
കണ്ണുനീർ വരുന്നത് ഹൃദയത്തിൽ നിന്നാണ്, തലച്ചോറിൽ നിന്നല്ല.
ഒരിക്കൽ നമ്മൾ,
മണ്ണിൽ നടന്നു മരങ്ങളെ
തൊട്ടു.. പുലരിക്കാഴ്ചകൾ
കണ്ടു പുതുമഞ്ഞുതുള്ളികളോട്
കിന്നാരം പറഞ്ഞു…
പിന്നൊരിക്കൽ ,………………….
കാടുകൾ വെട്ടി, കുന്നുകൾക്ക്
ബലിയിട്ടു. മരിച്ചവയലുകൾക്കു
മീതേ ഫ്ലാറ്റുകളുടെ മരവിച്ച
ചുവരുകൾക്കിടയിൽ ,.. മണ്ണിനെ
തൊടാതെ.. മരങ്ങളെ തഴുകാതെ..
കിളിപ്പാട്ട് കേൾക്കാതെ….
ആഢംബരങ്ങൾ പുതച്ച് കിടന്നു……
ഇന്ന്…. കാണാനാവാത്ത ഒരു
കുഞ്ഞുവൈറസിനെ പേടിച്ച്
മരണമുഖത്ത് ഒളിച്ചിരിക്കുന്നു…
കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ?
മരണത്തിലേക്കോ?
തിരുവനന്തപുരം ജില്ലയിലെ ചൊവ്വള്ളൂർ
എൻ.എസ്സ്.എസ്സ്.ഹൈസ്കൂളിലെ എട്ടാം ക്‌ളാസ്സു വിദ്യാർഥി അഞ്ജനയുടെ “കാലം എങ്ങോട്ട്? “ എന്ന കവിത സമകാലിക ജീവിതത്തിന്റെ നേർകാഴചകളിലേക്ക് വിരൽ ചൂണ്ടുന്നു. കൊറോണയുടെ ഭീതി വിതക്കും കാഴ്ച്ചകളാണ് നമുക്ക് ചുറ്റിലും. മരണത്തിന്റെ കറുത്ത കൈകൾ നമ്മുടെ പരിചിത വലയങ്ങളിലേക്കു നീളുമ്പോൾ, പ്രാണ വായുവിന് വേണ്ടി അനേകർ വരിനിൽക്കുന്ന കാഴ്ചകൾ കാണുമ്പോൾ സ്വാഭാവികമായും മനുഷ്യനിൽ മരണഭയം ഉടലെടുക്കുന്നു.
‘കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍”
കണ്ണീരും ഉപ്പും കലര്‍ന്ന ജീവിതത്തിന്റെ സൗന്ദര്യം പേറുന്ന കവിതകൾ മലയാളിക്ക് സമ്മാനിച്ച ഇടശ്ശേരി ഗോവിന്ദൻനായരുടെ വരികളാണിത്. മറ്റൊരിടത്തു “ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം.” എന് പാടുന്ന കവി കണ്ണീരാകുന്ന ഉപ്പുരസത്തിന്റെ ജലരാശി പൊടിയുന്നത് സങ്കടങ്ങളുടെ ഉറവയിൽനിന്നു മാത്രമല്ല, അപരനോടുള്ള കരുണയിൽ നിന്ന് കൂടിയനാണെന്നു നമ്മെ ഓർമ്മപ്പെടുത്തുന്നു.
“കണ്ണുനീർ വരുന്നത് ഹൃദയത്തിൽ നിന്നാണ്, തലച്ചോറിൽ നിന്നല്ല.” എന്ന ലിയോനാർഡോ ഡാവിഞ്ചി യുടെ വാക്കുകൾ കൂടി ചേർത്ത് വെക്കാം. ഹൃദയ മുള്ളവൻറെ ആത്‌മാവിഷ്കാരമായ കണ്ണുനീരിനെ ആ അർത്ഥത്തിൽ നമുക്ക് ഉൾകൊള്ളാൻ കഴിയട്ടെ.
അസ്വസ്ഥ ചിന്തകളിൽ നിന്നും പുറത്തു കടന്നാൽ മാത്രമേ വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമുക്ക് മുന്നോട്ടു പോകാൻ കഴിയൂ.
ജീവിതത്തിലെ സങ്കട കാഴ്ചകൾ നൈമിഷികമാണെന്ന തിരിച്ചറിവ് കൂടുതൽ യാഥാർഥ്യ ബോധത്തോടെ ജീവിതത്തെ നോക്കി കാണാൻ നമ്മെ സഹായിക്കും .
കാലം എങ്ങോട്ടു എന്ന ആശങ്ക നിറഞ്ഞ ചോദ്യത്തിന്ന് ഉത്തരം ഒന്നേയുള്ളു അത് “കാലം മുന്നോട്ടു “ എന്നു തന്നെയാണ്.

സെമിച്ചൻ ജോസഫ്