മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..

Share News

. ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ. മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..
അവിചാരിതമായി നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ടു വിട്ടുപിരിയുന്നു. അല്ലെങ്കിൽ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഒരാൾ മരണപ്പെടുന്നു. നാം ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. പലപ്പോഴും മരണത്തിന്റെ ആഘാതത്താൽ നാം മറന്നു പോകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ നാം വളരെയധികം ബുദ്ധിമുട്ടും. ഒരാൾ മരണപ്പെട്ടാൽ ആദ്യമായി ചെയ്യേണ്ടത് അയാളുടെ മരണ വിവരം, എവിടെ വെച്ച് അയാൾ മരണപ്പെട്ടുവൊ, ആ സ്ഥലം നിലനിൽക്കുന്ന പ്രദേശത്തെ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസിലെ മരണ രജിസ്ട്രാർ മുമ്പാകെ രേഖാമൂലം അറിയിക്കുക എന്നുള്ളതാണ്. മരണ തീയതി മുതൽ 21 ദിവസത്തിനുള്ളിൽ മരണ വിവരം അറിയിക്കണം. മരിച്ചവ്യക്തിയുടെ കൃത്യമായ പേര് തന്നെ മരണ രജിസ്റ്ററിൽ രേഖപ്പെടുത്തി എന്ന് ബോധ്യപ്പെടണം. പേരിലുള്ള അക്ഷരപ്പിശക് തന്നെ പിന്നീട് പ്രശ്നം ആയി മാറിയേക്കാം. 21 ദിവസത്തിനുശേഷം മരണവിവരം രേഖപ്പെടുത്തുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതിനാൽ മരിച്ചവ്യക്തിയുടെ ഏറ്റവും അടുത്ത വ്യക്തി തന്നെ ഈ വിവരം അറിയിക്കുന്നതാണ് നല്ലത്.
മരിച്ച വ്യക്തികളുടെ ആസ്തിബാധ്യതകൾ അയാളുടെ നിയമപരമായ അവകാശികൾക്ക് മരണശേഷം ലഭിക്കും. നിയമപരമായ അവകാശികളെ നിശ്ചയിക്കുവാൻ നടപടിക്രമങ്ങൾ ഉണ്ട്. അതിനായി നിയമപരമായ അവകാശികൾ, മരിച്ച വ്യക്തി താമസിച്ച പരിധിക്കുള്ളിലെ തഹസിൽദാരുടെ മുമ്പാകെ അപേക്ഷ നൽകേണ്ടതും, തഹസിൽദാർ അന്വേഷണം നടത്തി അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതും ആകുന്നു. ഈ നടപടിക്രമങ്ങൾക്ക് ഏകദേശം ഒരു വർഷം സമയം എടുക്കാവുന്നതാണ്. മരിച്ച വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ഭാഗം ചെയ്യുമ്പോൾ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കൃത്യമായ അവകാശികൾക്ക് വസ്തുവഹകൾ വിഭജിക്കപ്പെട്ടു ലഭിച്ചു എന്ന് ബോധ്യം ആവുകയുള്ളൂ. അനന്തരാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ ഭാഗ പത്രം രജിസ്റ്റർ ചെയ്താൽ നിയമ പരിശോധനയ്ക്ക് വരുമ്പോൾ ഭാഗപത്രം നിരാകരിക്കപ്പെട്ടുപോകാം. എന്റെ കഴിഞ്ഞ കുറേ കാലങ്ങളിലെ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത്, അനന്തരാവകാശ സർട്ടിഫിക്കറ്റ് വാങ്ങുന്നതിൽ പലരും അലംഭാവം കാണിക്കുന്നുണ്ട് എന്നുള്ളതാണ്.
അതിനാൽ ഇന്നു തന്നെ, നമ്മുടെ ആരുടെയെങ്കിലും പ്രിയപ്പെട്ടവർ മരിച്ചിട്ട് ഉണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും ബോധ്യപ്പെടുക. ഇല്ലെങ്കിൽ അതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക . അഡ്വ ടോണി ജോസഫ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു