവകയില്‍ അമ്മച്ചിയുടെ പേരുചേര്‍ത്തു. കോതമംഗലം താലൂക്കിലെ പിണ്ടിമന പഞ്ചായത്തില്‍നിന്ന് വിട്ടുപോന്നത് ആലുവ താലൂക്കിലെ ചൂര്‍ണിക്കര പഞ്ചായത്തിലേക്കാണ്. എന്നാല്‍ രണ്ടിടങ്ങളില്‍നിന്നും – സഭയില്‍നിന്നും സമൂഹത്തില്‍നിന്നും – നിരുപാധികം പേരൊഴിവാക്കി യാത്രയാക്കുന്നത് എങ്ങോട്ടാണ്?


ഈ ചോദ്യത്തിനുത്തരം നല്‍കുന്നത് എന്റെ വിശ്വാസമാണ്. സ്വര്‍ഗത്തിന്റെ കവാടവും പത്രോസ് ശ്ലീഹായുടെ താക്കോലും പേരേടുപുസ്തകവുമൊക്കെ എത്രയെത്ര കഥകളില്‍ കേട്ടിട്ടുണ്ട്! അതൊക്കെ എത്രയെത്ര വേദികളില്‍ പങ്കുവച്ചിട്ടുണ്ട്! അക്കഥകളിലും കാര്യമുണ്ടെന്ന വിചാരം എന്നില്‍ പ്രത്യാശ നിറയ്ക്കുന്നു.

ഭൂമിയില്‍ വെട്ടിയാല്‍ സ്വര്‍ഗത്തില്‍ കിളിര്‍ക്കുന്ന അനശ്വരജീവിതമാണ് നമ്മുടേത്. നവംബര്‍ നല്‍കുന്ന നഷ്ടവിചാരങ്ങളില്‍ ഈ വിശ്വാസം നമുക്ക് കുളിരായി മാറട്ടെ!

ഷാജി മാലിപ്പാറ

Share News