കാലാവർഷം ശക്തം: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, എംജി സർവകലാശാല പരീക്ഷകൾ മാറ്റി

Share News

കൊച്ചി; സംസ്ഥാനത്ത് കാലവർഷം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് അവധി പ്രഖ്യാപിച്ചത്.

പൊന്നാനിയിൽ അവധി

കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

അവധി ഇല്ല

ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

പരീക്ഷകൾ മാറ്റി

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Share News