പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും. |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

സി പി എം സെമിനാറിൽ സ്ത്രീകളെ പങ്കെടുപ്പിച്ചില്ല: ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ സി പി എമ്മിനുളളൂ; ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി സി പി എം തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു.

ഏകീകൃത പൗരനിയമത്തിനെതിരെ മാർക്സിസ്റ്റ്പാർട്ടി ഇന്നലെ സെമിനാർ നടത്തി. നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചു. എന്നാൽ, ആ നിയമത്തിന്റെ ഗുണഭോക്താക്കളും മതനിയമത്തിന്റെ ഇരകളുമായ സ്ത്രീകളെ ആരെയും അതിൽ പങ്കെടുപ്പിച്ചില്ല. പൊതുവേദിയിൽ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ക്ഷണിച്ചിരുത്തിയാൽ ഇസ്ലാമിക മതമൗലികവാദികൾക്കു ഇഷ്ടമാകില്ല എന്ന് കരുതിയാണ് പാർട്ടി അങ്ങനെ ചെയ്തത്. ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ ഇപ്പോൾ പാർട്ടിക്കുള്ളു.

രാഷ്ട്രമാണ് പൗരനിയമം നിർമ്മിക്കുന്നത്. വ്യക്തിനിയമമാകെട്ടെ സമൂഹമാണ് നിശ്ചയിക്കുന്നത്. രാഷ്ട്രത്തിനു ഭുമിശാസ്ത്രപരമായ അതിർ വരമ്പുകളുണ്ട്, ഭരണ ഘടനയുണ്ട്, അതനുസരിച്ചുള്ള നിയമ വ്യവസ്ഥയുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് പൗരനിയമങ്ങൾ രൂപീകരിക്കപ്പെടുന്നത്. മനുഷ്യസമൂഹമാകെട്ടെ, മതം, ജാതി, ഭാഷ, ഗോത്രം ഈ ഘടകങ്ങൾ ഒറ്റയ്ക്കോ ഒരുമിച്ചു ചേർന്നോ രൂപം കൊള്ളുന്ന സംവിധാനവുമാണ്. അത് പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും എല്ലാം അതിന്റെ ഭാഗമായി വരും.

ഒരേഒരു പ്രവാചകനും, ഒരേഒരു മതഗ്രന്ഥവും അതുപ്രകാരമുള്ള ജീവിതരീതിയും ഒരു മതസമൂഹത്തെ നിശ്ചയിക്കും. ആ സമൂഹത്തിൽപ്പെട്ട എല്ലാ വ്യക്തികൾക്കും ആ നിയമം ബാധകവുമാണ്. ഒരു മത സമൂഹത്തിലെ വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നത് മതസംഹിതയായതുകൊണ്ട് ഇന്ത്യയിലെ മുസ്ലീമും ആഫ്രിക്കയിലെ മുസ്ലീമും ഒരേ വ്യക്തിനിയമം പിന്തുടരുകയും ചെയ്യും. ഒരു മതരാഷ്ട്രമല്ലെങ്കിൽ, ഇവരുടെ പൗരനിയമങ്ങൾ രണ്ടും രണ്ടാവുകയുമില്ല.

ഈ കാര്യങ്ങൾ ആമുഖമായി സൂചിപ്പിച്ചത്, ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു എന്നതുകൊണ്ടാണ്.

പൗരനെ രാഷ്ട്രനിയമം നിർവ്വചിക്കുമ്പോൾ വ്യക്തിയെ നിശ്ചയിക്കുന്നത് സാമൂഹിക നിയമവുമാണ്. രണ്ടും രണ്ടു കാര്യങ്ങളായതുകൊണ്ടു ഇവയെ ഒന്നായി കരുതുന്ന കാഴ്ചപ്പാട് ശരിയല്ല. രാഷ്ട്രം സിവിൽ/ക്രിമിനൽ രൂപത്തിൽ പൗരനിയമങ്ങൾ രൂപീകരിക്കുന്നു.

ഈ നിയമങ്ങളെ ലംഘക്കുന്നതാണ് കുറ്റകൃത്യം. ഭരണഘടനാനുസൃതമായി നിർമ്മിക്കുന്ന നിയമമാണ് കുറ്റവും ശിക്ഷയും നിശ്ചയിക്കുന്നത്. കുറ്റത്തിന്റെ സ്വഭാവമാണ് ശിക്ഷയുടെ സ്വഭാവം നിശ്ചയിക്കുന്നത്.

കൊലപാതകം ഏതു മതസ്ഥർ നടത്തിയാലും ശിക്ഷ സമാനമായിരിക്കും. കുറ്റവാളിയുടെ മതം പരിഗണിക്കില്ല.നീതി നിർവഹണം വിവേചന രഹിതമായി നടപ്പാക്കണമെങ്കിൽ ഇതല്ലാതെ മറ്റു മാർഗങ്ങളില്ല. ക്രിമിനൽ നിയമലംഘനങ്ങളുടെ കാര്യത്തിൽ തർക്കം ഉന്നയിക്കപ്പെടുന്നില്ല എങ്കിലും സിവിൽ നിയമങ്ങളുടെ കാര്യത്തിൽ മതാടിസ്ഥാനത്തിൽ തർക്കം ഉന്നയിക്കപ്പെടുന്നുണ്ട്.

സമത്വം എന്ന ആശയം നടപ്പിലാക്കാൻ സിവിൽ നിയമത്തിനും ഏകീകൃത വ്യവസ്ഥ വേണം എന്നാണ് ജനാധിപത്യ സമ്പ്രദായത്തിന്റെ രീതി. അതുകൊണ്ട്, വിവാഹം, വിവാഹ മോചനം, സ്വത്ത് ഭാഗംവെയ്ക്കൽ എന്നിവയിൽ എല്ലാം ഏകീകൃത നിയമം വേണം എന്നാണ് ഏകികൃത പൗരനിയമം കൊണ്ട് അർത്ഥമാക്കുന്നത്. ഈ കാര്യങ്ങളിൽ എല്ലാം മതനിയമം അനുസരിച്ചു വേണം തീരുമാനങ്ങൾ എടുക്കേണ്ടത് എന്നാണ് ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നവർ പറയുന്നത്. ഇവരുടെ വാദം ന്യായമാണോ എന്നാണ് ചിന്തിക്കേണ്ടത്. അതായതു, രാഷ്ട്രനിയമങ്ങളല്ല മതനിയമങ്ങളാണ് നല്ലത് എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത് .

മത-സാമൂഹിക നിയമത്തിന്റെ ഏറ്റവും വലിയ അനീതി അത് പുരുഷ കേന്ദ്രീകൃതമാണ് എന്നതാണ്. ഒരു പുരുഷന് ഒരേസമയം നാല് സ്ത്രീകളെ വിവാഹത്തിലൂടെ ഭാര്യമാരായി സൂക്ഷിക്കാം എന്നാണ് ഇസ്ലാം മതം പറയുന്നത്. എന്നാൽ, ഒരു സ്ത്രീക്കും ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരെ സ്വീകരിക്കാൻ പാടില്ല എന്നും പറയുന്നു.

ഒരു സ്ത്രീ ഒന്നിൽ കൂടുതൽ പുരുഷന്മാരെ ഒരേ സമയം സ്വീകരിക്കുന്നത് വ്യഭിചാരമായും വിധിക്കുന്നു. മരണമാണ് വ്യഭചാരത്തിനുള്ള കുറഞ്ഞ ശിക്ഷ. ഒരേ കൃത്യത്തിനു സ്ത്രീക്ക് വധശിക്ഷയും പുരുഷന് ബഹുമതിയും നൽകുന്ന ഈ നിയമം വിവേചനപരമാണെന്നും അതുകൊണ്ട് ഒന്നുകിൽ രണ്ടുപേരെയും ശിക്ഷിക്കുക അല്ലെങ്കിൽ രണ്ടുപേരെയും അംഗീകരിക്കുക എന്നതല്ലേ ശരി എന്ന് ചോദിക്കുന്നതാണ് യുക്തിസഹമായ കാര്യം. രണ്ടും കുറ്റകൃത്യമാണ് എന്ന് ഇന്ത്യൻ ശിക്ഷാനിയമവും പറയുന്നു. അത് അംഗീകരിക്കാൻ പറ്റില്ല എന്നും അവർ പറയുന്നു.

ഒരു പുരുഷന് നാലു പേരെ ഒരേസമയം ഭാര്യമാരാക്കി സൂക്ഷിക്കാം എന്നല്ലാതെ എത്രപേരെ ഉപേക്ഷിക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടു എത്രപേരെ ഉപേക്ഷിച്ചാലും ഒരു മുസ്ലീമിന് ഒരേ സമയം നാല് ഭാര്യമാരിൽ കൂടരുത് എന്ന് മാത്രമാണ് വിലക്കുള്ളത്. ഒറ്റ ശ്വാസത്തിൽ മുത്തലാഖ് ചൊല്ലിയാൽ വിവാഹമോചനവുമായി. അങ്ങിനെ ചെയ്യുമ്പോൾ ഉപേക്ഷിക്കപെട്ട ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ജീവനാംശവും നൽകേണ്ടതില്ല എന്നും മതം പറയുന്നു. ഇത് അനീതിയാണ് എന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതി വിധിക്കെതിരെ നിയമം നിർമ്മിക്കണം എന്ന് വാദിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോൾ ഏകികൃത സിവിൽ നിയമത്തെ എതിർക്കുന്നത്.

പൈതൃകസ്വത്ത് ഭാഗം ചെയ്യുമ്പോഴും സ്ത്രീകൾക്ക് എതിരെ വിവേചനം ഉണ്ട്. ഒരു പിതാവിന്റെ സ്വത്തിൽ പെൺ മക്കളെക്കാൾ കൂടുതൽ അവകാശം പിതൃ സഹോദരന്മാർക്ക് നൽകണം എന്ന് ഇസ്ലാം മതം നിഷ്കർഷിക്കുന്നു. സ്വത്തു ഭാഗം ചെയ്യുമ്പോൾ ആൺമക്കളും പെൺ മക്കളും തമ്മിലുള്ള വേർതിരിവ് ഇന്നും നിലനിൽക്കുന്നു. ഇതിൽ നിന്നും തങ്ങളുടെ പെൺ മക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഡോ. ഷീന ഷുക്കൂറും (മുൻ പി വി സി, എം ജി സർവകലാശാല ) ഷുക്കൂറും (അഭിഭാഷകനും സിനിമ നടനും) ഈയിടെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത് വാർത്തയായിരുന്നു.

പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News