മമ്മൂട്ടിക്കൊപ്പമുള്ള ഈ വീഡിയോയിൽ കാണുന്നതു മാത്രമല്ല അവരുടെ ജീവിതം,

Share News

SD സിസ്റ്റേഴ്സിന്റെ അഗതീഭവനത്തിലെഒരു പഴയ ഓണകാഴ്ച്ചയിലൂടെ

കുറച്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഒരു ഓണത്തിന്‌ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, കൊച്ചി, പെരുമാനൂരിലെ “അഗതികളുടെ വീട്‌” (Home for the Destitute) ലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ഈ ദിവസങ്ങളിൽ കാണാനിടയായി. അത്‌ കണ്ടപ്പോൾ എനിക്ക്‌ എന്റെ അപ്പച്ചനേയും അപ്പച്ചനെ പരിചരിച്ച തിടനാട്‌ ഫ്രാൻസിസ്കൻ ക്ളാരമഠത്തിന്റെ കീഴിലുള്ള കോൾബെ പാലിയേറ്റീവ്‌ കെയറിലെ സിസ്റ്റർമാരേയും ഓർമ്മ വന്നു. അവിടെ വച്ചാണ്‌ അപ്പച്ചൻ മരിക്കുന്നത്‌. എന്റെ വീടിന്റെ തൊട്ട്‌ പുറകിലാണ്‌ ഈ കോൾബെ മഠവും അമ്മമാർക്ക്‌ വേണ്ടി മാത്രമുള്ള ഒരു ഓൾഡ്‌ ഏജ്‌ ഹോമും, പിന്നെ അപ്പച്ചന്റെ അവസാനത്തെ ഒരാഴ്ച്ച ആയിരുന്ന പാലിയേറ്റീവ്‌ കെയർ സെന്ററും സ്ഥിതി ചെയ്യുന്നത്‌. ലാഭേച്ച ഇല്ലാതെ പ്രവർത്തിക്കുന്ന പാലിയേറ്റീവ്‌ കെയറിലും പിന്നെ വൃദ്ധസദനത്തിലും ഉള്ളവരിൽ ചിലർക്ക്‌ സ്വയം ദിനചര്യകൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലുള്ളവരാണ്‌. അവരെ എല്ലാ തരത്തിലും പരിച്ചരിക്കുന്നത്‌ ഇതേ കോൾബേ മഠത്തിലെ സിസ്റ്റേഴ്സാണ്‌. എന്റെ അപ്പച്ചന്റെ അവസാനത്തെ ഒരഴ്ച്ച അപ്പച്ചനെ പരിചരിച്ചതും ഇതേ സിസ്റ്റേഴ്സാണ്‌. വീടിന്റെ തൊട്ട്‌ ആടുത്തായതുകൊണ്ട്‌ സമയാസമയങ്ങളിൽ പോയി സിസ്റ്റേഴ്സിനെ സഹായിക്കാൻ അമ്മക്കും ചേച്ചിമാർക്കും ഒക്കെ കഴിഞ്ഞിട്ടുണ്ട്‌ എങ്കിലും, അപ്പച്ചനെ കുളിപ്പിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യുന്ന നിശ്ചിത സമയങ്ങളിൽ അവിടെ സന്ദർശനം അനുവദനീയമല്ലാതിരുന്നതിനാൽ അവർ സിസ്റ്റേഴ്സ്‌ തന്നെയാണ്‌ അതെല്ലാം ചെയ്തിരുന്നത്‌. അതിന്റെ പേരിൽ തന്നെ ഞാനും എന്റെ കുടുംബവും കോൾബേയിലെ സിസ്റ്റേഴിനോട്‌ എന്നും കടപ്പെട്ടിരിക്കുന്നു. അത്രയധികം പരിചരണം അവർ അപ്പച്ചന്‌ നല്കിയിരുന്നു.

(വീട്ടിൽ ഒരേ സമയത്ത്‌ രണ്ട്‌ പേർ അത്യാസനനിലയിലായി, അപ്പച്ചനും ലൗലിച്ചേച്ചിയും. അപ്പച്ചന്‌ പ്രായാധിക്യബുദ്ധിമുട്ടുകൾ. ലൗലിചേച്ചിക്ക്‌ ക്യാൻസർ ലാസ്റ്റ്‌ സ്റ്റേജ്‌. അങ്ങനെ ഒരു സാഹചര്യത്തിൽ അപ്പച്ചനെ പാലിയേറ്റീവ്‌ കെയറിൽ ആക്കിയാൽ നല്ല പരിചരണം കിട്ടുമെന്ന ഉറപ്പിൽ അപ്പച്ചനെ പാലിയേറ്റിവ്‌ കെയറിൽ ആക്കുകയായിരുന്നു. 2018 ലെ ജൂൺ മാസം 7 ആം തിയതി ലൗലിച്ചേച്ചിയും 12 ആം തിയതി അപ്പച്ചനും ഞങ്ങളോട്‌ യാത്ര പറഞ്ഞു.)

ആദ്യം പറഞ്ഞ മമ്മൂട്ടിയുടെ പഴയ ഓണാഘോഷ വീഡിയോയിൽ, പച്ചയായി സംസാരിച്ച്‌, സ്നേഹത്തിന്റെയും കരുതലിന്റേയും ആൾരൂപമായി ആ അപ്പച്ചൻ-അമ്മച്ചിമാർക്കൊപ്പം മമ്മൂക്ക എന്ന മമ്മൂട്ടി ആയിരിക്കുന്നത്‌ കണ്ടപ്പോൾ ആ മനുഷ്യനോട്‌ ഉള്ള ബഹുമാനം ഒരുപാട്‌ വർദ്ധിച്ചു. ഓണസദ്യ വിളമ്പി തുടങ്ങുമ്പോൾ, ചോറിന്റെ വലിയ പാത്രത്തിൽ നിന്നും ഇലയിലേക്ക്‌ പകരാൻ ഒരുങ്ങുമ്പോൾ മമ്മുക്ക പറയുന്നുണ്ട്‌… “ഈ ചോറിനു വേവ്‌ കുറവാണല്ലോ…!” ആ സംസാരത്തിലും, ആ മുഖഭാവത്തിലും അദ്ദേഹത്തിന്റെ ആശങ്കയും കരുതലും വ്യക്തമായി കാണാം. സിനിമയിൽ അല്ലാതെ ജീവിതത്തിൽ അഭിനയിക്കില്ലാ എന്നുറപ്പുള്ള മഹാനടൻ. തന്നെ മൂന്നാം ക്ളാസ്സിൽ പഠിപ്പിച്ച സിസ്റ്ററെ ഒപ്പമിരുത്തി ഓണമുണ്ണുന്നതിനിടയിൽ ഗ്രേസ്സി എന്ന തന്റെ ഇഷ്ടടീച്ചറെ ഓർത്തെടുക്കുന്ന മഹാപ്രതിഭ.

ഇതിൽ കാണിക്കുന്ന ഈ അഗതീഭവനം നടത്തുന്നത്‌ SD Sisters എന്നറിയപ്പെടുന്ന സിസ്റ്റേഴ്സ്‌ ഓഫ്‌ ഡെസ്റ്റിറ്റ്യൂട്ട്‌ എന്ന സന്ന്യാസസമൂഹം ആണ്‌. ജോസഫും, ഭുവനദാസും, പരീതും, അന്നക്കുട്ടിയും, ഇസബെല്ലയും, ജാനകിയമ്മയും എല്ലാം ആരോരുമില്ലാതെയായിട്ട്‌ ഇവിടെ എത്തിപ്പെട്ടവരോ അല്ലെങ്കിൽ സ്വന്തമെന്നു പറയുന്നവർ ആരെങ്കിലുമാൽ എത്തിക്കപ്പെട്ടവരോ ആണ്‌. അവർ അവിടെ സന്തോഷകരമായ ജീവിതവും നയിക്കുന്നുണ്ട്‌. (മനസ്സിൽ ഒരുപാട്‌ വിഷമങ്ങൾ ഉണ്ടെന്നത്‌ വിസ്മരിക്കാനും ആവില്ല) ഇന്നത്തെ അവരുടെ ഈ സമാധാനപരമായ ജീവിതത്തിന്‌ കാരണഭൂതരായവർ ഈ SD മഠത്തിലെ Sisters ആണ്‌.

സിസ്റ്റേഴ്സ്‌ എന്ന്‌ പറഞ്ഞാൽ, അതെ സന്യസ്തർ… ക്രിസ്തുവിന്റെ മണവാട്ടികൾ എന്ന്‌ സ്വയം പരിചയപ്പെടുത്തുമ്പോൾ, ക്രിസ്തുവിനു പാദസേവ ചെയ്യുന്നവർ എന്ന്‌ തന്നെ അഭിമാനത്തോടെ പറയാവുന്നവർ. അവർ ഇങ്ങനെയൊക്കെ തന്നെയാണ്‌ ക്രിസ്തുവിനെ പരിചരിക്കുന്നത്‌…. താൻ ആർക്കു വേണ്ടി ജീവിതം മാറ്റി വച്ചോ അതേ ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നതിങ്ങനെയൊക്കെയാണവർ. ഈ അമ്മമാരിലും അപ്പച്ചന്മാരിലും അവർ ക്രിസ്തുവിനെ കാണുന്നു. അവർക്ക്‌ വേണ്ടിയതെല്ലാം ചെയ്ത്‌ കൊടുക്കുന്നു. അതിനവർ അവരുടെ മതമേതെന്ന്‌ നോക്കുന്നില്ല. സ്വന്തം മതത്തിലേക്ക്‌ വിളിച്ചുകയറ്റുന്നുമില്ല. അവർ എന്താണോ, എങ്ങനെയാണോ, അങ്ങനെ അവരെ ജീവിക്കാൻ സഹായിക്കുകയാണവർ ചെയ്യുന്നത്‌. ഇങ്ങനെയുള്ള ഈ ജീവിതത്തെയാണിവിടെ ചിലർ തികച്ചും അസഭ്യമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതും ഒരുപറ്റം സഭാജനം ഉൾപ്പെടെ ചിലർ തന്നെ അതിനെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും. നാളെയുടെ ജീവിതപാതയിൽ ഈ ചിലർ ഒരുപക്ഷെ ഇതേ അഗതിക്കട്ടിലുകളിൽ അഭയം പ്രാപിച്ചാൽ പോലും എനിക്കുറപ്പുണ്ട്‌ അവർ ചോദിക്കില്ല ‘ഇന്നലെ നിങ്ങൾ ഞങ്ങളെ ചീത്ത പറഞ്ഞില്ലേ’ എന്ന്‌. അതാണവരുടെ ക്രിസ്തുവിലൂന്നിയ ജീവിതചര്യയുടെ മാഹാത്മ്യം.

മമ്മൂട്ടിക്കൊപ്പമുള്ള ഈ വീഡിയോയിൽ കാണുന്നതു മാത്രമല്ല അവരുടെ ജീവിതം, അത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഫാ. Rinto Payyappilly എഴുതിയതുപോലെ, അവിടെയുള്ള മരണാസന്നർ മുതൽ വയ്യാതിരിക്കുന്നവർ വരെയുള്ളവരുടെ മലമൂത്രവിസർജനവും ശർദ്ദിയും അങ്ങനെയെല്ലാം സ്വന്തം കൈകളാൽ കോരിവാരിമാറ്റി കുളിപ്പിച്ച്‌ സ്വന്തം അപ്പച്ചനേയോ അമ്മച്ചിയേയോ എന്നപോലെ പരിച്ചരിക്കുന്ന മഹത്തായ കാര്യമാണത്‌. എത്രയൊക്കെ ഞാൻ വിവരിച്ചാലും അത്‌ ചിലർക്ക്‌ മനസിലാവണമെന്നില്ല. വേണ്ടാ…, അത്‌ നിങ്ങൾ മനസിലാക്കേണമെന്നില്ല. കുറഞ്ഞപക്ഷം, ഈ സന്യസ്തർ അല്ലെങ്കിൽ അവരെപ്പോലെ ലോകം മുഴുവൻ സേവനം ചെയ്യുന്ന അനേകായിരം സന്യസ്തരെ, അവരുടെ മഹത്തായ ജീവിതാനുഷ്ടാനുങ്ങൾക്കു നേരെ, അസഭ്യവർഷം ചൊരിയാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിക്കാൻ ശ്രമിച്ചാൽ അത്‌ തന്നെ വലിയ കാര്യമാവും.

പ്രസ്തുത വീഡിയോയിൽ കാണുന്നതിനെ തന്നെയല്ലേ അടിച്ചമർത്തപ്പെട്ടവന്റെ ഓണം എന്ന്‌ യഥാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്നത്‌. സ്വന്തം എന്ന വാക്കിന്‌ സമം ചേർക്കപ്പെട്ടവരാൽ തന്നെ അടിച്ചമർത്തപ്പെട്ടവരുടെ ഓണമാണത്‌. ഓണമങ്ങനെ ആണ്‌ താനും. അതിപ്പോൾ ആരു കേസു കൊടുത്താലും, ഓണത്തിന്റെ സുവിശേഷം അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുന്നേല്പ്പിന്റേത്‌ തന്നെയാണ്‌. (സുവിശേഷം എന്ന്‌ വച്ചാൽ ബൈബിൾ എന്ന്‌ മാത്രമല്ല അർത്ഥം, അതിന്‌ നല്ല വിശേഷം എന്നൊരർത്ഥം കൂടി ഉണ്ട്‌ എന്നറിയാതെ കേസ്‌ കൊടുക്കുന്നവരോട്‌ എന്ത്‌ പറഞ്ഞിട്ടെന്ത്‌ കാര്യം…!) ഉയിർത്തെഴുന്നേല്പ്പ്‌ എന്ന്‌ പറയുമ്പോൾ അത്‌ ക്രിസ്തുവിനെക്കുറിച്ചല്ലെ എന്ന്‌ ചോദിക്കും….! ഐതീഹ്യങ്ങളിലെ മഹാബലിയുടെ ഒരു ദിവസത്തെ ഉയിർത്തെഴുന്നേല്പ്പിനെക്കുറിച്ച്‌ സംസാരിക്കുമ്പോഴും, ചിലരുടെ മനസിൽ നിത്യതയിലേക്ക്‌ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ഓർമ്മ വന്നുവെങ്കിൽ അത്‌ നല്ലത്‌ തന്നെ എന്ന്‌ വേണം കരുതാൻ.

പ്രസ്തുത വീഡിയോയിൽ ഓണസദ്യക്ക്‌ മുൻപ്‌ പ്രാർത്ഥന ചൊല്ലുന്നുണ്ട്‌. അത്‌ ക്രിസ്തീയ ഗാനമാണല്ലോ എന്ന്‌ മറുചോദ്യം ചോദിക്കുന്നവരോട്‌, വയലാർ രാമവർമ്മ രചിച്ച്‌, ജി. ദേവരാജൻ സംഗീതം നല്കി, പി. സുശീല പാടിയ “ആകാശങ്ങളിൽ ഇരിക്കും ഞങ്ങടെ, അനശ്വരനായ പിതാവേ…” എന്ന ഗാനം ഇന്ന്‌ ക്രിസ്തീയ ഭക്തിഗാനമാണെങ്കിലും, അതെഴുതിയവർ ആരും ക്രിസ്ത്യാനികൾ ആയിരുന്നില്ലല്ലോ എന്നെ ഉത്തരമേ അവരോട്‌ പറയാനുള്ളൂ. പറയുന്നവന്റേയും എഴുതുന്നവന്റേയും മതം നോക്കി ഇന്ന്‌ കേസ്‌ കൊടുക്കാൻ നടക്കുന്നവർ അന്നില്ലായിരുന്നു എന്നതാണന്നത്തെ നന്മ എന്ന്‌ വേണ്ടേ മനസിലാക്കാൻ.

നാളെയുടെ തലമുറ പഠിക്കേണ്ടത്‌ ചില അടഞ്ഞ പുസ്തകങ്ങളൂടെ പടച്ചട്ട മാത്രം കണ്ടാവാതെ, നന്മയുടെ ശേഖരവും അറിവിന്റെ നിധിയുമുറങ്ങുന്ന തുറന്ന പുസ്തകങ്ങളിലെ ഉൾക്കാഴ്ച്ചകൾ കണ്ടും മനസിലാക്കിയും അവട്ടെ. നൂറ്‌ മേനി വിളവ്‌ നൽകുന്ന ധാന്യച്ചെടികൾക്കിടയിൽ വളരുന്ന കളകളെ കണ്ട്‌ നാമിന്ന്‌ ധാന്യച്ചെടികളെയും സംശയത്തിന്റെ നിഴലിൽ പറിച്ചെറിയാൻ ശ്രമിക്കുന്നുവെങ്കിൽ അറിയുക, അത്‌ നാളെയുടെ ദാരിദ്ര്യത്തിലേക്കുള്ള കാൽവയ്പ്പാവും…

കടപ്പാട്:- Josemon Vazhayil

#Voice_of_Nuns

Share News