ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാൻ കോവിഡ് കാലത്തെ സഭക്ക് കഴിയണം.

Share News

കോവിഡ് നമ്മെ എന്ത് പഠിപ്പിച്ചു?
കോവിഡ് അനന്തര കാലത്തെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും എല്ലായിടത്തും സജ്ജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനേക്കാൾ ഇപ്പോൾ പ്രസക്തമായിരിക്കുന്നത് കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ‘ലോക് ഡൗൺ’ എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാനങ്ങൾ രംഗത്ത് വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊറോണ വൈറസും കോവിഡ് 19 എന്ന രോഗവും അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏൽപ്പിച്ച ആഘാതവും ഏറെക്കാലം നിലനിൽക്കും. ഫലപ്രദമായ പ്രതിരോധ വാക്‌സിനുകളോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കോവിഡ്
മനുഷ്യ വർഗത്തിന് ഒരു ഭീഷണി തന്നെയായിരിക്കും.
അര നൂറ്റാണ്ടിനുള്ളിൽ ഇതുപോലെ ഒരു മഹാമാരി ലോകം കണ്ടിട്ടില്ല. 1980 ലാണ് വസൂരി (സ്‌മോൾ പോക്സ്) എന്ന മാരക വ്യാധി മനുഷ്യൻ നിയന്ത്രണ വിധേയമാക്കി നിർമാർജനം ചെയ്തത്. നൂറ്റാണ്ടുകൾ മനുഷ്യ വർഗത്തെ വരുതിയിൽ നിർത്തിയ വസൂരി ഇരുപതാം നൂറ്റാണ്ടിൽ മാത്രം മുന്നൂറു ദശലക്ഷം മനുഷ്യജീവനെടുത്തു എന്നാണ് കണക്കാക്കുന്നത്. മനുഷ്യ വർഗത്തിനു ഭീഷണിയായി മഹാമാരികൾ എക്കാലവും ഉണ്ടായിരുന്നു. അവയോടു പൊരുതിയും പൊരുത്തപ്പെട്ടും അവയെ അതിജീവിച്ചുമാണ് മനുഷ്യ വംശം ചരിത്രത്തിൽ മുന്നോട്ടുപോയിട്ടുള്ളത്. തല്ക്കാലം കൊറോണയുമായി പൊരുതിനിൽക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ കൈകോർത്തു പ്രവർത്തിച്ചാൽ, എത്രയും വേഗം അതിനെ അതിജീവിക്കാനുള്ള വാക്സിനുകളും മരുന്നും കണ്ടെത്താനായേക്കും.
2019 ഡിസംബർ 31 നാണു ചൈനയിലെ വുഹാനിൽ ന്യൂമോണിയക്കു തുല്യമായ രോഗം പടരുന്നതായി ചൈനീസ് അധികൃതർ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. പനിയും ശ്വാസ തടസ്സവുമായിരുന്നു പ്രധാന രോഗ ലക്ഷണങ്ങൾ. ജനുവരി മാസത്തിൽ തന്നെ ചൈനക്ക് പുറത്തേക്കും രോഗ വ്യാപനം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 25 ആയപ്പോഴേക്കും മരണ സംഘ്യ 1000 കടന്നു. ജനുവരി 30 നു ലോകാരോഗ്യ സംഘടന കോവിഡ് – 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ഇതേ ദിവസംതന്നെ ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 കേസ് കേരളത്തിൽ റിപ്പോർട് ചെയ്യപ്പെട്ടു. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കോവിഡിന് കൃത്യമായ ചികിത്സയില്ലെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഫെബ്രുവരി അഞ്ചിനാണ്. മാർച്ച് 11 നു കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാ മാരിയായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മരണം 4291 കടന്നിരുന്നു.
ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനം കേരളം ആണെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേരളം ലോകത്തിനു തന്നെ മാതൃകയായി. എങ്കിലും കോവിഡ് ഭീഷണിയിൽ നിന്നും നമ്മൾ മുക്തരായി എന്ന് കരുതാൻ വയ്യ. പ്രതിരോധ വാക്‌സിനോ മരുന്നോ കണ്ടെത്തുംവരെ നമ്മൾ മാത്രമല്ല, ലോകത്ത്‌ എവിടെയും ആരുംതന്നെ സുരക്ഷിതരാണെന്ന് പറഞ്ഞുകൂടാ. എല്ലാവരും മരണകരമായ ഒരു അപകടാവസ്ഥയിലാണ് എന്നതാണ് യാഥാർത്ഥ്യം. ഒരു സമൂഹം എന്ന നിലയിൽ എങ്ങിനെ ഈ അപകടാവസ്ഥയെ നാം അതിജീവിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
ദീർഘകാല അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ ഒരു പ്രതിവിധിയല്ല എന്ന തിരിച്ചറിവിലേക്ക് മെല്ലെ നമ്മൾ ഉണരുകയാണ്. എന്നാൽ, ലോക്ക് ഡൗൺ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളും, സമൂഹങ്ങളും എത്ര വലിയ വിലയാണ് കൊടുക്കേണ്ടിവന്നത് എന്നതും നമ്മൾ കണ്ടതാണ്. ദീർഘകാലത്തേക്കുള്ള ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവാണ്, നിയന്ത്രണങ്ങളോടെ ആണെങ്കിലും ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ രാഷ്ട്ര നേതാക്കളെ നിര്ബന്ധിതരാക്കുന്നത്. അതേസമയം, കോവിഡ് മൂലം ജനുവരി മുതൽ ഇന്ന് (മെയ് 11) വരെ മരിച്ചവരുടെ എണ്ണം 2 ,85, 464 ആണ്. കോവിഡ് ഒരു മഹാ കൊലയാളി തന്നെയാണ്. അര നൂറ്റാണ്ടു മുൻപു വരെ വസൂരിയെ നമ്മുടെ പൂർവികർ എങ്ങിനെ അഭിമുഖീകരിച്ചുവോ, അതേവിധം നമ്മൾ കോവിഡിനെ മുന്നിൽ കണ്ടു ജീവിക്കേണ്ടിയിരിക്കുന്നു. സ്‌മോൾ പോക്സിനെ അപേക്ഷിച്ചു കോവിഡ് -19 ന്റെ മരണ നിരക്ക് തുലോം കുറവാണ് എന്നതാണ് ഏക ആശ്വാസം.
നിരന്തരം രൂപമാറ്റം വരാവുന്ന കോവിഡ് വൈറസ് ഇനി എങ്ങനെയെല്ലാമായിരിക്കും ഭാവിയിൽ അതിന്റെ വിശ്വരൂപം കാട്ടുക എന്ന് യാതൊരു നിശ്ചയവും ആർക്കുമില്ല. രണ്ടായിരത്തി പത്തൊൻപതു വരെ ജീവിച്ച രീതികളിലേക്കും അനുഭവിച്ച സ്വാതന്ത്ര്യങ്ങളിലേക്കും എത്രമാത്രം തിരിച്ചുപോകാൻ കഴിയും എന്ന് പറയാൻ സമയം ആയിട്ടില്ല. ഇപ്പോൾ തന്നെ, ഏറെക്കാര്യങ്ങൾ നമ്മൾ വേണ്ടെന്നു വച്ചിരിക്കുന്നു. അതിലേറെ നിയന്ത്രണങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലയിലും നമ്മൾ ഏർപ്പെടുത്തിയിരിക്കുന്നു. ഏറെക്കാര്യങ്ങൾ പുതുതായി ശീലിച്ചുകൊണ്ടിരിക്കുന്നു. പല നിയന്ത്രണങ്ങളോടും നമ്മൾ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം മാറുകയാണ്. നമ്മുടെ ശീലങ്ങളും.
ലോകത്തിന്റെ സാമ്പത്തിക സ്ഥിതി അകെ തകിടം മറിഞ്ഞിരിക്കുകയാണ്. കൊറോണക്ക് മുൻപുതന്നെ, ലോക സാമ്പത്തിക ക്രമം തകർച്ചയെ നേരിടുകയായിരുന്നു. ലോക രാഷ്ട്രങ്ങൾ മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധി മുന്നിൽ കാണുകയായിരുന്നു. ഇത്തരം രോഗാതുരമായ ഒരു സാമ്പത്തിക ക്രമത്തെയാണ്, ജീവിത ശൈലീ രോഗങ്ങൾകൊണ്ട് പൊറുതിമുട്ടിയ ഒരാളെ കൊറോണ വൈറസ് ബാധിച്ചാലെന്നപോലെ കോഡിഡ് പൊറുതിമുട്ടിച്ചിരിക്കുന്നത്. ഉല്പാദന മേഖലയും, വാണിജ്യ വ്യവസായ മേഖലകളുമെല്ലാം ഒരുപോലെ സാമ്പത്തിക തകർച്ചയെ നേരിടുകയാണ്. ദിവസ വരുമാനക്കാരായ അസംഘടിത തൊഴിലാളികൾക്കും ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കും കൃഷിക്കാർക്കും കർഷക തൊഴിലാളികൾക്കും മൽസ്യബന്ധനം ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കുമെല്ലാം ലോക്ക് ഡൗൺ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉടനെ ഒരു തിരിച്ചുവരവ് അസാധ്യമായവിധം സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു.
ലോക്ക് ഡൗണിൽ അടച്ചിരുന്നു ജീവൻ സംരക്ഷിക്കാമെങ്കിലും ജീവിതം തിരിച്ചുപിടിക്കണമെങ്കിൽ , മനുഷ്യ പ്രയത്നത്തിന്റെയും പ്രവർത്തനങ്ങളുടെയും എല്ലാ മേഖലകളും സജ്ജീവമാകേണ്ടിയിരിക്കുന്നു. കരയിലും കടലിലും ആകാശത്തും വാഹനങ്ങൾ ഓടിത്തുടങ്ങണം. കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കണം. ജീവ സന്ധാരണത്തിനും അനുദിന വരുമാനത്തിനുമുള്ള മാർഗങ്ങൾ തുറന്നു കിട്ടണം. ഉല്പാദന, വ്യവസായ, നിർമാണ മേഖലകൾ പ്രവർത്തന നിരതമാകണം. വളരെക്കാലമായി അവഗണന നേരിട്ട് തകർച്ചയിലായിരിക്കുന്ന കാർഷിക മേഖലയും മൽസ്യബന്ധനം ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളും സജ്ജീവമാകണം. സർക്കാർ ഹ്രസ്വകാല – ദീർഘകാല പദ്ധതികൾ ഇതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കണം. അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ലോക ഭക്ഷ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ കൈകളിൽ പണം എത്തുകയും അത് വിപണിയെ ഉണർത്തുകയും ചെയ്യുന്നതിനാവശ്യമായ സാമ്പത്തിക പാക്കേജുകൾ ഉടൻ പ്രഖ്യാപിച്ചു ഫലപ്രദമായി നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിയണം. ഒപ്പം, വാണിജ്യ വ്യവസായ മേഖലകൾക്ക് ഉണർവുപകരുന്ന ആശ്വാസ നടപടികളും ഉണ്ടാകണം.
സ്വയം മറന്നുള്ള പരക്കം പാച്ചിലുകളിൽനിന്നു മുക്തരായി വീണ്ടും പ്രകൃതിയുടെ താളവും സംഗീതവും അറിയാനും അനുഭവിക്കാനും സഹായിച്ച ഒരു കാലഘട്ടമായിരുന്നല്ലോ ലോക്ക് ഡൗൺ! മനുഷ്യന്റെ പരിധിവിട്ട പരാക്രമങ്ങളിൽനിന്നു മുക്തയായ പ്രകൃതി കുറേക്കൂടി സ്വച്ഛവും ശുദ്ധവുമായിരിക്കുന്നു. പ്രകൃതിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്ന ഒരു ബോധം മനുഷ്യർക്ക് നൽകിക്കൊണ്ട് എന്തെല്ലാം തരം പക്ഷികളും ചെറുജീവി വർഗങ്ങളുമാണ് ഇപ്പോൾ നമുക്ക് ചുറ്റും പാറിപ്പറക്കുന്നത്! പ്രകൃതി മനുഷ്യ സമൂഹത്തോട് മറുതലിക്കുന്നത്‌ അടുത്തകാലത്തായി വർധിച്ചു വരികയായിരുന്നു എന്നത് കാണാതിരുന്നുകൂടാ. കുറേക്കൂടി പ്രകൃതിയോട് ചേർന്നും ലളിതമായും ജീവിക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു സൂചനകൂടിയാവാം കോവിഡ്! പ്രകൃതിയുടെയും ദരിദ്രരുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ അവഗണിക്കരുതെന്നു ഫ്രാൻസിസ് പാപ്പാ നിരന്തരം മനുഷ്യ സമൂഹത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രസക്തി ഇനിയും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭാവിതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭാസ രംഗം മറ്റേതു മേഖലയേയുംകാൾ വെല്ലുവിളി നേരിടുകയാണ്. കുട്ടികളുടെയും യുവതലമുറയുടെയും വിദ്യാഭ്യാസ രീതികളിൽ കാതലായ മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട് കോവിഡ്. സാമൂഹ്യ അകലം പാലിക്കുക, ഓരോരുത്തരും സ്വയം സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതലുകളും പെരുമാറ്റ ക്രമീകരണങ്ങളും ശീലിക്കുക, ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ കൊറോണക്കാല പെരുമാറ്റച്ചട്ടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുക എന്നത് വലിയതോതിൽ വെല്ലുവിളി ഉയർത്തും. 2020 ൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കുക എന്നത് എളുപ്പമാവില്ല. ചിലരെല്ലാം ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ പുതിയ രീതികൾ ഇപ്പോൾത്തന്നെ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. അവയൊക്കെ എത്രത്തോളം ഫലപ്രദമാകും എന്ന് പറയാറായിട്ടില്ല. പുതിയ തലമുറ ഒരുപക്ഷെ മാറ്റങ്ങളോട് വേഗം പൊരുത്തപ്പെട്ടു എന്ന് വരാം. അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിലവിലുള്ള മറ്റു സംവിധാനങ്ങൾ എല്ലാം ഈ രംഗത്തെ പുതിയ മാറ്റങ്ങളും അതുയർത്തുന്ന വെല്ലുവിളികളും ഏറ്റെടുക്കാൻ സജ്ജരാകേണ്ടിയിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർഹരായ കുട്ടികൾക്ക് ആവശ്യമായ ഫീസ് സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തുകയും കോവിഡ് മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുകയും വേണമെന്ന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നവർക്ക് കെ. സി. ബി. സി നിർദേശം നൽകിയിട്ടുണ്ട്.
ആധ്യാത്മീക സാംസ്‌കാരിക രംഗങ്ങളിലും കോവിഡ് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്റെ പ്രധാന മേഖലകളായ ആധ്യാത്മീക സാംസ്‌കാരിക രംഗങ്ങളെല്ലാംതന്നെ, കോവിഡിനോടനുബന്ധിച്ചുള്ള ലോക്ക് ഡൗണിൽ നിശ്ചലമായിരിക്കുകയാണ്. ആധ്യാത്മീക കേന്ദ്രങ്ങളായ ദൈവാലയങ്ങളും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും, ആഘോഷങ്ങളും, കൂടിവരവുകളുമെല്ലാം അസാധ്യമായിരിക്കുന്നു. ദൈവാലയങ്ങളിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തുന്നതിന് വിലക്കില്ലെങ്കിലും വിശ്വാസികൾക്ക് അതിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വീടിന്റെ അകത്തളങ്ങളിലും ചുറ്റുവട്ടത്തുമായി ഓരോ വ്യക്തിയുടെയും ജീവിത വൃത്തം ചുരുങ്ങിയിരിക്കുന്നു. വലിയനോമ്പുകാലവും വിശുദ്ധ വാരവും ഈസ്റ്ററുമെല്ലാം ലോക്ക് ഡൗൺ കവർന്നെടുത്തു. മരണത്തിന്റെ ഇരുണ്ട ചിറകുകൾ ഭൂമിക്കുമേൽ നിഴൽവീഴ്ത്തിയ ദിനങ്ങളായിരുന്നു അവ. ഇല കൊഴിയുന്നതുപോലെ മനുഷ്യർ കൊഴിഞ്ഞു വീഴുന്ന വാർത്തകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എത്തിക്കൊണ്ടിരുന്ന പേടിപ്പെടുത്തുന്ന ദിനരാത്രങ്ങൾ! മാർച്ച് 27 നു ശൂന്യമായ വത്തിക്കാൻ ചത്വരത്തിനുമദ്ധ്യേ ഫ്രാൻസിസ് പാപ്പയോടൊപ്പം ലോകം ദിവ്യകാരുണ്യ നാഥനു മുന്പിൽ മുട്ടുകുത്തി ദൈവ കാരുണ്യത്തിനുവേണ്ടി യാചിച്ച നിമിഷങ്ങൾ മറക്കാനാവുമോ? ദൈവാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഒരുകാര്യം നമ്മൾ തിരിച്ചറിഞ്ഞു: നമ്മുടെ കുടുംബങ്ങൾ ദൈവാലയങ്ങളാകുന്നു! ഒപ്പം, സഭയിലെ ഇടയന്മാർ വിശ്വാസികളെ അനുധാവനം ചെയ്യുന്നതിൽ ഒരു പുതിയ മാനം കൈവരിക്കുകയായിരുന്നു. നേരിട്ട് എത്താതെതന്നെ കടന്നുചെല്ലുന്ന കരുതലിന്റെയും സാന്ത്വനത്തിന്റെയും ധൈര്യംപകരുന്ന സാന്നിധ്യം! ഓരോ വിശ്വാസിയെയും അവരവർ ആയിരിക്കുന്ന ഇടങ്ങളിലും അവസ്ഥയിലും അനുധാവനം ചെയ്യുന്ന അജപാലന സാന്നിധ്യം! ഭൂരിഭാഗം വൈദികരും സന്യസ്തരുമൊക്കെ ഇത്തരം പുതിയ രീതികളോട് ഇനിയും പൊരുത്തപ്പെട്ടുവരുന്നതേയുള്ളു. എങ്കിലും, ആടുകളെ തേടിയിറങ്ങുന്ന വ്യത്യസ്തമായ അജപാലന മാതൃകകൾ പലതും ഈ കോവിഡ് കാലം നമുക്ക് പരിചയപ്പെടുത്തി.
ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും സഭ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ നിരവധിയാണ്. മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളോട് പ്രതികരിക്കാതെ സഭക്ക് അതിന്റെ ശുശ്രൂഷയിൽ മുന്നോട്ടുപോകാനാവില്ല. മനുഷ്യന്റെ ആവശ്യങ്ങളോടും പരിമിതികളോടും സാധ്യതകളോടും സുവിശേഷാത്മകമായി പ്രതികരിച്ചുകൊണ്ടാണ് സഭ അതിന്റെ ദൗത്യം നിർവഹിക്കുന്നത്. കൊറോണക്കാലം, വിശിഷ്യാ ലോക്ക് ഡൗൺ കാലം സഭയിൽ ശുശ്രൂഷയുടെ അനേകം സാധ്യതകൾ പരീക്ഷിക്കപ്പെട്ടു. രൂപത സോഷ്യൽ സർവീസ് സൊസൈറ്റികൾ പ്രതിരോധ – ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അതാത് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് രൂപതകളിൽ നേതൃത്വം നൽകി വരുന്നു. കോവിഡിനെതിരെയുള്ള ബോധ വത്കരണ പ്രവർത്തനങ്ങൾ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണവും വിതരണവും, അതിഥി തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കൽ, ഭക്ഷണ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ സഭയുടെ വിവിധ തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി നടന്ന പ്രവർത്തനങ്ങൾക്ക് ഇതിനോടകം കെ. സി. ബി. സി ഓഫീസിൽ ലഭിച്ച കണക്കുകൾ അനുസരിച്ച് 10, 07, 29,745 രൂപയും ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക്
21, 20, 89, 968 രൂപയും സന്യസ്ത സമൂഹങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് 12, 87, 18, 280 രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും കണക്കും ഓരോ രൂപതയും സോഷ്യൽ സർവീസ് സൊസൈറ്റിയും സന്യാസ സമൂഹവും കെ. സി. ബി. സി സെക്രട്ടേറിയറ്റിൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നും സമാഹരിച്ച
1 , 03, 50, 000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ. സി. ബി. സി സംഭാവന ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ച അവസരത്തിൽത്തന്നെ കത്തോലിക്കാ സഭയുടെ ആശുപത്രികളും ആരോഗ്യ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരും സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, സ്റ്റഡി ഹൗസുകൾ, പാസ്റ്ററൽ സെന്ററുകൾ, ധ്യാന കേന്ദ്രങ്ങൾ, സാമൂഹിക ക്ഷേമ സംവിധാനങ്ങൾ എന്നിവയുടെ വിശദ വിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാ ഭരണാധികാരികൾക്ക് കൈമാറിയിരുന്നു. പ്രവാസി മലയാളികളുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പ്രസ്തുത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും അതാതു പ്രദേശത്തുള്ള കുടുംബങ്ങളിൽ അർഹരായവർക്ക്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റ് സന്നദ്ധ സംഘടനകളുമായും സഹകരിച്ചു തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട്. ലോക്ക് ഡൌൺ കഴിയുന്ന മുറക്ക് തിരിച്ചുവരുന്ന മദ്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയും കോവിഡ് കാലത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്തേക്കാം. ഇക്കാര്യത്തിൽ ഏറെ കരുതലും ഉയർന്ന ജാഗ്രതയും പുലർത്തേണ്ടിയിരിക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ, കോവിഡ് ഏൽപ്പിച്ചിട്ടുള്ള സാമ്പത്തിക ആഘാതം വലുതാണ്. ഓരോ വ്യക്തിയും കുടുംബവും ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കുന്നുണ്ട്. പരസ്പരം കരുതുന്ന ഒരു സമൂഹം എന്ന നിലയിൽ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനു ഓരോ ഇടവകയും സജ്ജമാകേണ്ടിയിരിക്കുന്നു. ദരിദ്രരെ പ്രത്യേകം കരുതുകയും ദാരിദ്ര്യത്തിന്റെ അരൂപി സ്വയം ഉൾക്കൊള്ളുകയും ചെയ്യുന്ന സഭ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക പരാധീനത നമ്മുടെ കുടുംബാന്തരീക്ഷം കലുഷമാക്കാൻ നമ്മൾ അനുവദിക്കരുത്. പരസ്പരം താങ്ങും തണലുമാവാൻ നാം ജാഗ്രതയുള്ളവരാകണം. യുവജനങ്ങളും അൽമായ നേതൃത്വവും വൈദികരും പ്രാദേശികമായ പ്രശ്നങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ സന്നദ്ധരാകണം. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഈ കൊറോണാ കാലത്തു സഭ എന്തായിരുന്നു, എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നത് അതി പ്രധാനമാണ്. കൊറോണക്കാലത്തെ സഭ അതിനു ശേഷമുള്ള സഭയുടെ സ്വഭാവവും പ്രസക്തിയും നിർണയിക്കും എന്നതിൽ സംശയമില്ല.
ദൈവാലയങ്ങൾ അടച്ചിടണം എന്നും ജനങ്ങൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും, പരമാവധി സാമൂഹ്യ അകലം പാലിക്കണമെന്നും നിഷ്കർഷിക്കപ്പെട്ട ഇക്കാലത്താണ് സഭ യഥാർത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിയത്. ജനങ്ങളോടൊപ്പവും ജനങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സംവിധാനങ്ങളുമാണ് സഭ എന്ന അനുഭവപരമായ തിരിച്ചറിവ് വിശ്വാസികൾക്കും സമൂഹത്തിനും ഉണ്ടാകുമ്പോഴാണ് സഭ ദൈവജനത്തിന്റെ കൂട്ടായ്മയാകുന്നത്. ഭീതിയുടെയും പരാജയ ബോധത്തിന്റെയും ആകുലതയുടെയും നാളുകളിൽ ആശ്വാസവും പ്രത്യാശയും നൽകുന്ന സാന്നിധ്യമാകാൻ അതിനു കഴിയുന്നു എന്നതിലാണ് സഭ അതിന്റെ തനിമ കണ്ടെത്തുന്നത്. സഭ അതിന്റെ മിഷനറി സ്വഭാവവും തനിമയും വീണ്ടെടുക്കുന്ന സമയവും സന്ദർഭവും ആയിരിക്കണം ഈ കോവിഡ് കാലം. യേശുവിനും ഉണ്ടായിരുന്നു ഒരു ലോക്ക് ഡൗൺ കാലം! അവിടുന്ന് അതിനെ അതിജീവിച്ചത് മനുഷ്യ വർഗത്തിനു മുഴുവൻ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശ പകർന്നുകൊണ്ടായിരുന്നല്ലോ. ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാൻ കോവിഡ് കാലത്തെ സഭക്ക് കഴിയണം.
(ഫാ. വർഗീസ് വള്ളിക്കാട്ട് ).കെസിബിസിയുടെ വക്താവും, പാലാരിവട്ടം പി ഓ സിയുടെഡയറക്ടറും ആണ് .അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ ലേഖനം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു