കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെസിബിസി
കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധനവു കണക്കിലെടുത്തു കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് സംലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്നും കെസിബിസി പ്രസിഡണ്ട് പറഞ്ഞു.
കത്തോലിക്കാ ദൈവാലയങ്ങളില്‍ ആരാധനകര്‍മ്മങ്ങള്‍ നടത്തേണ്ടതും ദൈവാലയകര്‍മ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരും ജില്ലാ’ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. കുമ്പസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ കോവിഡ് ബാധിതര്‍ക്കായി വൈദികര്‍ പരികര്‍മം ചെയ്യുമ്പോള്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന കാര്യവും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഈ മഹാവിപത്തിനെ നേരിടുന്നതിനായി എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും ചെയ്തുവരുന്ന പരിശ്രമങ്ങള്‍ വിജയിക്കുന്നതിനും ഈ മഹാമാരിയെ അതിജീവിക്കുന്നതിനും പ്രാര്‍ത്ഥന ആവശ്യമാണ്. കത്തോലിക്കാസഭയും മറ്റു സഭകളും ഒന്നുചേര്‍ന്ന് 2021 മെയ് 7-ാം തീയതി ഒരു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ‘ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.