നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

Share News

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് വനംവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി. സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കുറ്റക്കാരായ വനപാലകരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെങ്കില്‍ കര്‍ഷകപ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. ഇനിയൊരു കര്‍ഷകനും ഈയവസ്ഥ ഉണ്ടാകാന്‍ പാടില്ല. വന്യമൃഗങ്ങളേയും മനുഷ്യമൃഗങ്ങളേയും നേരിടേണ്ട ദുര്‍വിധി കര്‍ഷകര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാതെ കേരളമണ്ണില്‍ കാര്‍ഷിക വളര്‍ച്ചയുണ്ടാകില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ജോയി കണ്ണന്‍ചിറ യുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ സാമുവല്‍ ഐറാനിയോസ്, മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കണ്‍വീനര്‍ ബിജു കെ വി, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വക്കറ്റ് ബിനോയ് തോമസ്, കുടപ്പന പള്ളിവികാരി ബസലേല്‍ റംബാന്‍, നേതാക്കളായ ബാബു പുതുപ്പറമ്പില്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജിജി പേരകശ്ശേരി, ഷിനോയ് അടയ്ക്കാ പാറ, വര്‍ഗീസ് മാത്യു നെല്ലിക്കല്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ സെക്രട്ടറി
രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Share News