രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ?

Share News

ബിജ്‌നോർ: രൂപതാധ്യക്ഷ പദവി സ്ഥാന ത്യാഗം ചെയ്ത് സന്യാസജീവിതം തിരഞ്ഞെടുത്ത ബിഷപ്പുമാരുണ്ട്. എന്നാൽ, രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ? ഒരുപക്ഷേ, ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും ഇനിയുണ്ട് അങ്ങനെ ഒരു അജപാലകൻ. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ച മാർ ജോൺ വടക്കേലാണ് ഇടവക വികാരിയായി ചുമതലയേൽക്കുന്നത്.

തന്റെ വിശ്രമകാലത്തും  അജഗണങ്ങൾക്കായി ശുശ്രൂഷ ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ്, കഴിഞ്ഞ വർഷം 76-ാം വയസിൽ രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിൽ പുതിയ ബിഷപ്പായി ചുമതലയേറ്റ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിലിനോട് തന്റെ ആഗ്രഹം മാർ വടക്കേൽ പങ്കുവെച്ചിരുന്നു. അതേ തുടർന്നാണ് ബിഷപ്പ് എമരിത്തൂസിന് പുതിയ നിയമനം നൽകിയത്.

കോതമംഗലത്ത് 1943 ൽ ജനിച്ച ഇദ്ദേഹം 1975 ഡിസംബർ 19നാണ് സി.എം.ഐ സഭയിൽ തിരുപ്പട്ടം സ്വീകരിച്ചത്. അന്നു മുതൽ ബിജ്‌നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009ൽ ബിഷപ്പ് മാർ ഗ്രേഷ്യസ് മുണ്ടാടൻ സ്ഥാനമൊഴിഞ്ഞ ഒഴിവിൽ, രൂപതാ വികാരി ജനറലായിരുന്ന മാർ വടക്കേലിനെ ബിഷപ്പായി ഉയർത്തി. 10 വർഷത്തെ ഇടയദൗത്യത്തിൽനിന്ന് കഴിഞ്ഞ വർഷമാണു വിരമിച്ചത്.

ഉത്തർപ്രദേശിലെ കത്തവ്‌ളിയിലെ സെന്റ് തോമസ് ദൈവാലയ വികാരിയുടെയും അതോടുചേർന്നുള്ള സി.എം.ഐ ആശ്രമത്തിന്റെ ഡയറക്ടറുടെയും ചമുതലകളാണ് ഏൽപ്പിച്ചിരിക്കുന്നത്. സഭ വെല്ലുവിളികൾ നേരിടുമ്പോൾ വിശ്വാസികൾക്കു പ്രചോദനവും ക്രിസ്തുവിന് സാക്ഷ്യവുമേകാനാണ് ഇടവക ശുശ്രൂഷയിലേക്ക് തിരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share News