ആരാണ് കേരളത്തിൽ നിന്നും പുറത്തേക്ക് പണമയക്കുന്നത്?|അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്| മുരളി തുമ്മാരുകുടി

Share News

അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്

ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും ‘വിദേശത്തേക്ക്’ പണം അയക്കുന്നതിൻറെ പരസ്യങ്ങൾ ആണ്. അതും ചെറിയ പരസ്യങ്ങൾ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവരാണ് പരസ്യത്തിൽ. റോഡു നിറഞ്ഞു നിൽക്കുന്ന ബിൽബോർഡുകൾ.

അറുപത് വർഷത്തെ ജീവിതത്തിൽ ഇന്നുവരെ കേരളത്തിൽ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല. ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജൻസികളുടെ പരസ്യങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെ വന്ന പണമാണ് കേരള സന്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായത്.

ആ കാലം കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശപണം വന്നിരുന്നത് കേരളത്തിലേക്കാണ്. എന്നാൽ റിസർവ്വ് ബാങ്കിൻറെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്. അമിതാഭ് ബച്ചൻറെ പരസ്യവും ഇതുമായി കൂട്ടിവായിക്കണം. വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് ഇതുവരെ കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്.

ആരാണ് കേരളത്തിൽ നിന്നും പുറത്തേക്ക് പണമയക്കുന്നത്? പ്രധാനമായും വിദേശത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്.

കൃത്യമായ കണക്കില്ലെങ്കിലും ഒരു ഊഹം പറയാം.

ഇപ്പോൾ കേരളത്തിൽ നിന്നും പുറത്ത് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഉണ്ടാകും. ഒരു വിദ്യാർത്ഥിക്ക് മിനിമം വർഷത്തിൽ പതിനായിരം ഡോളർ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവെച്ചാൽ ഒരു ബില്യൻ ഡോളറായി, എണ്ണായിരം കോടി രൂപ. ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലിൽ കയറുന്നത്! ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്. ഇതിന് പുറമേയാണ് ഗൾഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാൻ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്. അതെത്രയാണെന്ന് എനിക്ക് ഊഹം പോലുമില്ല.

കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ വീടു വാങ്ങാൻ അനുവാദം കിട്ടുന്നതോടെ, ഇപ്പോൾ പഠിക്കാൻ പോകുന്ന പതിനായിരങ്ങൾ അവിടെ വീടു വാങ്ങാൻ ശ്രമിക്കുന്നതോടെ, കൂടുതൽ പണം പുറത്തേക്ക് പോകേണ്ടിവരും. ശരാശരി പതിനായിരം ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്.

ക്രമേണ ഒരു ബില്യൻ പത്തു ബില്യനാകും! സൻജു സാംസൺ മാറി സച്ചിൻ ടെൻഡുൽക്കർ ബിൽബോർഡിൽ വരും. ഇതിനൊക്കെ നാട്ടിലെ സന്പദ്‌വ്യവസ്ഥയിൽ വൻ സാന്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. സ്ഥലത്തിൻറെ വില കുറയുമെന്ന് ഒരിക്കൽ കൂടി പറയാം.

ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ടേ? ശ്രദ്ധിക്കണം.

മുരളി തുമ്മാരുകുടി

Share News