
കുട്ടികളെ ഏറ്റവും അടുത്തുള്ള പൊതു വിദ്യാലയത്തിൽ ചേർക്കുക
ഡോ. വിനോദ് പി പി., കോഴിക്കോട്
ഈ അക്കാദമിക്ക് വർഷം നിങ്ങൾ ആദ്യം എടുക്കേണ്ട തീരുമാനം നമ്മുടെ മക്കളെ ഏറ്റവും അടുത്തുള്ള നടന്ന് പോവാൻ പറ്റുന്ന പൊതു വിദ്യാലയത്തിൽ ചേർക്കുക. രണ്ട് മൂന്ന് മാസം തൊഴിൽ നഷ്ടപ്പെട്ടതിന് ശേഷമാണ് ഇനി നമ്മൾ കുട്ടികളെ സ്ക്കൂളിൽ ചേർക്കാൻ പോവുന്നത് – അല്ലെങ്കിൽ സ്ക്കൂളിലേക്ക് പോവുന്നത്. നാട്ടിൻപുറത്തെ മികച്ച വിദ്യാലയങ്ങൾ വെച്ച് നമ്മൾ പൊങ്ങച്ചത്തിന്റെയും സാങ്കൽപ്പികമായ ഒരു സാമൂഹ്യ അന്തസിന്റെയും പേരിൽ വിദൂരങ്ങളിലുള്ള സ്ക്കൂളിൽ കൂലി തൊഴിലാളിയുടേയും കർഷക തൊഴിലാളിയുടേയും മക്കളെ സ്ക്കൂൾ ഫീസും വണ്ടി ചാർജും കൊടുത്ത് പറഞ്ഞ യക്കേണ്ടതുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം.
ഇനി മുതൽ ഒരു പാട് യാത്രാ നിയന്ത്രണങ്ങളും വരികയാണ് ഈ നിയന്ത്രണം ആറുമാസമെങ്കിലും നാം പാലിക്കണം. നമ്മുടെ ജീവന്റെ സുരക്ഷിതത്വത്തിന് വേണ്ടി – ഒരു ഓട്ടോ റിക്ഷയിൽ പതിനഞ്ച് കുട്ടികളെ വരെ അറവു മാടുകളെ പോലെ കൊണ്ടുപോവുന്നത് കൊണ്ടാണ് ഇന്ന് പലർക്കും 400 രൂപ ക്കൊക്കെ പ്രതിമാസ സ്ക്കൂൾ വാഹനഫീസ് തികയുന്നത് – ഇനി ഇത്തരം യാത്രകൾക്ക് നമ്മൾ ഇനിയും അനുമതി കൊടുക്കുകയാണ് എങ്കിൽ മക്കളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.
ഇനി നിശ്ചിത അകലവും സുരക്ഷിതത്വവും പാലിച്ച് യാത്ര ഒരുക്കുകയും സ്ക്കൂൾ ഫീസും കൂടി 1500 രൂപ മാസം ഒരു സാധാരണക്കാരന് ചെലവാവും – ഇത് അത്യാവശ്യമാണോ എന്ന് നാം ചിന്തിക്കണം. നമ്മുടെ കുട്ടി കളുടെ മുഴുവൻ പഠന ചെലവും സർക്കാർ വഹിക്കാൻ തയ്യാറായിട്ട് ഒരു സ്ക്കൂൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഒരു കിലോമീറററിനുള്ളിൽ പത്ത് മിനിട്ട് നടന്നാൽ എത്തുന്ന വിധം സർക്കാർ തുറന്ന് വെച്ചിട്ടുണ്ട്. കേരളീയന് മാത്രം ലോകത്ത് കിട്ടുന്ന ഒരു സൗഭാഗ്യമാണിത്. ഈ സൗഭാഗ്യം വേണ്ടാ വെച്ച് ഒരു സങ്കൽപ്പ ലോകത്തിൽ നമ്മുടെ മക്കൾ ഡോക്റററും – എഞ്ചിനീയറും ആവണമെങ്കിൽ അൺ എയിഡഡ് സ്ക്കൂളിൽ തന്നെ പഠിക്കണം എന്ന മണ്ടൻ ചിന്തയാണ് നിങ്ങൾ വെച്ച് പുലർത്തുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല നാം കെട്ടിപ്പടുത്ത ഒരു മണ്ടൻ സ്വപ്ന ലോകം ലോകം മുഴുവൻ ചില്ലു മാളിക പോലെ തകർന്നു വീഴുന്നത് നാം കണ്ണ് തുറന്ന് കാണണം.
ഈ വർഷം നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം ഒരു വിളിപ്പാടകലെ ഉള്ള പൊതു വിദ്യാലയത്തിലാവട്ടെ. സ്ക്കൂൾ ഫീസും. വേണ്ട അമിതമായ വണ്ടി ചാർജും വേണ്ട – പുസ്തകവും ഭക്ഷണവും. യൂനിഫോമും എല്ലാം സൗജന്യം എല്ലാവരും സുരക്ഷിതം.
നിലവിൽ സ്വകാര്യ സ്ക്കൂളിൽ ദൂരസ്ഥലത്തുള്ള കുട്ടികളെ മാറ്റി ചേർക്കേണ്ട തീരുമാനം ഒരു ദിവസം പോലും വൈകരുത്.