
നിങ്ങളുടെ ഹോംസ്റ്റേ ഒരു ഫോർസ്റ്റാർ ഫൈവ് സ്റ്റാർ നിലവാരത്തിൽ എത്തിക്കഴിഞ്ഞു|ചില ടിപ്പുകൾ പറഞ്ഞുതരാം.
ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളും നടത്തുന്നവർക്ക് ചില ടിപ്പുകൾ പറഞ്ഞുതരാം.
പലപ്പോഴും നല്ല റൂം താരിഫ് ഈടാക്കാവുന്ന ബീച്ച് സൈഡിലെയും, കായലോരത്തെയും, ഹിൽസ്റ്റേഷനുകളിലെയും ഒക്കെ ഹോംസ്റ്റേകൾക്കു പോലും വളരെ കുറഞ്ഞ താരിഫാണ് ( വാടക ) അവ നടത്തുന്നവർ ഈടാക്കുന്നത്.
നമുക്ക് നമ്മുടെ പ്രോഡക്റ്റിനെക്കുറിച്ചും സേവനത്തെക്കുറിച്ചും ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് നമ്മൾ അതിന് കുറഞ്ഞ വിലയിടുന്നത്!
ഇതിൻറെ കുഴപ്പം എന്തെന്നാൽ, അവർക്ക് കിട്ടുന്ന ഗസ്റ്റ് ‘പലപ്പോഴും’ പ്രശ്നക്കാരായിരിക്കും എന്നതാണ്.
മാത്രമല്ല ഒരിക്കലും ബിസിനസ് ലാഭകരം ആകുന്നുമില്ല.
ഈ അനുഭവം ധാരാളം പേർ എന്നോട് പങ്കുവെച്ചിട്ടുള്ളതാണ്.
അപ്പോൾ നമുക്ക് ചെയ്യാവുന്നത് നമ്മുടെ റൂം താരിഫ് വർദ്ധിപ്പിക്കുക എന്നതാണ്.
തീർച്ചയായും ക്വാളിറ്റി ഗസ്റ്റിനെ ലഭിക്കുന്നതിനും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അത് വളരെ സഹായകരമാണ്.
ഒരു ഹോംസ്റ്റേ അല്ലെങ്കിൽ സർവീസ്ഡ് വില്ല എന്നത് ഒരിക്കലും ഒരു സാമൂഹിക സേവനമായി കണക്കാക്കേണ്ടതില്ല.
അടിസ്ഥാനപരമായി അത് ബിസിനസ് തന്നെയാണ് .
ഹോസ്പിറ്റാലിറ്റി മേഖലയിലെ ബിസിനസ്.
പക്ഷേ വെറുതേയങ്ങ് താരിഫ് വർദ്ധിപ്പിക്കാൻ പറ്റുമോ?
അതിന്ന് നമ്മൾ നൽകുന്ന സേവനത്തിൻ്റെ ഗുണമേന്മയും ഉൽപ്പന്നത്തിന്റെ സൗകര്യങ്ങളും പരമാവധി വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഒപ്പം നന്നായി ചിരിക്കാനും പെരുമാറാനും കഴിയുകയും വേണം.
ചിരിയിൽ പിശുക്ക് കാണിക്കുന്ന ആതിഥേയർ ധാരാളമുണ്ട്!
പല ഹോംസ്റ്റേ കെട്ടിടങ്ങളും കൃത്യമായി പരിപാലിക്കപ്പെടുന്നില്ല എന്ന് കാണാം.
കൃത്യമായ ഇടവേളകളിൽ പെയിന്റ് ചെയ്യുക, ഡീപ് ക്ലീനിങ് നടത്തുക തുടങ്ങിയവ ഒന്നും തന്നെ പലരും ചെയ്യുന്നില്ല.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഇതുതന്നെയാണ് .
വിള്ളൽ വീണ അല്ലെങ്കിൽ സ്റ്റെയിൻ പിടിച്ച ക്ലോസറ്റുകൾ, ടൈലുകൾ എന്നിവ അപ്പപോൾത്തന്നെ മാറ്റേണ്ടതുണ്ട്.
കെട്ടിടത്തിന്റെ ഒരു മൂലയ്ക്ക് പോലും ചിലന്തിവലയുടെയോ പൊടിയുടെയോ അംശം പോലും ഉണ്ടാകരുത്.
ഫർണിച്ചറുകളുടെ ക്വാളിറ്റി, അവ പരിപാലിക്കുന്ന രീതി, റൂം മാറ്റുകളുടെയും ബാത്ത് മാറ്റുകളുടെയും ക്വാളിറ്റി ഇവയെല്ലാം തന്നെ ഏറ്റവും മികച്ചതായിരിക്കണം.
ഏറ്റവും മികച്ചത് അല്ലെങ്കിൽക്കൂടിയും തീരെ നിലവാരമില്ലാത്തത് ആകരുത്.
ഭക്ഷണം നൽകുന്ന പാത്രങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് ആകരുത്.
നല്ല സിറാമിക് പാത്രങ്ങൾ തന്നെയാണ് വേണ്ടത്.
അതുപോലെ തന്നെ അങ്ങേയറ്റം വൃത്തിയുള്ളതായിരിക്കണം കപ്പും സോസറും സ്പൂണും ഫോർക്കും ( cutlery) എല്ലാം തന്നെ.
പഴകി ക്വാളിറ്റി നഷ്ടപ്പെടുന്നവ തീർച്ചയായും മാറ്റിയിരിക്കണം.
കണ്ണാടിഗ്ലാസ്സ്, വെള്ളം നൽകാൻ മാത്രമേ ഉപയോഗിക്കാവൂ.
ചായയും കോഫിയും ഒക്കെ സിറാമിക് കപ്പുകളിൽ മാത്രം നൽകുക.
നാട്ടിൻപുറത്തെ ചായക്കടകളിലെ പോലെ കണ്ണാടിഗ്ലാസ്സുകളിൽ ചായയും കോഫിയും കൊടുക്കരുത്.
Complimentary breakfast തീർച്ചയായും ഉൾപ്പെടുത്തിയിരിക്കണം.
ഇനി ഗസ്റ്റ് റൂമിലേയ്ക്ക് വരാം.
ടൂറിസം വകുപ്പ് നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കുന്നവർക്ക് മാത്രമേ ഇത്തരം അംഗീകാരം ലഭിക്കുന്നുള്ളൂ എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല.
പകരം പലയിടത്തും കണ്ടുവരുന്ന ഒരു തെറ്റായ പ്രവണത ചൂണ്ടിക്കാട്ടാം.
ബെഡ്ഷീറ്റും ടവ്വലും ഉൾപ്പെടെയുള്ള ലിനൻ പലരും വെള്ളയ്ക്കു പകരം നിറമുള്ളവ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
വെള്ള എന്നത് പരിശുദ്ധിയുടെയും വൃത്തിയുടെയും പ്രതീകമായാണ് ആതിഥേയത്വ മേഖല കാണുന്നത്.
വെള്ളയിൽ പറ്റിപ്പിടിക്കുന്ന ചെറിയ അഴുക്കുപോലും തിരിച്ചറിയാൻ കഴിയും എന്നതുകൊണ്ട് അതിഥി എപ്പോഴും കംഫർട്ട് ആയിരിക്കുക വെള്ളയിലാണ് .
മാത്രമല്ല ഒരു ഗസ്റ്റ് റൂമിലെ മറ്റ് അലങ്കാരങ്ങൾ കൂടുതൽ എടുത്തു കാണിക്കുക, ബെഡ്ഡും ഷീറ്റും ഒക്കെ വെള്ള ആയിരിക്കുമ്പോഴാണ് .
ശരിക്കും പറഞ്ഞാൽ മുറികളിലെ കർട്ടനുകൾക്ക് പോലും വെള്ളയാണ് നല്ലത്.
ജനാല ഗ്ലാസിൽ പേപ്പർ ഒട്ടിച്ചിരുന്നാൽ മതി.
കടുത്ത നിറമുള്ള കർട്ടനുകൾ മനസ്സുഖത്തെ അലോസരപ്പെടുത്തുന്നവയാണ്.
വെള്ള മനസ്സിന് നൽകുന്ന ഒരു soothening effect ഉണ്ട്.
ഒരു സാധാരണ കെട്ടിടത്തെ ഒരു ഹോംസ്റ്റേ ആക്കി മാറ്റുമ്പോൾത്തന്നെ പെയിന്റിങ്ങിലും, കർട്ടനുകളിലും ഒക്കെ aesthetic sense നൽകാൻ നമുക്ക് കഴിഞ്ഞിരിക്കണം.
ദയവായി മുറികളിലെ ചുമരുകൾക്ക് കണ്ണു മഞ്ഞളിപ്പിക്കുന്ന കടുത്ത നിറങ്ങൾ കൊണ്ട് പെയിന്റ് അടിക്കരുത്.
ഇങ്ങനെ നമ്മുടെ വീടിനെ ഹോം സ്റ്റേ ആക്കി മാറ്റുന്ന ഘട്ടത്തിൽ തന്നെ, നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫർണിച്ചറുകൾ, മാറ്റുകൾ തുടങ്ങിയവ നിലവാരമില്ലാത്തവയാണെങ്കിൽ തീർച്ചയായും മാറ്റിയിരിക്കണം.
മറ്റൊരു പ്രധാന കാര്യം toiletries ൻ്റെ വിഷയത്തിലാണ് .
Medimix ,Chandrika പോലുള്ള സോപ്പുകൾ ഒരിക്കലും മോശമാണെന്ന് പറയുന്നില്ല.
പക്ഷേ ഹോസ്പിറ്റാലിറ്റി മേഖലയിൽ വെള്ള സോപ്പ് തന്നെയാണ് നല്ലത്.
മാത്രമല്ല നിർബന്ധമായും ബ്രഷ്, പേസ്റ്റ് എന്നിവ നൽകിയിരിക്കണം.
ഒരു ഹോംസ്റ്റേയെ സംബന്ധിച്ച് ഒരു ഡബിൾ റൂമിൽ സാധാരണ രണ്ടുപേരാവും ഉണ്ടായിരിക്കുക.
അപ്പോൾ രണ്ട് ബ്രഷ്, രണ്ട് പേസ്റ്റ് എന്നിവ വയ്ക്കാൻ മടിക്കരുത്.
ബാത്ത് ടവലും ഫേസ് ടവലും ഉണ്ട് എന്നോർക്കണം.
രണ്ട് പേരാണ് ഉള്ളതെങ്കിൽ രണ്ടും രണ്ടെണ്ണം വീതം വച്ചിരിക്കണം.
( വലിയ ഹോട്ടലുകളിൽ വേറെയും ചിലതരം ടവ്വൽസുണ്ട്.)
പലരും ഷാംപൂ, കണ്ടീഷണർ എന്നിവ വയ്ക്കാറില്ല.
നോക്കൂ ഇതിൽ നിന്ന് നമുക്ക് എത്ര കാശാണ് ലഭിക്കാൻ കഴിയുക?
മറിച്ച് സോപ്പ്, ബ്രഷ്, പേസ്റ്റ് എന്നിവയോടൊപ്പം നിങ്ങൾ ഷാംപൂ, കണ്ടീഷണർ എന്നിവയും ഒരു ഷേവിങ് കിറ്റും നൽകുന്നു എന്നുവയ്ക്കുക.
ഇവ നിങ്ങളുടെ ഹോംസ്റ്റേ/ സർവീസ്ഡ് വില്ല നിലവാരത്തിൽ വരുത്തുന്ന മാറ്റം എന്നത് ചില്ലറയല്ല!
ബെഡ് മേക്കിങ് എന്നത് ഒരു കലയാണ് .
അതും പഠിച്ചിരിക്കണം.
യൂട്യൂബിൽ ധാരാളം വീഡിയോസ് കിട്ടും.
ഇത്തരത്തിൽ നിങ്ങൾ നൽകുന്ന മുറിയിലെ സൗകര്യങ്ങൾ നിങ്ങൾ വർദ്ധിപ്പിക്കുമ്പോൾ, അതിനു ചെലവാകുന്ന തുകയോടൊപ്പം ഒരു പ്രോഫിറ്റ് കൂടി ചേർത്ത് അത് നിലവിലെ താരിഫിൽ കൂട്ടിക്കോളൂ.
അപ്പോൾ ഒരു ഫോർസ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളാണ് നിങ്ങൾ ഹോംസ്റ്റേയിലെ റൂമിൽ ഒരുക്കുന്നത്.
പിന്നെ ഉയർന്ന താരിഫിനെ കുറിച്ച് നിങ്ങൾ ഭയപ്പെടേണ്ടതില്ല.
Airbnb പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ ഇത്തരത്തിൽ നൽകുന്ന സൗകര്യങ്ങളെല്ലാം നിങ്ങൾക്ക് അവിടെ ലിസ്റ്റ് ചെയ്യാം.
നിങ്ങളുടെ വെബ്സൈറ്റിൽ അതിൻറെ വിശദാംശങ്ങൾ നൽകാം.
അത് കാണുമ്പോൾ തന്നെ ബുക്ക് ചെയ്യാൻ എത്തുന്നവർക്ക് തൃപ്തിയാകും.
മുറികളിലെ കസേരകളും ഡൈനിങ് ടേബിളിലെ കസേരകളും പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് ഭംഗി.
പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം നൽകുന്നതിനുപകരം ശുദ്ധീകരിച്ച വെള്ളം ഏറ്റവും മികച്ച കണ്ണാടിക്കുപ്പികളിൽ മുറിയിൽ നൽകുക.
മുറിയിൽ , ഒരു ചെറിയ പേപ്പറിൽ നിങ്ങൾ നൽകുന്ന കുടിവെള്ളത്തിന്റെ ശുദ്ധിയെപ്പറ്റി രണ്ടു വരി വേണമെങ്കിൽ നിങ്ങൾക്ക് എഴുതി വയ്ക്കാം.
അത് വിശ്വാസ്യത കൂട്ടും.
ബോട്ടിൽഡ് വാട്ടറിന് നിർബന്ധം പിടിക്കുന്നവരെ നിങ്ങളുടെ വാട്ടർ പ്യൂരിഫയർ കാണിച്ചുകൊടുക്കുക.
ഇവിടെ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുകയാണ്.
മുറിയിൽ ഏതു നിമിഷവും നിങ്ങളെ വിളിക്കാൻ പറ്റുന്ന മൊബൈൽ നമ്പർ പ്രിൻറ് ചെയ്ത് നൽകുക.
നിങ്ങളുടെ ഹോംസ്റ്റയെപ്പറ്റിയുള്ള ഒരു ചെറിയ ലീഫ് ലെറ്റ് ( leaflet) മുറിയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
അതിൽ സമീപത്തുള്ള ടൂറിസം കേന്ദ്രങ്ങളുടെ വിശദീകരണങ്ങളും നൽകാം.
നോക്കൂ, കൂടുതൽ വാടക തരാൻ തയ്യാറുള്ള അതിഥികൾ ആഗ്രഹിക്കുന്നത്, മെച്ചപ്പെട്ട സൗകര്യങ്ങളും, അധിക സൗകര്യങ്ങളും, മെച്ചപ്പെട്ട സേവനവും ആണ്.
മേൽപ്പറഞ്ഞതൊക്കെ ചെയ്യാൻ കഴിഞ്ഞാൽ,
നിങ്ങളുടെ ഹോംസ്റ്റേ ഒരു ഫോർസ്റ്റാർ ഫൈവ് സ്റ്റാർ നിലവാരത്തിൽ എത്തിക്കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.
Hospitality at its peak!!!! എന്ന മുദ്രാവാക്യം നമുക്ക് ഉയർത്തിപ്പിടിക്കാം.
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും .![]()
പ്രശാന്ത് വാസുദേവ്
Prasanth Vasudev Nair (Prasanth Vasudev
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടന്റ്.
