
ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ രാത്രി ഏറെ വൈകി പെരുമ്പാവൂരിൽ വന്ന് ഇറങ്ങാറുണ്ടായിരുന്ന ഒരു മുൻമുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിന്…
കുറ്റി അറ്റ് പോകാത്ത ഓർമ്മകൾ…
കേരളത്തിലെ നിരവധി ആളുകൾ പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യം പറയാം….
തിരുവനന്തപുരത്തു നിന്നും വരുന്ന KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ രാത്രി ഏറെ വൈകി പെരുമ്പാവൂരിൽ വന്ന് ഇറങ്ങാറുണ്ടായിരുന്ന ഒരു മുൻമുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിന്…
പെരുമ്പാവൂർ പുല്ലുവഴി കാപ്പിളി വീടിന്റെ തെക്കേ പറമ്പിൽ എരിഞ്ഞടങ്ങിയ, അഴിമതിക്കറ പുരളാത്ത പി.കെ.വി അഥവാ PK വാസുദേവൻ നായർ എന്ന തനികമ്മ്യൂണിസ്റ്റ്…
പെരുമ്പാവൂർ സ്റ്റാൻഡിൽ ആ നേരം പാതിമയക്കത്തിലും ബാക്കിപാതി ക്ഷീണത്തിലും തളർന്നിരിക്കുന്ന ദീർഘദൂരയാത്രക്കാരും കച്ചോടക്കാരും, അവരുടെ മുന്നിൽ മുനിഞ്ഞുകത്തുന്ന വെളിച്ചത്തിൽ പോലും സഖാവിനെ തിരിച്ചറിഞ്ഞ്, അവരുടെ കഷ്ടപ്പാടും ക്ഷീണവും മറന്ന്, മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിട്ട് എഴുന്നേറ്റ് നിൽക്കും, ബഹുമാനപുരസ്സരം..!
സഖാവ് PKV നേരേ സ്റ്റാൻഡിലെ കാൻറ്റീനിലേയ്ക് പോകും, ഇലയിൽ വിളമ്പിയ തണുത്ത ചോറും ചൂടാക്കിയ സാമ്പാറും കഴിച്ച് വിശപ്പടക്കാൻ…
അഴിമതിക്കറ പുരളാത്ത, ലളിതനെങ്കിലും പൂർണ്ണ അഭിമാനിയായ ആ കമ്മ്യൂണിസ്റ്റ് മുഖ്യനൊപ്പം സ്വദേശീയനായ മാർക്സിസ്റ്റ് സൈദ്ധാന്തിക ആചാര്യൻ PG എന്ന പി. ഗോവിന്ദപിള്ളയും ഉണ്ടാകും മിക്കപ്പോഴും കൂടെ….
രണ്ടുപേരും സംശുദ്ധ സഖാക്കൾ, അക്ഷരം തെല്ലും തെറ്റാതെ ‘സഖാവ്’ എന്ന പേരിന് നേരവകാശികൾ..!പാർട്ടിരാഷ്ട്രീയത്തിന് അപ്പുറത്തേക്ക്, സ്വന്തം സംശുദ്ധജീവിത പ്രഭാവം സമൂഹത്തിന് സംഭാവന നൽകിയ മാതൃകാ രാഷ്ട്രീയമഹത് വ്യക്തികൾ ആയി ഞാൻ കാണുന്നു അവരെ…..
. അന്ന് കേരളം നെഞ്ചേറ്റിയ അവരെ ആരു മറന്നാലും ഞാൻ മറക്കില്ല…
കാരണം അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന PKVസാറിന്റെ കൈയിൽ നിന്നും കടയനിക്കാട് നടന്നൊരു ചടങ്ങിൽ ഒരു പൂച്ചെണ്ടും 100 രൂപയുടെ ക്യാഷ് അവാർഡും തോളത്തൊരു തട്ടും നേടിയ അഭിമാനചരിത്രം എനിക്കും ഉണ്ട് ഓർമ്മകളിൽ ഓമനിക്കാൻ, SSLCയ്ക് താലൂക്കിൽ നേടിയ കൂടിയ മാർക്കിന്..

Uthaman Kunnini
PGയും PKVയും വിസ്മയങ്ങളാ. അഴിമതി രഹിതരാ, ലാളിത്യം ഉള്ളവരാ.അവർ അവിഭക്ത കമ്യൂ പാർട്ടിയിലെ തീപ്പൊരി നേതാക്കളായിരുന്നു.
പുല്ലുവഴിയിലെ കാപ്പുള്ളി തറവാട്ടിലേക്ക് അവർ ഒന്നിച്ച് പോയിട്ടുള്ളത്, PKV മന്ത്രിയും MPയും MLAയും ഒക്കെ ആകുന്നതിനു മുമ്പാണ്.
അന്നത്തെ അതിസമ്പന്ന തറവാടായിരുന്ന കാപ്പുള്ളിയിൽ ചെന്നാൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടുമായിരുന്നു. അതേ, PGയുടെ സ്വന്തം വീട്. PG യുടെ സ്വന്തം സഹോദരി ലക്ഷ്മിക്കുട്ടി പിന്നീട് PKV യുടെ ഭാര്യയായി.
മുഖ്യമന്ത്രിയായതിനു ശേഷം അവരൊരുമിച്ചു പെരുമ്പാവൂരിലേക്ക് പോയതൊക്കെ അപൂർവ്വമാണ്. കാരണം കിടങ്ങൂരുകാരൻ PKV, പുല്ലുവഴിക്കാരനാകുകയും പുല്ലുവഴിക്കാരൻ PG തിരുവനന്തപുരക്കാരൻ ആകുകയും ചെയ്തിരുന്നു.അവരെപ്പറ്റി, അവരുടെ മഹത്ത്വത്തെപ്പറ്റി എത്ര പറഞ്ഞാലും അധികമാകില്ല.

Radhakrishnan KP