സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക്, ജീവന്റെ ഓരോ തുടിപ്പിലും അത് പുതിയതായി അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് , ഭക്തിയാണ്

Share News

ഉടുമുണ്ടിന്റെ തലയറ്റത്തേ മൂലയിൽ ഒരു തീപ്പെട്ടി കെട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിലും,

തലേന്ന് സന്ധ്യക്ക് കഞ്ഞി വാർക്കാനായി ഇറക്കിയ അടുപ്പിലെ കുമിഞ്ഞുകൂടിയ ചാരത്തിനിടയിൽ നിന്ന് അന്നത്തെ പ്രഭാതത്തിലും, അമ്മ ഒരു കനൽത്തരിയെ തിരയുകയാണ്…. കൈയ്യിലെ ചുള്ളിക്കമ്പ് കൊണ്ട് തിരഞ്ഞു തിരഞ്ഞ് ഒടുവിൽ മിന്നാമിനുങ്ങുപോലൊന്ന് കണ്ടെത്തി.

അതിനെ അതിസൂക്ഷ്മം ഉണങ്ങിയ ഒരു പൊതി മടലിലേക്ക് തട്ടിയിട്ടു..പിന്നെ അതിലേക്ക് നിറുത്താതെ, ജീവശ്വാസം ഊതിക്കൊണ്ടിരുന്നു. അപ്പോൾ , കണ്ണുകൾ ചുവന്ന് പുറത്തേക്ക് തള്ളി വന്നു. നെഞ്ചകം അതിന്റെ മിടിപ്പിന് വേഗത കൂട്ടി. തല കറങ്ങി …. നിറുത്താത്ത ചുമ…. എന്നാലും ആ ചുമകൾക്കിടയിലും ഊതാൻ മറന്നില്ല. കരുതലിന്റെയും വാത്സല്യത്തിന്റെയും ഇഴപൊട്ടാത്ത ആ മാതൃ മാനസ സരോവരത്തിന് കീഴടങ്ങാതെ മുന്നോട്ടു പോകണമായിരുന്നു…..

മിനിറ്റുകൾ നീണ്ടതെങ്കിലും അ ഭഗീരഥ പ്രയത്നത്തിനൊടുവിൽ തീക്കനലിന്റെ വ്യാപ്തി ഏറി വന്നു. പൊതി മടലിലെ ചകിരിനാരുകൾ ഒന്നൊന്നായി എരിഞ്ഞമർന്നൊടുവിൽ, അഗ്നി വിശുദ്ധിയാർന്ന അമ്മ മാനസം അനിവാര്യമായ വിജയം കണ്ടു. പകുതിയിലധികം വെള്ളം നിറച്ച ഒരു മൺകലം ആ അടുപ്പ് കാലുകളിലേക്ക് എടുത്തു വെക്കുമ്പോൾ , അസാമാന്യമായൊരു അനുഗ്രഹവർഷത്തോടെ അടുപ്പിൽ തീ പടർന്നിരുന്നു……

“ഒരു തീപ്പെട്ടിയല്ലേ അരയിലിരിക്കുന്നത് … പിന്നെ ഇത് എന്തിന്റെ കേടാ… ഇങ്ങനെ ഊതി ഊതി ആസ്മ വരുത്തി വെക്കാണോ ….”

ശാസിച്ചാലും കുറ്റപ്പെടുത്തിയാലും മറുവാക്കില്ല…. ഒരേ ചിരി മാത്രം..

ഒരിക്കലൊരു മഴയത്ത് അടുപ്പ് നാശ കൂമ്പാരമായപ്പോൾ , മുണ്ടിന്റെ അറ്റത്തു കെട്ടിയിട്ടിരിക്കുന്ന തീപ്പെട്ടിയെടുത്ത് , അതിൽ നിന്നെടുത്ത ഒരു കൊള്ളി രണ്ടായി പകുത്ത് അതിലൊന്നുപയോഗിച്ച് അടുപ്പു കത്തിച്ചതിനു ശേഷം ഒന്നും അറിയാത്ത പോലേ ആ തീപ്പെട്ടി, പൂർവ്വസ്ഥാനത്ത് കെട്ടിയിട്ടു. പിശുക്കിന്റെ ദുർചിന്തയല്ലത്,

കരുതലിന്റെ പാരമ്യമാണ്. ഇന്ന് , ഞങ്ങളെല്ലാവരും കുമ്പിട്ടിരുന്ന് ഉണ്ണുന്ന ഓരോ ഉരുളയിലും ആ കരുതലിന്റെ കയ്യൊപ്പുണ്ട്… സത്യം.

ഉണർന്നെണീറ്റ് കണ്ണും തിരുമി വരുമ്പോൾ , കടും കാപ്പി … ഉമിക്കരി ഉപയോഗിച്ച് പല്ലും തേച്ച്, തുളസിയിലയിട്ട് അമ്മ തന്നെ ഉണ്ടാക്കി തന്ന കാച്ചെണ്ണ തലയിൽ പൊത്തി പൊത്തി, കുളത്തിൽ നിന്ന് കോരിയ തണുത്ത വെള്ളം കൊണ്ട് ചന്ദ്രികാ സോപ്പിട്ട് കുളിച്ചു വരുമ്പോൾ ,

കവടിപിഞ്ഞാണത്തിൽ ആവി പറക്കുന്ന കഞ്ഞിയും പ്ലാവില കുമ്പിളും പച്ച വെളിച്ചെണ്ണയിൽ ചാലിച്ച തേങ്ങാ ചമ്മന്തിയും ….

അത് ,ഊതിക്കുടിക്കുമ്പോൾ അമ്മ പറയും …

“രാവിലെ കുളിച്ചെന്നാൽ പത്തു നാളുണ്ടില്ലേലും ക്ഷീണമുണ്ടാകില്ല. “

എല്ലാവരും കുടിച്ചൊടുവിൽ അമ്മക്ക് കഴിക്കാൻ ബാക്കിയെന്തങ്കിലും

ഉണ്ടാകോ ? കഞ്ഞി വെള്ളമെങ്കിലും അന്ന് കുടിച്ചിട്ടുണ്ടാകുമോ ?

ഇന്നോർക്കുമ്പോൾ ഇടനെഞ്ചിൽ അന്ന് പൂട്ടിയ അടുപ്പിലെ തീയുടെ ചൂട് ജ്വലിക്കുന്നുണ്ട്. വിവേകം ഉദിക്കാത്ത കാലത്ത് തോന്നാത്തകാര്യം പിന്നീട് മുതിർന്ന നാളുകളിൽ,സൂചി കൊണ്ടു കുത്തുന്നതു പോലേ നമ്മെ ഓർമ്മിപ്പിക്കും.

അനുഭവസാക്ഷ്യങ്ങളാകുന്ന

നേർക്കാഴ്ച്ചകളുടെ പിൻബലത്തിലാണ് അമ്മയെന്ന പരമസത്യം , ആത്മധൈര്യത്തിന്റെ കോവിലിലെ വിശ്വാസ പ്രതിഷ്ഠയാകുന്നത്.

ആ ചിന്താബോധം ഉണർന്നവർക്ക് പെറ്റ തള്ളയെ സ്മരിക്കാൻ വർഷത്തിലെ കേവലം ഒരു ദിവസമെന്ന കപടമാർന്ന കളിത്തട്ടും അതിൽ പരിഹാസ്യമാകുന്ന നടന വൈകൃതവും വേണ്ട.

അത് അരോചകവുമാണ്. കാരണം,

മാതൃദിനമെന്ന സാങ്കേതികത്വം പൊങ്ങച്ച ലോകത്തിന്റെ അല്പത്വത്തിന്റെ പ്രതികമാണ്.

സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക്, ജീവന്റെ ഓരോ തുടിപ്പിലും അത് പുതിയതായി അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് , ഭക്തിയാണ് , പ്രണയമാണ്.

ആ ഓർമ്മകളിലാണ് അവന്റെ

ഓരോ നിമിഷവും … ഓരോ ശ്വാസവും .❤️❤️🌹

Boban Varapuzha 

Share News