കാലവർഷക്കെടുതിമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ അടിയന്തര നടപടികളുണ്ടാകണം|സീറോ മലബാർ സഭ അൽമായ ഫോറം
കൊച്ചി .കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് കേരള സർക്കാരിന്റെ സംവിധാനങ്ങളും സഹായവും അടിയന്തരമായി ലഭ്യമാക്കണം.കാലവർഷക്കെടുതിയിൽ ഭീഷണി നേരിടുന്നവർക്ക് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണം.പലരും ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്ത വിധം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര മേഖലയിൽ പലസ്ഥലത്തും കാറ്റും ഇടി മിന്നലും വരുത്തിയ നാശ നഷ്ടങ്ങളേറെയാണ്. തീരദേശത്ത് കടലാക്രമണം മൂലം ഭവന രഹിതരായവരുടെ എണ്ണം അനവധിയാണ്.
മിന്നൽ ചുഴലിക്കാറ്റിലും കടൽ ക്ഷോഭത്തിലും മറ്റുമായി കേരളത്തിലെ മലയോര മേഖലയിലും തീരദേശ മേഖലയിലും ജനങ്ങൾ അതീവ പ്രയാസത്തിലാണെന്നും,കേരള ഭരണകൂടം ഇവരുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും അഭ്യർത്ഥിക്കുന്നു.സാമൂഹ്യ സംഘടനകളും,ക്രൈസ്തവ സഭകളുടെ സന്നദ്ധ സംഘടനകളും ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ദുരിത ബാധിതർക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ സഹായങ്ങൾ അടിയന്തരമായി നൽകാനുള്ള സംവിധാനം ഉറപ്പാക്കാൻ സത്വര നടപടികൾ ഉണ്ടാകണം.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ നിരവധി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജീവഹാനി ഉണ്ടായിട്ടുള്ളതു കൂടാതെ, നിരവധിപേരുടെ വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.വീടുകളില്‍ വെള്ളം കയറിയതുമൂലം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു. ഇവര്‍ക്കെല്ലാം സഹായം എത്തിക്കാന്‍ സർക്കാരും സന്നദ്ധപ്രവർത്തകരും ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി,
അൽമായ ഫോറം സെക്രട്ടറി,സീറോ മലബാർ സഭ