വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്.| ഡോ ജോർജ് തയ്യിൽ

Share News

വീർപ്പടക്കിമാത്രം വായിച്ചുതീർക്കാവുന്ന ഒരപൂർവ സാഹിത്യശില്പമാണ് റോബർട്ട് ബർട്ടന്റെ (1577 – 1640 ) മാസ്റ്റർപീസ് രചനയായ ‘ദി അനാട്ടമി ഓഫ് മെലൺകോളി’ (‘വിഷാദത്തിന്റെ ശരീരശാസ്ത്രം’). 1961 ഇൽ പ്രകാശിതമായ ആ പ്രഖ്യാതകൃതിയിൽ റോബർട്ട് ബർട്ടൻ തന്റെ ഖിന്നവും വിഷണ്ണവുമായ ശോകപ്രവണതകളെ മരണം അടർത്തിമാറ്റും മുൻപ് ആയുസ്സിന്റെ പ്രചോദനസ്രോതസ്സായി മാറ്റിയെടുക്കാൻ ഉദ്യമിച്ചു. അതിലദ്ദേഹം വിജയിച്ചു. ദുരിതപൂർണ്ണവും നികൃഷ്ടവുമായ മനോവ്യഥകളെ കരുത്തുപകരുന്ന ജീവിതത്തിന്റെ നട്ടെല്ലായി അദ്ദേഹം രൂപപരിവർത്തനം ചെയ്തു.

സ്വർണം അഗ്നിയിലെന്നപോലെ വിഷാദാവസ്ഥയിലാണ്ട തന്റെ ഉന്മേഷരഹിത്യത്തെ ശുദ്ധീകരിച്ചു അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു. മാറോട് ചേർത്തുപിടിക്കുമ്പോൾ ആ ഗ്രന്ഥത്തിലെ ഈറനണിഞ്ഞ വാക്കുകളുടെ തീഷ്ണമായ ശ്വാസോഛ്വാസം ജീവന്റെ അമൃതായി നമ്മുടെ കോശഭിത്തികളിൽ തുളഞ്ഞുകയറും. രോഗത്തെ ശമിപ്പിക്കുകയും ചികിൽസിക്കുകയും ചെയ്യുന്ന ഔഷധലേപനമായി രചന പലപ്പോഴും മാറുന്നതായി നാം അനുഭവിച്ചറിയാറുണ്ട്. വിധിയുടെ ഒടുങ്ങാത്ത പ്രഹരങ്ങളെ തോൽപ്പിക്കുന്ന എഴുത്തുകാർ രോഗപീഡകളെ സർഗാത്മകമായ വെളിപാടുകളാക്കിത്തീർക്കും. യഥാർത്ഥ ജ്ഞാനം വേദനയിൽനിന്നോ വ്യഥകളിൽനിന്നോ മാത്രം ലഭിക്കുന്ന ഒന്നാണെന്ന് ജീവിതം നമ്മെ പലപ്പോഴും പഠിപ്പിക്കാറുണ്ട്.

വാസ്തവത്തിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന എനിക്കും അതൊക്കെത്തന്നെയാണ് പറയാനുള്ളത്. രാവിലെ ആറുമണിക്ക് എഴുനേറ്റു പ്രഭാതപ്രാർഥനയും ട്രെഡ്മിൽ വ്യായാമവും പ്രാതലും കഴിഞ്ഞു ആശുപത്രിയിലേക്കുള്ള യാത്രയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാല്പതുവര്ഷത്തിലേറെ, വിദേശത്തും പിന്നെ ഇവിടെ എറണാകുളത്തും. ജീവിതം അങ്ങനെയാണ്, കാലം വരക്കുന്ന വരകളിലൂടെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നടന്നുപോകുന്നു. ആശുപത്രിയിലെത്തിയാൽ പിന്നെ വേറൊരു ലോകമാണ്. വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്. പിടിച്ചുനിലക്കാൻ ഏറെ മനോബലം വേണം. പുസ്തകജ്ഞാനം മാത്രം പോരാ, അനുഭവജ്ഞാനവും ഒത്തിരിവേണം.

ആശുപത്രിയിലെത്തിയിയശേഷം ജോലിതുടങ്ങുംമുന്പ് റസിഡന്റ് ഡോക്ടര്മാരോടും നഴ്സുമ്മാരോടും ഒപ്പം എന്റെ ക്യാബിനിൽ സ്ഥിരമായി ചെയ്യുന്ന ഒന്നുണ്ട്, പ്രാർഥന, സങ്കീർത്തനം 91 ഉം മാതാവിനോടുള്ള ജപവും – ഇതാണ് ഞങ്ങളുടെ ആ ദിവസത്തെ ശക്തി. പിന്നെ കോവിഡ് ബാധിതരെയും ഹൃദ്രോഗികളെയും പരിചരിക്കാനുള്ള ഓട്ടമാണ്. സങ്കടങ്ങൾ നിറഞ്ഞ കോവിഡ് വാർഡിലൂടെ ഉള്ള റൗണ്ട്സു ഏറെ പ്രയാസമേറിയതുതന്നെ. ഭയവും പരിഭ്രാന്തിയും നിരാശയും മാത്രം നിഴലിക്കുന്ന അവരുടെ നോട്ടങ്ങൾ എന്റെ മനസ്സിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറുവുകളുണക്കാൻ ഞാനേറെ പണിപ്പെടും. ബന്ധുക്കളെ ഇനി കാണാൻ പറ്റുമോ? ഇനി പുറലോകം കാണാൻ പറ്റുമോ? എല്ലാം നഷ്ടപ്പെടുമോ? ഞാൻ മരിക്കുമോ ഡോക്ടറെ? ഈ ചോദ്യങ്ങൾക്കുമുന്പിൽ തലകുനിച്ചുനിൽക്കുവാൻ മാത്രമേ പലപ്പോഴും സാധിച്ചിട്ടുള്ളൂ. എന്നാലും സർവശക്തിയും സംഭരിച്ചു അവരെ പറ്റുംവിധം സ്വാന്തനപ്പെടുത്തും, അവരുടെ കരങ്ങൾ ഗ്രഹിച്ചു അവർക്കായി ഉറക്കെ പ്രാർഥിക്കും. ദൈവം നൽകാത്ത ഒരു ശക്തിയും വെളിപാടും ഞങ്ങളുടെ കൈകളിലില്ല എന്ന് തോന്നിയിട്ടുള്ള നാളുകളാണ് ഈ കോവിഡ് ചികിത്സാക്കാലം. അതെ, ഈ വൈറസ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചു. നഷ്ടങ്ങളുടെ ബാക്കിപത്രം വായിച്ചുതീരുംമുന്പ് ചെയ്തുകൂട്ടിയ അപരാധങ്ങളെയും ആക്രാന്തങ്ങളെയും ഓർത്തു ധര്മസങ്കടത്തിലാകാൻ മാത്രമേ ഓരോരുത്തർക്കും കഴിയൂ. അതെ, കാലം വരച്ച വരകൾ തെറ്റി നടന്നതിന്റെ അനന്തരഫലം, അനുഭവിച്ചേ പറ്റൂ ! എന്നാൽ ഇനിയും തിരുത്തലിനു ഏറെ സമയമുണ്ടെന്നു തിരിച്ചറിയുകയും കാലത്തിനും വിധിക്കും പ്രകൃതിക്കും അനുയോജ്യമായി നടന്നുനീങ്ങുകയും വേണം, ഇത് കാലത്തിന്റെ അനിവാര്യതയാണ്, അനുസരിച്ചേ പറ്റൂ.

ഉടഞ്ഞുതകരുന്ന ജീവിതത്തിന്റെ അവശിഷ്ടങ്ങൾ ആർദ്രമായ ഓർമ്മപ്പാടുകളിലൂടെ കണ്ണീരിൽമുക്കി എഴുതപ്പെടുന്ന ഒരു പുസ്തകം പോലെ ഈ കോവിഡ് കാലം നമ്മുക്കുമുന്പിൽ തുറന്നുമലർന്നു കിടക്കുന്നു. ശ്മശാനങ്ങളിൽ എരിഞ്ഞുതീർന്ന കോവിഡ് രോഗികളുടെ ഗന്ധം പരന്ന വീഥികളിലൂടെ നാം ഏകനായി നടന്നുനീങ്ങുന്നു, മിണ്ടുവാനും പറയുവാനും അടുത്താരുമില്ല എന്ന തോന്നൽ!

വൈകുന്നേരം അഞ്ചുമണിയായി, ആശുപത്രിയിലെ എന്റെ ഇന്നത്തെ രോഗീശുശ്രൂഷ ഏതാണ്ട് പര്യവസാനിക്കുന്നു, ഇനി ഉറക്കം കെടുത്താൻ വാർഡുകളിൽനിന്നു രാത്രിയിൽ വരുന്ന ടെലെഫോൺകോളുകൾ മാത്രം. വീട്ടിലേക്കു പോകാനൊരുമ്പെടുമ്പോൾ പെട്ടന്നാണ് കാണുന്നത്, ഉച്ചക്കുകഴിക്കാൻ ശുഭ തന്നുവിട്ട സാൻഡ്‌വിച്ച് അതേപടിയിരിക്കുന്നു, കഴിക്കാൻ തിരക്കിനിടക്ക് മറന്നുപോയി.

നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ

Share News