
‘മോന്റെ ഇഷ്ടം അതായിരുന്നു അമ്മയുടെ ഇഷ്ടം’
ജോർജ് എഫ് സേവ്യേർ വലിയവീട്ടിൽ
കൊല്ലം: ചെല്ലമ്മ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ബിബിയാന സേവ്യർ.മൂന്നാറിലെ ആശാന്റേയും ആശാട്ടിയുടെയും മൂത്തമകൾ. വിവാഹം നടക്കുമ്പോൾ അപ്പച്ചൻ മജിസ്‌ട്രേറ്റ് കോർട്ടിൽ ബെഞ്ച് ക്ലർക്ക്. വിധിവൈപരീത്യം കൊണ്ട് സങ്കടങ്ങളുടെ പെരുമഴക്കടൽ താണ്ടേണ്ടി വന്നവൾ.യാത്രകളുടെ ഒടുക്കം നഷ്ടമായ ഒരു മകൻ ഒഴിച്ച് ആറുമാസം പ്രായമായ ഇളയമകനെയും മറ്റു രണ്ടു മക്കളെയുംപേറി ബോംബെയിൽനിന്ന് മൂന്നാറിലേക്ക് തിരിച്ചു വരേണ്ടി വന്നവൾ.
കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി കുട്ടികൾക്ക് അക്ഷരം ചൊല്ലിക്കൊടുത്തു മക്കൾക്ക് അന്നം നല്കിയവൾ. മദ്യത്തിന്റെ തിക്തഫലങ്ങൾ അറിഞ്ഞും അനുഭവിച്ചും മുറിവേറ്റൊരു ബാല്യം എനിക്കുണ്ടായിരുന്നു. മോന് നല്ല ആഹാരം കിട്ടട്ടെയെന്നു കരുതിയും അമ്മക്ക് ഒരു കൂട്ടാകട്ടെയെന്നു കരുതിയും നാല് വയസുകാരനെ കയ്യിൽ തൂക്കി മൂന്നാറിലെ മരം കോച്ചുന്ന മഞ്ഞത്ത് രാവിലെ ഏഴുമണിക്ക് മുൻപ് വീടുകളിൽ ചെന്ന് ട്യൂഷൻ പഠിപ്പിച്ചവൾ. നല്ലൊരു സാരിയുടുത്തൊ സ്വർണാഭരണമാണിഞ്ഞോ അമ്മയെ ഞാൻ കണ്ടിട്ടില്ല. പതിനൊന്നാം ക്‌ളാസ് വരെ ഇളയമകനെ കൂടെക്കിടത്തിയുറക്കിയ ‘അമ്മ.മകനായിരുന്നു അമ്മയുടെ ലോകം. കടന്നുപോയ കാലങ്ങളുടെ കണക്കുപുസ്തകത്തിൽ ഭർത്താവിന്റെയും മൂത്തമകന്റെയും കൂടി ശരീരം മണ്ണിലടക്കപ്പെട്ടതു ഹൃദയത്തിൽപ്പേറി മോനെന്ന എന്നെ പൊതിഞ്ഞു വളർത്തിയവൾ. ഇളയവനോടാണ് അമ്മക്കെന്നും മമതയെന്ന പരാതി എന്നും ചേച്ചിക്കുണ്ടായിരുന്നു. എവിടെപ്പോയാലും അമ്മയുടെ കൂടെ ഇളയവൻ, എന്ത് വാങ്ങിയാലും ഇളയവന്, നുള്ളും പിച്ചുമൊക്കെ മൂത്തവൾക്കും… പരാതിയുടെ ലോകമായിരുന്നത്. അതുകൊണ്ടു തന്നെയാവാം ഭർത്താവ് വിദേശത്തായിരുന്ന മകളുടെയൊപ്പം താമസമാക്കി അമ്മ. മരുമകൻ തിരിച്ചു വന്നിട്ടും അവിടെത്തന്നെ നിൽക്കുവാൻ നിർബന്ധം പിടിച്ചു. അവിടുത്തെ ദുഖത്തിലും ദുരിതത്തിലുമെല്ലാം അവരോടൊപ്പം, അവധി ദിവസങ്ങളിൽ മോനോടൊപ്പവും. കുഞ്ഞുനാളിൽ മകൾ പറഞ്ഞ പരാതികൾ അമ്മയുടെ ഉള്ളിനെ അതിന് പ്രേരിപ്പിച്ചതാകാം. 81 വയസു കഴിഞ്ഞു അമ്മക്ക്. ഇപ്പോഴും കണ്ണാടിയില്ലാതെ പത്രം വായിക്കും. അടുക്കളപ്പണിയിൽ സഹായിക്കും. പണ്ട് പഠിപ്പിച്ച കുഞ്ഞുങ്ങൾ കൊടുക്കുന്ന പണം കൂട്ടി വെച്ച് മോനും മോൾക്കും കൊച്ചുമക്കൾക്കും പങ്കു വെക്കും. എല്ലാമുണ്ടായ കുടുംബത്തിൽനിന്ന് എല്ലാമുണ്ടായിരുന്ന കുടുംബത്തിലേക്ക് പറിച്ചു നടപ്പെട്ടിട്ടും കഷ്ടപ്പാടുകളുടെയും കണ്ണീരിന്റെയും മധ്യേ ജീവിതം കൊണ്ട് പോകേണ്ടി വന്ന അമ്മക്ക് ഇന്നും യാതൊരു പരാതിയുമില്ല. മോനും മോളും കൊച്ചുമക്കളും സന്തോഷമായിരുന്നാൽ അമ്മയ്ക്കും സന്തോഷം, അത് മതിയെന്റെ അമ്മക്ക്.
ഞാൻ അമ്മയെ കണ്ടിട്ട് രണ്ടുമാസമാകാൻ പോകുന്നു. കോവിഡ് 19 നെതിരെ പോരടിക്കുന്ന മകന് അമ്മയെക്കാണാൻ അനുവാദമില്ലല്ലോ.അമ്മയെക്കാണാൻ മകൻ പോകാത്തതും സ്നേഹംമൂലമാണെന്നുള്ള പുതിയ പാഠം കോവിഡ് നമ്മളെ പഠിപ്പിക്കുന്നു.
പഠിക്കുന്ന കാലം മുഴുവൻ സ്കൂളിലും കോളേജിലും ഓടിയെത്തി, മോനെന്ന ലോകത്തെ വലം വെച്ച്, അവന്റെ വിജയങ്ങളിൽ മതി മറന്ന്, ചെല്ലുന്നിടത്തെല്ലാം മോന്റെ കഥകൾ അഭിമാനത്തോടെ പറഞ്ഞു എന്റെ ‘അമ്മ സന്തോഷിക്കുന്നുണ്ട്.
പണ്ടൊക്കെ കഴിക്കുവാനുള്ളവ തയ്യാറാക്കി വെച്ച് പഠിപ്പിക്കാൻ പോയി തിരിച്ചുവരുമ്പോൾ ഉണ്ടാക്കി വെച്ചവ മൊത്തവും തിന്നു തീർത്തു മോനും കൂട്ടുകാരും പോയിട്ടുണ്ടാവും. ഒരു പരാതിയും പറഞ്ഞിട്ടില്ല ‘അമ്മ, കഷ്ടപ്പെട്ട് വളർത്തിയതിന്റെ കണക്കും പറഞ്ഞിട്ടില്ല.ഉള്ളതെല്ലാം കൊടുത്തും പങ്കുവെച്ചും മോന് മാർഗദർശിയായ അമ്മയെക്കുറിച്ചു റെയിൽവേ സ്റ്റേഷനിലെ ആന്റി കൊറോണ ഹെല്പ് ഡെസ്‌കിലിരുന്നു ടൈപ് ചെയ്യുമ്പോൾ മനസ് ഒത്തിരി ഓർമിപ്പിക്കുന്നു.
എല്ലാം എഴുതുന്നില്ലെങ്കിലും ഒന്ന് മാത്രം എഴുതാതിരിക്കാൻ കഴിയില്ല. മോന്റെ ഇഷ്ടം അതായിരുന്നു അമ്മയുടെ ഇഷ്ടം.
മാതൃ ദിനത്തിന്റെ ഈ വൈകിയ സമയത്തെങ്കിലും അങ്ങനെയുള്ള അമ്മയെക്കുറിച്ചു രണ്ടു വരിയെങ്കിലും ഞാൻ കുറിക്കണ്ടേ…
ഇന്ന് ഞാൻ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അതിന്റെ നങ്കൂരം അപ്പനും അമ്മയും തന്നെ….
