
..മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല
അഭിമാനത്തോടെ പ്രാർത്ഥനയോടെ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല. ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചറിനെയും ഓർക്കാതെ ഇരുന്നിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് വിശ്വസിക്കുന്നതിനു ഈ രണ്ടു പേരും മറ്റൊരു കാരണമായി മാറുന്നു. ദൈവം ഈ നാടിനെ അത്രയേറെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് അവരെ ഈ യുദ്ധകാല സൈന്യാധിപരാക്കി മാറ്റിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ രണ്ടു മക്കൾ മാത്രമാണ് താമസം. കൂട്ടുകാരനും ഭാര്യയും ഇവിടെ കുവൈറ്റിൽ ആണ്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ആ വീട്ടിൽ ഒരു കോവിഡ് കാല പ്രഭാതത്തിൽ വെള്ളം ലഭിക്കാതെ ആയി. രണ്ടു ദിവസം ആയപ്പോൾ ടാങ്കും കാലി. എന്ത് ചെയ്യും. മുഖ്യമന്ത്രിയുടെ ഹെൽപ് ഡെസ്കിലേക്ക് ഒരു കാൾ. വിവരം പറഞ്ഞു. പത്ത് നിമിഷം കൊണ്ട് മുറ്റത്തു ടാങ്കർ, പിറ്റേന് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ നിന്ന് കാര്യം തിരക്കിയുള്ള വിളി. വേഗം തന്നെ വെള്ളം വരവ് തുടങ്ങി. പിന്നീട് വെള്ളം കണക്ഷൻ ശരിയായോ എന്നുതിരക്കി വീണ്ടും വിളി. പിറ്റേന്ന് ബാലാവകാശ കമ്മീഷന്റെ ഓഫീസിൽ നിന്നും എത്തി സ്നേഹാന്വേഷണം – ഏതാണ്ട് രണ്ടു മൂന്നാഴ്ചയായിട്ടു ആ കുട്ടികളുടെ ക്ഷേമമന്വേഷിക്കുന്നതിൽ ആ നല്ല ഉദോഗസ്ഥർ വീഴ്ച വരുത്തിയിട്ടില്ല.എന്റെ കേരളം എത്ര ഒരുമയോടെയാണ് കാര്യങ്ങളെ നേരിടുന്നത്. ഇത്തരം നേതൃത്വത്തിന് വേണ്ടുന്ന എല്ലാം ഉണ്ട് ഞാൻ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന ഈ നേതാവിന്. കർശനമായ സ്വരം- ലക്ഷ്യ ബോധം- മറ്റുള്ളവരെ മനസിലാക്കാനുള്ള ഉള്ളലിവ് – നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്താനുള്ള മനോ ബലം. ഏറ്റവും പ്രധാനം ദുഷ്ടലാക്കുള്ള സ്തുതിപാഠകരെ ചുറ്റും കാണാനില്ല എന്നൊരു വലിയ ഗുണമാണ്. നല്ല നേതാക്കന്മാർ വേറെയും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. പക്ഷേ ഈ യുദ്ധമുഖത്തിൽ ഇതുപോലെ ഉള്ള മറ്റാരെയും കേരളം കണ്ടിട്ടില്ല. പാർട്ടി ഇതാവുകയും നേതാവ് മറ്റൊരാളാവുകയും ചെയ്തിരുന്നെങ്കിൽ പോലും നമ്മൾ എന്നേ തോറ്റു പോയേനെ. ഇതൊരു മുഖ സ്തുതി അല്ല- സാക്ഷ്യമാണ്. കേരളത്തിലെ സർക്കാർ ജോലിക്കാർക്ക് ഇങ്ങനെയൊക്കെ ആകാനാവുമോ? ആകുമെന്നല്ല- ആയി എന്നാണ് ഈ സാക്ഷ്യം.എന്റെ നാടിനെ ഓർത്തു, ഭരണാധികാരികളെ ഓർത്തു ദൈവത്തിനു നന്ദി.ശ്രീ ബിജോയ് എസ് പാലക്കുന്നേൽ ഫേസ്ബുക്കിൽ എഴുതിയത്