
1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.
ഏ സി ഷൺമുഖദാസും ഞാനും
ഏ സി ഷൺമുഖദാസ് ദീർഘകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്നു.
അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി തന്നത് ഏറ്റവും പ്രിയങ്കരനായ ഉഴവൂർജി(ഉഴവൂർ വിജയൻ) ആണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഞാൻ നടത്തി വരുന്ന ദേശീയപതാക, ദേശീയഗാന ബോധവൽക്കരണ പരിപാടികൾക്കു പ്രചോദനമേകിയത് ഏ സി ഷൺമുഖദാസാണ്.
1996 കാലഘട്ടം. അന്ന് ഏ സി ഷൺമുഖദാസ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ഒരു ദിവസം ഉഴവൂർജിയോടൊപ്പം മന്ത്രിയുടെ കാറിൽ ഞാനും കാഞ്ഞിരപ്പള്ളിയിലെ ഒരു ചടങ്ങിനു ശേഷം പാലായ്ക്കു വരികയായിരുന്നു. യാത്രയ്ക്കിടെ വൈകുന്നേരം ആറു മണിയോടടുത്ത സമയത്ത് മന്ത്രിയുടെ വാഹനം യാതൊരു നിർദ്ദേശവുമില്ലാതെ പെട്ടെന്ന് റോഡ് സൈസിൽ ഒതുക്കിയ ശേഷം ഡ്രൈവർ കാറിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയപതാക അഴിച്ചെടുത്ത് ഡാഷ് ബോർഡിനുള്ളിൽ വച്ചശേഷം യാത്ര പുന:രാരംഭിച്ചു.
ഇത് ശ്രദ്ധിച്ച ഞാൻ മന്ത്രിയോട് എന്തിനാണിങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചു. സൂര്യാസ്തമയത്തിനു ശേഷം ദേശീയപതാക പാറിക്കില്ല എന്നും സൂര്യോദയത്തോടൊപ്പം വീണ്ടും പാറിക്കുമെന്നും മന്ത്രി വിശദീകരിച്ചു. എനിക്കത് പുതിയ അറിയായിരുന്നു.
ഇന്ത്യൻ ദേശീയപതാക ഉപയോഗിക്കുന്നതു സംബന്ധിച്ചു ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ എന്നൊരു നിയമം നിലവിൽ ഉണ്ടെന്നു മന്ത്രി പറഞ്ഞു. ഈ നിയമം പിന്നീട് 2002 ൽ പരിഷ്ക്കരിച്ചു.ഇന്നത്തെ പോലെ ഇൻ്റർനെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലമായതിനാൽ ഇതു സംബന്ധിച്ച കാര്യങ്ങൾ സംഘടിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുകയും സമയമെടുക്കുകയും ചെയ്തു.
നിയമം മനസിലാക്കിയപ്പോൾ ഒട്ടേറെ ദുരുപയോഗങ്ങൾ അറിഞ്ഞോ അറിയാതെയോ നടക്കുന്നതായി മനസിലാക്കാൻ സാധിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്. കാൽ നൂറ്റാണ്ടുകാലമായി അത് ഇപ്പോഴും തുടരുന്നു.
1999-ൽ ദുരുപയോഗത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിക്ക് കത്തയച്ചു. കത്ത് അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഏ ആർ ലക്ഷ്മണൻ റിട്ട് ഹർജിയായി പരിഗണിക്കുകയും ജസ്റ്റീസ് കെ എസ് രാധാകൃഷ്ണൻ്റെ ബഞ്ചിനു കൈമാറുകയും ചെയ്തു.
കേസ് പരിഗണിക്കുന്ന ദിവസം ഏതെന്ന് അയൽവാസിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.ജോർജുകുട്ടി തുരുത്തിക്കാട്ട് എന്നെ നേരത്തെ വിളിച്ചറിയിച്ചു. ഞാൻ അന്നേ ദിവസം എൻ്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. ബിനോയി കല്ലുംതലയ്ക്കലിൻ്റെ ജീപ്പിൽ അദ്ദേഹത്തോടൊപ്പം കേരളാ ഹൈക്കോടതിയിൽ എത്തി.
കേസിൻ്റെ നമ്പർ വിളിക്കുന്നത് കേട്ടപ്പോൾ ഹാളിൽ നിറഞ്ഞു നിന്നിരുന്ന അഭിഭാഷകർക്കിടയിലൂടെ കൈയ്യിൽ ഉണ്ടായിരുന്ന ഫയൽ ഉയർത്തിപ്പിടിച്ചു കൊണ്ട് ഞാൻ മുന്നോട്ട് പാഞ്ഞു. ചില അഭിഭാഷകർ എന്നെ നിരുൽസാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല.
മുന്നോട്ട് ചെന്നപ്പോൾ ചേംബറിൽ ഉണ്ടായിരുന്ന ജസ്റ്റീസ് കെ എസ് രാധാകൃഷ്ണൻ ആരാണ് എന്ന് ആരാഞ്ഞു. പരാതിക്കാരൻ ഞാനാണെന്നും ദേശീയപതാക ദുരുപയോഗപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങൾ ഉണ്ടെന്നും ഞാൻ ഫയൽ ഉയർത്തിക്കൊണ്ടു പറഞ്ഞു. ജസ്റ്റീസ് ബഞ്ച് ക്ലാർക്കിനോട് ഫയൽ വാങ്ങാൻ നിർദ്ദേശിച്ചു. ബെഞ്ച് ക്ലർക്ക് അതു വാങ്ങി മേശപ്പുറത്ത് വച്ചു. തുടർന്നു സർക്കാർ അഭിഭാഷകനായ അഡ്വ ഗോപാലകൃഷ്ണക്കുറുപ്പിനോട് ഇതേക്കുറിച്ചു ചോദിച്ചു. പരാതിക്കാരൻ പറഞ്ഞത് ശരിയാണെന്നും ഫ്ലാഗ് കോഡ് സംബന്ധിച്ച വിവരങ്ങൾ ഡൽഹിയിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തുടർന്ന് കൂടുതൽ എന്തെങ്കിലും പറയാനുണ്ടോയെന്ന് ജസ്റ്റീസ് ചോദിച്ചു. അപ്പോൾ തൊട്ടടുത്തു വരുന്ന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിധി വന്നാൽ പ്രയോജനം ചെയ്യുമെന്ന് കോടതിയിൽ ഞാൻ അഭിപ്രായപ്പെട്ടു. ഞാൻ ഇനിയും വരണമോയെന്നു ജസ്റ്റീസിനോട് ചോദിച്ചപ്പോൾ വേണ്ട എന്ന് അദ്ദേഹം മറുപടി നൽകി.എതാനും ദിവസങ്ങൾ കഴിഞ്ഞ്, 1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ അഭിനന്ദിക്കുകയും ചെയ്തു. കൊട്ടാരക്കര സ്വദേശിയായ ഒരു രാജേഷും ദേശീയപതാക ദുരുപയോഗത്തിനെതിരെ പരാതി അയച്ചിരുന്നു. രണ്ടു പരാതികളും ഒന്നിച്ചായിരുന്നു പരിഗണിച്ചത്. ഒപ്പം കോടതിയിൽ നേരിട്ടു ഹാജരായ വിവരം പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. (ഞാനാണ് നേരിട്ടു ഹാജരായതെങ്കിലും രാജേഷ് എന്നയാൾ ഹാജരായി എന്നാണ് വിധിയിൽ ചേർത്തിട്ടുള്ളത്.)
1999 ആഗസ്റ്റിലെ ലോടൈംസ് ഇക്കാര്യം ഉൾപ്പെടെ റിപ്പോർട്ടു ചെയ്തിരുന്നു. അന്നത്തെ കോടതി വിധി സംബന്ധിച്ചു വിവിധ നിയമകാര്യ വെബ്സൈറ്റുകളിൽ Eby J Jose Vs Govt. of India എന്ന പേരിൽ ചേർത്തിട്ടുണ്ട്. ( https://www.lawyerservices.in/Eby-J-Jose-Versus-Union-of-India-and-Others-1999-08-11)
ഇതിനു ശേഷം ഇപ്പോഴും ഒട്ടേറെ ദേശീയപതാക ബോധവൽക്കരണത്തിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.ഏ സി ഷൺമുഖദാസിനൊപ്പം അന്ന് സഞ്ചരിക്കാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, ഈ വിഷയം കൈകാര്യം ചെയ്യാനേ ഇടയാകുമായിരുന്നില്ല.
പിന്നീട് പലപ്പോഴും നേരിൽ കാണുമ്പോൾ ഇക്കാര്യത്തെക്കുറിച്ചു അദ്ദേഹം ചോദിക്കുമായിരുന്നു.ഏ സി ഷൺമുഖദാസിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

ചെയർമാൻ നാഷണൽ ഫൗണ്ടേഷൻ
പാലാ – 686575
ഫോൺ: 9447702117