
.സന്ധ്യകളിൽ ഇന്നും അവർ ദൂരെനിന്ന് ഉറക്കെ ചിരിച്ചും തമാശ പറഞ്ഞും നടന്നു വന്ന് ഒരു പാട്ടും പാടി,യാത്രയും പറഞ്ഞ് പോകുന്നുണ്ടാകാം.ആരും കാണാതെ.
എന്റെ കൂട്ടുകാരൻ
വീടിനു താഴെയുള്ള ചെറിയ വഴിയിൽ ഒരു കലുങ്കുണ്ട്.അവിടെ വൈകുന്നേരങ്ങളിൽ സൗഹൃദം പങ്കുവക്കാൻ ഒത്തുചേർന്നാൽ ഒരു പാടു കാഴ്ചകൾ കാണാൻ കഴിയും.

പോക്കുവെയിലിന്റെ ചുവപ്പിൽ കൂടുതൽ സുന്ദരികളായ തരുണീമണികൾ,സ്കൂൾ വിട്ടുവരുന്ന കുട്ടികൾ,ജോലികഴിഞ്ഞു മടങ്ങുന്നവർ, ഫുട്ബോളുമായി കളിസ്ഥലം തേടി പോകുന്ന ചെറുപ്പക്കാർ,നന്നേ പതുക്കെ, പ്രണയം പങ്കുവെച്ചു നടന്നുപോകുന്ന കോളേജ് വിദ്യാർഥികൾ ;അങ്ങനെ നാട്ടിൻ പുറത്തിന്റെ മാധുര്യം ആസ്വദിച്ച് കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞു പിരിയാൻ നേരം ഇരുട്ടായിത്തുടങ്ങും.

അങ്ങനെയിരിക്കുമ്പോൾ കുറച്ചകലെനിന്നും ഒരു പാട്ടുകേൾക്കാം.പേരറിയാത്ത രണ്ടു ചങ്ങാതിമാർ;എഴുപതിനോടടുത്തു പ്രായം കാണും.അൽപ്പം “അകത്താക്കി”യിട്ടാകും വരവ്.അവരങ്ങനെ പാട്ടൊക്കെ പാടി,പാട്ടെന്നു പറഞ്ഞാൽ പഴയ നാടക ഗാനങ്ങൾ,സിനിമാ പാട്ടുകൾ ഒക്കെയാണ്.അങ്ങനെ ..പാടിപ്പാടി,ആടി കുഴഞ്ഞ് കലുങ്കിനടുത്തെത്തും
.അവിടെ ഞങ്ങളൊക്കെ ഉണ്ടെങ്കിൽ കലുങ്കിനടുത്തു നിന്നും രണ്ടായി പിരിയുന്ന വഴികളിലൂടെ രണ്ടുദിക്കുകളിലേക്കു നടന്നു നീങ്ങും.വഴിയിൽ ആരുമില്ലെങ്കിൽ പിരിയുന്നതിനു മുൻപ് ഒരു പാട്ടുകൂടി ഒരുമിച്ചു പാടി നാളെ കാണാം എന്നുംപറഞ്ഞ് യാത്രയാകും.
പിന്നീടങ്ങോട്ട് ദൂരെനിന്നും ആ പാട്ടു കേട്ടു തുടങ്ങുമ്പോൾത്തന്നെ ഞങ്ങൾ പതിയെ വീടുകളിലേക്കു നടക്കും.ഉള്ളിലുള്ള കള്ളിനപ്പുറം സൗഹൃദത്തിന്റെ ലഹരിയിൽ മതിമറന്നു കടന്നു പോകുന്ന ആ കൂട്ടുകാർക്ക് കൊടുക്കുന്ന സ്വകാര്യതയേക്കാൾ മനോഹരമായിരുന്നില്ല ഞങ്ങളുടെ വെടിപറച്ചിൽ.
പിന്നീടൊരിക്കൽ ആ പാട്ടുകൾ കേൾക്കാതെയായി.തന്റെ സ്നേഹിതനെ പിരിഞ്ഞ് അതിലൊരാൾ യാത്രയായി

.പ്രിയസുഹൃത്തിനെ നഷ്ടപ്പെട്ട ആ വയോധികൻ വൈകുന്നേരങ്ങളിൽ ചിലപ്പോൾ കലുങ്കിനടുത്തു വന്നിരിക്കാറുണ്ടായിരുന്നു.നഷ്ടസൗഹൃദത്തിന്റെ ഓർമ്മകളിൽ കണ്ണീരണിഞ്ഞ് വിദൂരതയിലേക്കും നോക്കി നിന്ന് ഏകനായി വീട്ടിലേക്കു നടന്നു പോകും.
ആ നാട്ടു വഴിയുടെയും കലുങ്കിന്റെയും പിന്നെ ഞങ്ങളുടെയും നൊമ്പരമായി പിന്നീട് ആ മനുഷ്യനും മൺമറഞ്ഞു.
അവധിക്കു നാട്ടിൽ ചെന്നാൽ ഇന്നും അവിടെ പോയി ഇരിക്കാറുണ്ട്.സന്ധ്യകളിൽ ഇന്നും അവർ ദൂരെനിന്ന് ഉറക്കെ ചിരിച്ചും തമാശ പറഞ്ഞും നടന്നു വന്ന് ഒരു പാട്ടും പാടി,യാത്രയും പറഞ്ഞ് പോകുന്നുണ്ടാകാം.
ആരും കാണാതെ…… സെബി

313110 commentsLike

Share